ആഹാ... എന്താ സ്വാദ്! ടേസ്റ്റില്‍ ഹിറ്റായി ഇന്ത്യയുടെ സ്വന്തം റസ് മലായ്!

ലോകത്തെ 'ടോപ്പ് 10 മികച്ച ചീസ് ഡിസേര്‍ട്ട്' പട്ടികയില്‍ രണ്ടാം സ്ഥാനത്ത് 'റസ് മലായ്'

Update:2024-03-18 12:28 IST

Image courtesy: canva

ലോകപ്രശസ്ത ഭക്ഷ്യ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ 'ടോപ്പ് 10 മികച്ച ചീസ് ഡെസേര്‍ട്ട്' പട്ടികയില്‍ ഇന്ത്യയുടെ ഡിസേര്‍ട്ടായ 'റസ് മലായ്' (ras malai) രണ്ടാം സ്ഥാനത്ത്. കുങ്കുമപ്പൂവ് കലര്‍ന്ന പാല്‍ സിറപ്പായ റാബ്‌റിയില്‍ കുതിര്‍ത്തെടുത്ത ചീസ് ഡംപ്ലിംഗുകളുള്ള ഈ പലഹാരം പശ്ചിമ ബംഗാളിന്റെ സ്വന്തം രുചിയാണ്. 

ആഘോഷവേളകളിലെ താരം

പനീര്‍ തയാറാക്കാനായി ഒരു ലിറ്റര്‍ പാല്‍ നന്നായി തിളപ്പിക്കുക. നാരങ്ങനീരിനൊപ്പം അല്‍പം വെള്ളവും ചേര്‍ത്ത് ലയിപ്പിച്ച ശേഷം തിളക്കുന്ന പാലിലേക്ക് കുറച്ചായി ചേര്‍ത്ത് ഇളക്കുക. വെള്ളവും പനീറും വെവ്വേറെ ആയതിനുശേഷം ഒരു കോട്ടണ്‍തുണിയിലേക്ക് അരിച്ചു മാറ്റിയ ശേഷം പനീര്‍ ഉപയോഗിച്ച് ഉരുളകള്‍ തയാറാക്കണം. ഇനി ഒരു പാത്രത്തില്‍ ആറു കപ്പ് വെള്ളത്തില്‍ ഒരു കപ്പ് പഞ്ചസാര ഏലക്കപ്പൊടിയും ചേര്‍ത്ത് തിളപ്പിക്കുക. ശേഷം ഉരുട്ടിയെടുത്ത പനീര്‍ ഇഡലിയുടെ ആകൃതി കിട്ടുന്ന രീതിയില്‍ ചെറുതായി പ്രസ് ചെയ്‌തെടുക്കുക. പിന്നീടിത് നേരത്തേ തയ്യാറാക്കിയ തിളപ്പിച്ച പഞ്ചസാര ലായനിയിലിട്ട് അടച്ചുവെച്ച് വേവിക്കുക.

ഏകദേശം 15-20 മിനിറ്റ് കൊണ്ട് ഉരുളകള്‍ വെന്തുവരുമ്പോള്‍ ഇവ അരിപ്പ ഉപയോഗിച്ച് മാറ്റിവെക്കുക. റാബ്‌റി സിറപ്പ് തയാറാക്കാനായി ഒരു ലിറ്റര്‍ പാല്‍ തിളപ്പിച്ച് കുറുക്കി അര ലിറ്റര്‍ ആക്കിയെടുക്കുക. ഇതിലേക്ക് അര കപ്പ് പഞ്ചസാരയും അര ടീസ്പൂണ്‍ ഏലക്കപ്പൊടിയും ഒരു നുള്ളു കുങ്കുമപ്പൂവും നുറുക്കിയ ബദാമും ചേര്‍ക്കുക. ആദ്യം തയാറാക്കിവെച്ച ഉരുളകള്‍ ഓരോന്നും പതിയെ അമര്‍ത്തി വെള്ളം കളഞ്ഞ് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം റാബ്‌റി മീതെ ഒഴിക്കുക. ബദാം, പിസ്ത ഇവകൊണ്ട് അലങ്കരിച്ചു വിളമ്പാം. ഹോളി, ദുര്‍ഗ്ഗാ പൂജ, അല്ലെങ്കില്‍ ദീപാവലി തുടങ്ങിയ ആഘോഷവേളകളിലാണ് റസ് മലായ് കൂടുതലായും ഉണ്ടാക്കാറുള്ളത്. ടേസ്റ്റ് അറ്റ്ലസ് പ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച റസ് മലായ് മുംബൈയിലെ ഫാര്‍സി കഫേയില്‍ ലഭിക്കും.

പട്ടികയിലെ മറ്റ് വിഭവങ്ങള്‍

പോളണ്ടിലെ 'സെര്‍നിക്' ആണ് 'ടോപ്പ് 10 മികച്ച ചീസ് ഡെസേര്‍ട്ട്' പട്ടികയില്‍ ഒന്നാമന്‍. ത്വരോഗ് എന്ന പ്രത്യേക തരം തൈരിന്റെ ചീസ്, മുട്ട, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച പലഹാരമാണിത്. ഗ്രീസിലെ സ്ഫാക്കിയാനോപിറ്റയാണ് മൂന്നാം സ്ഥാനം നേടിയത്. തേനും കറുവപ്പട്ടയും ചേര്‍ത്ത് വിളമ്പുന്ന ക്രീമി ലോക്കല്‍ ചീസ് നിറച്ച പൈ വിഭവമാണിത്. ന്യൂയോര്‍ക്ക് സ്‌റ്റൈല്‍ ചീസ് കേക്ക് (യു.എസ്), ജാപ്പനീസ് ചീസ് കേക്ക് (ജപ്പാന്‍), ബാസ്‌ക് ചീസ് കേക്ക് (സ്‌പെയിന്‍), റാക്കോസി ടൂറോസ് (ഹംഗറി), മെലോപിറ്റ (ഗ്രീസ്), കസെകുചെന്‍ (ജര്‍മ്മനി), മിസ റെസി (ചെക്ക് റിപ്പബ്ലിക്) എന്നിവയാണ് 'ടോപ്പ് 10 മികച്ച ചീസ് ഡിസേര്‍ട്ട്' പട്ടികയില്‍ ആദ്യ 10ല്‍ ഇടം നേടിയ മറ്റ് ചീസ് ഡിസേര്‍ട്ടുകള്‍.

Tags:    

Similar News