നിര്‍മിത ബുദ്ധി ഐ.ടി മേഖലയിലെ പണി കളയുമോ? ഇന്‍ഫോസിസ് സി.ഇ.ഒയുടെ മറുപടി ഇങ്ങനെ

എ.ഐ ഉപയോഗിച്ച് ബിസിനസ് എങ്ങനെ വളര്‍ത്താമെന്ന് ആളുകള്‍ മനസിലാക്കി തുടങ്ങിയെന്നും പരേഖ്

Update:2024-08-26 12:23 IST

image credit : canva and infosys

നിര്‍മിത ബുദ്ധി (Artificial Intelligence AI) പോലുള്ള പുതിയ സാങ്കേതിക വിദ്യയുടെ വളർച്ച മൂലം ആരെയും പിരിച്ചുവിടേണ്ടി വരില്ലെന്ന്  ഇന്‍ഫോസിസ് സി.ഇ.ഒ സലില്‍ പരേഖ്. ജനറേറ്റീവ് എ.ഐ കൊണ്ടുള്ള ഉപയോഗം മനസിലാക്കിയ ഉപയോക്താക്കള്‍ നിര്‍മിത ബുദ്ധിയില്‍  വലിയ താത്പര്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കമ്പനിക്ക് 32,000 കോടി രൂപ ജി.എസ്.ടി നോട്ടീസ് ലഭിച്ച സംഭവത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിജിറ്റല്‍, ക്ലൗഡ് സാങ്കേതികവിദ്യയെ സ്വീകരിച്ചത് പോലെ ജനറേറ്റീവ് എ.ഐയും ആളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബിസിനസ് സ്ഥാപനങ്ങളും വ്യവസായികളും നിര്‍മിത ബുദ്ധി കൊണ്ടുള്ള പ്രയോജനം മനസിലാക്കുമ്പോള്‍ കൂടുതലായി എ.ഐ ഉപയോഗിക്കാന്‍ തുടങ്ങും. ഐ.ടി മേഖലയിലെ മറ്റ് കമ്പനികളെപ്പോലെ ഇന്‍ഫോസിസും നിര്‍മിത ബുദ്ധിയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയിലെ 2.5 ലക്ഷം ജീവനക്കാര്‍ക്ക് എ.ഐ പരിശീലനം നല്‍കിയതായി കുറച്ച് കാലം മുമ്പ് ഇന്‍ഫോസിസ് അറിയിച്ചിരുന്നു. വിവിധ കമ്പനികള്‍ക്ക് വേണ്ടി 225 ജനറേറ്റീവ് എ.ഐ പ്രോഗ്രാമുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ് നിലവില്‍ ഇന്‍ഫോസിസ്.

ആളെ പിരിച്ചുവിടേണ്ടി വരില്ല

അതേസമയം, ജനറേറ്റീവ് എ.ഐ മൂലം കമ്പനിയില്‍ നിന്നും ആളുകളെ പിരിച്ചുവിടേണ്ടി വരുമെന്ന് കരുതുന്നില്ലെന്നും പരേഖ് പറഞ്ഞു. ജനറേറ്റീവ് എ.ഐ പുതിയ വരുമാന മാര്‍ഗങ്ങളും സാധ്യതകളും തുറന്നിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബിസിനസ് കൂടുതല്‍ വളരുകയാണ്. അതുകൊണ്ട് പുതിയ കാലത്തെ സാങ്കേതിക വിദ്യകള്‍ കാരണം ആളുകളെ പിരിച്ചുവിടേണ്ടി വരുമെന്ന് കരുതുന്നില്ല. മറിച്ച് കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയാണ് ഇന്‍ഫോസിസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ മികച്ച വളര്‍ച്ചയാണ് കമ്പനി നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    

Similar News