വരുന്നു ഇന്ത്യ-യു.എ.ഇ ഫുഡ് കോറിഡോര്‍ പദ്ധതി, ആദ്യഘട്ടത്തില്‍ ₹17,000 കോടി നിക്ഷേപം, വെള്ളി ഇറക്കുമതിയില്‍ വന്‍ കുതിപ്പ്

ലോജിസ്റ്റിക്‌സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, മാനുഫാക്ചറിംഗ് മേഖലകളില്‍ 100 ബില്യന്‍ ഡോളറിന്റെ യു.എ.ഇ നിക്ഷേപം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി

Update:2024-10-08 13:28 IST

image credit : canva 

ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും (യു.എ.ഇ) തമ്മില്‍ ഫുഡ് കോറിഡോര്‍ പദ്ധതിക്ക് രൂപം നല്‍കിയതായി കേന്ദ്രവ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍. ആദ്യഘട്ടത്തില്‍ 2 ബില്യന്‍ ഡോളര്‍ (ഏകദേശം 17,000 കോടി രൂപ) നിക്ഷേപമുണ്ടാകുമെന്ന് കരുതുന്ന പദ്ധതി കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ഇന്ത്യ-യു.എ.ഇ ഹൈ ലെവല്‍ ടാസ്‌ക് ഫോഴ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റിന് ശേഷമാണ് പ്രഖ്യാപിച്ചത്. കര്‍ഷകരുടെ സഹായത്തോടെ ഇന്ത്യയിലെ ഫുഡ് പ്രോസസിംഗ് കമ്പനികളില്‍ നിര്‍മിക്കുന്ന ഉയര്‍ന്ന ഗുണമേന്‍മയുള്ള ഉത്പന്നങ്ങള്‍ യു.എ.ഇയില്‍ വില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗോയല്‍ പറഞ്ഞു. അടുത്ത 2-2.5 വര്‍ഷങ്ങള്‍ക്കുള്ളില്‍ പദ്ധതി പ്രകാരമുള്ള നിക്ഷേപമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. യു.എ.ഇയ്ക്ക് പുറത്തുള്ള വിപണി കൂടി ലക്ഷ്യമിട്ടും ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനം ഉറപ്പാക്കിയും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ ഘട്ടത്തില്‍ 17,000 കോടി രൂപ നിക്ഷേപം

ലോജിസ്റ്റിക്‌സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, മാനുഫാക്ചറിംഗ് മേഖലകളില്‍ 100 ബില്യന്‍ ഡോളറിന്റെ യു.എ.ഇ നിക്ഷേപം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ ഫുഡ് പ്രോസസിംഗ്, ലോജിസ്റ്റിക്‌സ് മേഖലകളില്‍ ആദ്യഘട്ടമായി 2 ബില്യന്‍ ഡോളറിന്റെ നിക്ഷേപം നടത്തും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും യു.എ.ഇയും ചേര്‍ന്നുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും. യു.എ.ഇയ്ക്ക് പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും പദ്ധതി ഉപകരിക്കുമെന്നാണ് പ്രതീക്ഷ. ഇരുരാജ്യങ്ങളും ഓഗസ്റ്റില്‍ ഒപ്പുവച്ച ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ( Bilateral investment treaty -BIT) പ്രാവർത്തികമാകുന്നതോടെ യു.എ.ഇയുടെ നിക്ഷേപം ഇനിയും വര്‍ധിക്കുമെന്നാണ് കരുതുന്നത്.

ഇന്ത്യയിലെ നിക്ഷേപം കൂട്ടാന്‍ ദുബായില്‍ ഓഫീസ്

ഇരുരാജ്യങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഓഫീസ് തുടങ്ങാനും ഈ കരാര്‍ വഴി സാധിക്കും. ദുബായില്‍ ഇന്‍വെസ്റ്റ് ഇന്ത്യയുടെ ഓഫീസ് തുടങ്ങാന്‍ സൗജന്യമായി ഭൂമി അനുവദിക്കാമെന്ന് യു.എ.ഇ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതുവഴി നിക്ഷേപം, വ്യാപാരം, സാങ്കേതിക വിദ്യ എന്നിവ വളര്‍ത്താന്‍ കഴിയും. ഇതിന് പകരമായി ന്യൂഡല്‍ഹിയില്‍ യു.എ.ഇയ്ക്ക് ഓഫീസ് തുടങ്ങാന്‍ സ്ഥലം അനുവദിക്കും. ഈ ഓഫീസുകള്‍ നിക്ഷേപ നടപടികള്‍ ലഘൂകരിക്കുന്നതിനും അനുമതികള്‍ക്കുള്ള ഏകജാലക സംവിധാനമായും പ്രവര്‍ത്തിക്കും. ഇതിന് പുറമെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് (ഐ.ഐ.എഫ്.ടി) വിദേശത്തെ ആദ്യ ക്യാമ്പസ് യു.എ.ഇയില്‍ സ്ഥാപിക്കും. ദുബായ് എക്‌സ്‌പോയുടെ പഴയ പവലിയനിലാകും ക്യാമ്പസ് പ്രവര്‍ത്തിക്കുക. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി)യുടെ ക്യാമ്പസ് തുടങ്ങിയതിന് പിന്നാലെയാണിത്.

വിദേശ നിക്ഷേപകരുടെ തര്‍ക്കപരിഹാര സമയവും കുറച്ചു

വിദേശ നിക്ഷേപകര്‍ക്ക് തര്‍ക്ക പരിഹാരത്തിന് അന്താരാഷ്ട്ര സഹായം തേടുന്നതിനുള്ള സമയപരിധി അഞ്ച് വര്‍ഷത്തില്‍ നിന്നും മൂന്ന് വര്‍ഷമായും കുറച്ചു. ഇരുരാജ്യങ്ങളും ഒപ്പുവച്ച ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയുടെ ഭാഗമായാണ് നടപടി. ഇതനുസരിച്ച് ഇന്‍വെസ്റ്റര്‍-സ്റ്റേറ്റ് ഡിസ്പ്യൂട്ട് സെറ്റില്‍മെന്റ് (ഐ.എസ്.ഡി.എസ്) സംവിധാനം പരാതികള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കിയില്ലെങ്കില്‍ വിദേശ നിക്ഷേപകര്‍ക്ക് അന്താരാഷ്ട്ര തര്‍ക്ക പരിഹാര വേദികളെ സമീപിക്കാവുന്നതാണ്.

വെള്ളി ഇറക്കുമതി തീരുവ കുറയ്ക്കും

യു.എ.ഇയില്‍ നിന്നും വെള്ളി ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച ചര്‍ച്ചകളും പുരോഗമിക്കുകയാണ്. അടുത്ത് തന്നെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ സംഘം യു.എ.ഇയിലെത്തും. 2022ല്‍ ഇന്ത്യയും യു.എ.ഇയും ഒപ്പുവച്ച കോംപ്രഹന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്റ് (സി.ഇ.പി.എ) പ്രകാരം ഇന്ത്യയിലേക്കുള്ള വെള്ളി ഇറക്കുമതി തീരുവ 8 ശതമാനമാണ്. അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ വെള്ളിയുടെ ഇറക്കുമതി തീരുവ പൂജ്യമാക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്. നേരത്തെ 29 മില്യന്‍ ഡോളറിന്റെ വെള്ളിയാണ് യു.എ.ഇയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നത്. എന്നാലിത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1.74 ബില്യന്‍ ഡോളറായി, 5,853 ശതമാനത്തിന്റെ വര്‍ധന.
Tags:    

Similar News