കാനഡയില്‍ മലയാളികളും 'നാടുകടത്തല്‍' ഭീഷണിയില്‍; ട്രൂഡോയുടെ യുടേണിന് പിന്നില്‍ തദ്ദേശ രോഷം
പലരും ലോണെടുത്ത് കാനഡയിലേക്ക് പോയത് വിദ്യാഭ്യാസത്തിന് ശേഷം അവിടെ തന്നെ ജോലിയില്‍ കയറുകയെന്ന ലക്ഷ്യത്തോടെയായിരുന്നു
ഫെഡറല്‍ ഇമിഗ്രേഷന്‍ പോളിസിയില്‍ മാറ്റം വന്നതിന് പിന്നാലെ കാനഡയില്‍ മലയാളികളടക്കം 70,000ത്തോളം വിദേശ വിദ്യാര്‍ത്ഥികള്‍ പുറത്താക്കല്‍ ഭീഷണിയില്‍. ലക്ഷങ്ങള്‍ കടമെടുത്ത് കാനഡയിലെത്തിയ പലരും പാര്‍ട്ട്‌ടൈം ജോലി ചെയ്ത് കടംവീട്ടാമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ കുടിയേറ്റത്തിനെതിരേ രാജ്യത്ത് പ്രതിഷേധം ശക്തമായതോടെ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ കുടിയേറ്റ നയം കര്‍ശനമാക്കുകയായിരുന്നു.
പ്രതിഷേധം കനക്കുന്നു
പഠനശേഷം പുറന്തള്ളപ്പെടുമെന്ന അവസ്ഥ വന്നതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. ഒണ്‍ടാറിയോ, മാനിട്ടോബ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ പ്രതിഷേധം അരങ്ങേറുന്നുണ്ട്. പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് പ്രവിശ്യയിലെ നിയമനിര്‍മാണ സഭയ്ക്ക് മുന്നില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയിരുന്നു.
സ്ഥിര താമസ അപേക്ഷകളില്‍ കുറവ് വരുത്താനും വര്‍ക്ക് പെര്‍മിറ്റ് പരിമിതപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വര്‍ക്ക് പെര്‍മിറ്റ് അവസാനിക്കുന്നതോടെ മലയാളികളടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് കാനഡ വിട്ടു പോകേണ്ടിവരും. പലരും ലോണെടുത്ത് കാനഡയിലേക്ക് പോയത് വിദ്യാഭ്യാസത്തിന് ശേഷം അവിടെ തന്നെ ജോലിയില്‍ കയറുകയെന്ന ലക്ഷ്യത്തോടെയായിരുന്നു.
കാനഡയിലേക്ക് കുടിയേറുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ നിലവാരമില്ലാത്ത കോഴ്‌സുകള്‍ പഠിക്കാനുമായി മറ്റും എത്തിയിരുന്നു. സര്‍ക്കാരിന് ഇതെല്ലാം അറിയാമായിരുന്നുവെങ്കിലും വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണടച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്.
തിരഞ്ഞെടുപ്പും കാരണം
കുടിയേറ്റ അനുകൂല നയം പിന്തുടര്‍ന്നിരുന്ന ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രിയായതിനു ശേഷമാണ് കാനഡയിലേക്ക് വിദേശികളുടെ ഒഴുക്ക് വ്യാപകമായത്. തുടക്കത്തില്‍ തദ്ദേശീയര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചെങ്കിലും തൊഴിലില്ലായ്മയും വീടുകളുടെ വാടക ഉയരുകയും ചെയ്തതോടെ ഇവര്‍ ഇടഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് ട്രൂഡോ സര്‍ക്കാര്‍ ഇപ്പോള്‍ നയമാറ്റവുമായി മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സര്‍വേകളില്‍ ട്രൂഡോ പിന്നിലാണ്.
കാനഡയില്‍ 28 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. രാജ്യത്ത് താല്‍ക്കാലിക താമസിക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ നീക്കം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.