ദുബൈയില്‍ നിന്ന് ഗിഫ്റ്റ് സിറ്റി വഴി കണ്ണഞ്ചിപ്പിക്കുന്ന വെള്ളി ഇറക്കുമതി; കാരണമെന്ത്?
ഒരു വര്‍ഷം 45,000 കോടി രൂപയുടെ വെള്ളി ഇറക്കുമതി
യു.എ.ഇയില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ഇറക്കുമതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായ വര്‍ധനവ് അമ്പരപ്പിക്കുന്നതാണ് -210 ശതമാനം. 1,070 കോടി ഡോളറിന്റെ ഇറക്കുമതിയാണ് കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള ഒരു വര്‍ഷത്തിനിടയില്‍ നടന്നത്. വെള്ളി ഇറക്കുമതി 540 കോടി ഡോളറിൻ്റേതാണ് (45,000 കോടി രൂപ).
അഹമ്മദാബാദിലെ ഗിഫ്റ്റ് സിറ്റി വഴിയാണ് ഈ ഇറക്കുമതിയില്‍ അധികവും നടക്കുന്നത്. ഇതാകട്ടെ, ഗിഫ്റ്റ് സിറ്റിയുടെ പ്രവര്‍ത്തനത്തെ ചുറ്റിപ്പറ്റി ഒരുകൂട്ടം സംശയങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ഇന്ത്യയിലേക്കുള്ള വെള്ളി ഇറക്കുമതിക്ക് ചുരുക്കം ചില സ്വകാര്യ ഏജന്‍സികളാണ് ചുക്കാന്‍ പിടിക്കുന്നത്. ഗിഫ്റ്റ് സിറ്റി വഴിയാണ് ദുബൈയില്‍ നിന്നുള്ള വെള്ളി പ്രധാനമായും ഇന്ത്യയില്‍ എത്തുന്നത്. വലിയ വരുമാന നഷ്ടം ഇതുവഴി ഖജനാവിന് ഉണ്ടാകുന്നു എന്നതും ശ്രദ്ധേയം.
കയറ്റിറക്കുമതി സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് വ്യാപാര ഗവേഷണ സംഘടന ഈയിടെയാണ് ആവശ്യപ്പെട്ടത്. വെള്ളിയുടെ കാര്യത്തിലുള്ള 'ഒത്തുകളി' വൈകാതെ സ്വര്‍ണം, പ്ലാറ്റിനം, വജ്രം തുടങ്ങിയവയിലേക്കും വ്യാപിച്ചേക്കാമെന്നും ആശങ്ക ഉയരുന്നുണ്ട്. വിപണിയിലെ നിലവിലുള്ള പ്രവര്‍ത്തന രീതിയേയും പരമ്പരാഗത ഇറക്കുമതി രീതികളെയും ഇത് അട്ടിമറിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
87 ശതമാനം വെള്ളിയും ദുബൈ-ഗിഫ്റ്റ് സിറ്റി വഴി
കഴിഞ്ഞ മേയ് മാസത്തില്‍ ഇന്ത്യയിലേക്കുള്ള ആഗോള വെള്ളി ഇറക്കുമതിയില്‍ 87 ശതമാനവും ദുബൈ-ഗിഫ്റ്റ് സിറ്റി വഴിയാണ് നടന്നത്. ചുരുങ്ങിയ തീരുവ (8 ശതമാനം)ക്കാണ് ഗിഫ്റ്റ് സിറ്റിയില്‍ ഈ ഇറക്കുമതിക്ക് അംഗീകാരം ലഭിച്ചത്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി മിക്കവാറും ഉപേക്ഷിച്ച മട്ടാണ്.
യു.എ.ഇയില്‍ നിന്നുള്ള വെള്ളി ചില ബാങ്കുകള്‍ മറ്റു ചില കേന്ദ്രങ്ങള്‍ വഴി ഇറക്കുമതി ചെയ്യാന്‍ നടത്തിയ ശ്രമത്തിന് പല വിധത്തില്‍ നേരത്തെ കുരുക്കു വീണിരുന്നു. ഇന്ത്യ-യു.എ.ഇ സ്വതന്ത്ര വ്യാപാര ഉടമ്പടി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ട കാര്യം ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് ഒരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഗിഫ്റ്റ് സിറ്റി വഴിയാകുമ്പോള്‍ ഈ ചട്ടങ്ങള്‍ എങ്ങനെ പാലിക്കപ്പെടുന്നു എന്നാണ് ചോദ്യമുയരുന്നത്.
വെള്ളിക്ക് ഇറക്കുമതി തീരുവ 15 ശതമാനം; ഗിഫ്റ്റ് സിറ്റിയില്‍ പൂജ്യം
വെള്ളിക്ക് 15 ശതമാനം ഇറക്കുമതി തീരുവയാണ് ഇന്ത്യ ചുമത്തുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും വിദേശവ്യാപാര ഡയറക്ടറേറ്റ് ജനറലും (ഡി.ജി.എഫ്.ടി) നാമനിര്‍ദേശം ചെയ്ത സ്ഥാപനങ്ങള്‍ക്കു മാത്രമാണ് ഇറക്കുമതിക്ക് അനുവാദം. എന്നാല്‍ ഗിഫ്റ്റ് സിറ്റിയില്‍ ഈ സ്ഥാപനങ്ങള്‍ മാത്രമല്ല വെള്ളി കൊണ്ടുവരുന്നത്. മറ്റിടങ്ങളില്‍ കസ്റ്റംസ് വിഭാഗം ഉയര്‍ത്തുന്ന തടസവാദങ്ങള്‍ ഇവിടെ ഉണ്ടാകുന്നുമില്ല.
2022ല്‍ ഒപ്പുവെച്ച ഇന്ത്യ-യു.എ.ഇ വിശാല സാമ്പത്തിക പങ്കാളിത്ത കരാറില്‍ വെള്ളിക്ക് അടുത്ത 10 വര്‍ഷത്തേക്ക് ഇറക്കുമതി തീരുവ ഇല്ല. ദുബൈയിലെ കയറ്റുമതിക്കാര്‍ 'റൂള്‍സ് ഓഫ് ഒറിജിന്‍' ചട്ടങ്ങള്‍ പാലിക്കണമെന്നു മാത്രം. ഇനിയും എട്ടു വര്‍ഷം കൂടി വെള്ളി ഇറക്കുമതി തീരുവ രഹിതമായിരിക്കേ, വെള്ളിയുടെ ഇറക്കുമതി മുഴുവന്‍ യു.എ.ഇ വഴിയാകാനാണ് സാധ്യതയെന്ന് നിരീക്ഷകര്‍ കരുതുന്നു. ഇതുവഴി 6,700 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് കണക്ക്.
എന്താണ് ഗിഫ്റ്റ് സിറ്റി?
ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക് സിറ്റി അഥവാ, ഗിഫ്റ്റ് സിറ്റിയില്‍ ധനകാര്യ സ്ഥാപനങ്ങള്‍, ഫണ്ട് മാനേജ്‌മെന്റ് കോര്‍പറേഷനുകള്‍, വിമാന ലീസിങ് കമ്പനികള്‍, ഓഹരി വിപണികള്‍ എന്നിവയുടെയെല്ലാം സാന്നിധ്യമുണ്ട്. ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ധനകാര്യ സേവന കേന്ദ്രമെന്ന നിലയില്‍ 2015ലാണ് ഗിഫ്റ്റ് സിറ്റി പ്രവര്‍ത്തന സജ്ജമായത്. 200ഓളം കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനും വിവിധ ബാങ്കുകള്‍ക്കും ഇവിടെ ഓഫീസുണ്ട്. 5,000ഓളം പാര്‍പ്പിട സൗകര്യവുമുണ്ട്.