സ്റ്റുഡന്റ് വിസ ഇന്ത്യയെ ബാധിച്ച രോഗമാണോ? കൗമാരം വിദേശത്തേക്ക് പറക്കുമ്പോഴത്തെ ചില നേര്‍ക്കാഴ്ചകള്‍
കുടിയേറ്റത്തില്‍ മത്‌സരം മുറുകുന്നു, ജീവിത വിജയം വെട്ടിപ്പിടിക്കാനുള്ള അവസരം കുറയുന്നു
''നിങ്ങള് കേട്ടോ?''
സതീദേവി ടീച്ചര്‍, റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് രാമചന്ദ്ര മേനോനോട് ചോദിച്ചു.
''എന്ത്?'' മേനോന്‍ മുഖമുയര്‍ത്തി.
''നമ്മുടെ പള്ളിപ്പുറത്തെ രാഘവന്റെ മോന്‍ കാനഡയില്‍ കാറ് കഴുകാണത്രെ?''
ടീച്ചറുടെ മുഖത്തെ ആശ്ചര്യം കണ്ട് മേനോന് ചിരി വന്നു.
''അതിനെന്താ, കുട്ടികള്‍ അധ്വാനിച്ച് പഠിക്കട്ടെ.''
''അപ്പൊ പഠിപ്പോ?''
''അതൊക്കെ, അതിന്റെ വഴിക്ക് നടക്കും.''
കൗമാര പ്രായത്തില്‍ വിദൂര രാജ്യങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി കുടിയേറുന്ന പുതിയ തലമുറ, പ്രായം ചെന്ന മലയാളിക്ക് മുന്നില്‍ വലിയൊരു ചോദ്യമായി മാറുകയാണ്. പ്രായം ചെന്നവര്‍ കണ്ടതല്ല പുതിയ കാലത്തെ കുടിയേറ്റം. യുവത്വം പടിയിറങ്ങി തുടങ്ങുമ്പോള്‍ നാട്ടില്‍ നല്ല ജോലി കിട്ടാതെ, ജീവിത സ്വപ്നങ്ങള്‍ സ്വന്തമാക്കാനുള്ള വരുമാനമില്ലാതെ വിദേശത്ത് ജോലി തേടിപോയിരുന്ന തലമുറയല്ല ഇന്നുള്ളത്. പ്ലസ് ടു കഴിഞ്ഞാല്‍ യു.കെ.യിലേക്കും കാനഡയിലേക്കും കണ്ണെറിയുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും. അവര്‍ സ്വന്തം വഴികള്‍ തെരഞ്ഞെടുക്കുകയാണ്. ഒരു ആവേശം പോലെ ആ യാത്രകള്‍ അവരെ പിടികൂടുന്നു. ഭാവിയെ കുറിച്ച് അവര്‍ കോര്‍ത്തെടുക്കുന്നത് ഡോളറിന്റെ തിളക്കമുള്ള സ്വപ്നങ്ങളാണ്. അപരിചിതമായ സ്ഥലങ്ങളില്‍ അവരെ കാത്തിരിക്കുന്നത് എന്താണ്? ശോഭനമായ ഭാവിയോ? അതോ, പരാജയത്തിന്റെ പടുകുഴികളോ?
കുടിയേറ്റം ഒരു മല്‍സരം കൂടിയാണ്. കുറെ പേര്‍ ഒരേ ലക്ഷ്യത്തിലേക്ക് ഓടുന്നു. ചിലര്‍ ഏറ്റവും മുന്നിലെത്തുന്നു. ചിലര്‍ പുറകിലാകുന്നു. മറ്റു ചിലര്‍ ഓട്ടം പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ തളരുന്നു, പിന്‍വാങ്ങുന്നു. അവിടെ ശക്തരുടെ മല്‍സരമാണ് നടക്കുന്നത്. ബുദ്ധിക്കും ശരീരത്തിനും ശക്തിയുള്ളവര്‍ കഠിന പരിശ്രമങ്ങളിലൂടെ മുന്നിലെത്തുന്നു. പതിയെ നേട്ടങ്ങളുടെ പടവുകള്‍ കയറി സ്വപ്നങ്ങളെ കൈപ്പിടിയിലൊതുക്കുന്നു. മുമ്പ് തൊഴില്‍ വിസകളിലൂടെയാണ് മലയാളികള്‍ അതിര്‍ത്തി കടന്നതെങ്കില്‍ ഇന്ന് സ്റ്റുഡന്റ് വിസയാണ് ട്രെന്റ്. യു.കെയും കാനഡയും യുറോപ്യന്‍ രാജ്യങ്ങളും ഇത് പ്രോല്‍സാഹിപ്പിച്ചതോടെ കേരളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുത്തൊഴുക്ക് തുടങ്ങി. ഇതിന്റെ വിപണി സാധ്യത തിരിച്ചറിഞ്ഞ് വിദേശ രാജ്യങ്ങളിലും കേരളത്തിലുമുള്ള ഏജന്റുമാര്‍ സജീവമായി. ബാങ്കുകള്‍ പുതിയൊരു വായ്പാ മേഖല കണ്ടെത്തി. വീടും പറമ്പും ഈടായി നല്‍കി, വിദ്യാഭ്യാസ വായ്പയെടുത്ത് മാതാപിതാക്കള്‍ മക്കളെ വിദേശത്തേക്ക് വിദ്യാഭ്യാസത്തിനായി അയക്കുന്നു.
ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ 20 ശതമാനം മലയാളികള്‍
ഇന്ത്യയില്‍ നിന്ന് വിദേശ പഠനത്തിന് പോകുന്ന വിദ്യാര്‍ഥികളില്‍ ഏതാണ്ട് 20 ശതമാനം മലയാളികളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 13 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് സ്റ്റുഡന്റ് വിസയില്‍ പോയത്. ഇതില്‍ രണ്ടര ലക്ഷം പേര്‍ മലയാളികളാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2019 ല്‍ 30,948 മലയാളി വിദ്യാര്‍ഥികളാണ് പഠനത്തിനായി വിദേശത്ത് പോയത്. നാലു വര്‍ഷം കൊണ്ടുണ്ടായ വര്‍ധന ഏറെ വലുതാണ്. വിദ്യാര്‍ത്ഥി കുടിയേറ്റത്തില്‍ കേരളത്തില്‍ ഒന്നാം സ്ഥാനം എറണാകുളത്തിനാണ്. തൃശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കോട്ടയം മൂന്നാമതും. ഏറ്റവും കുറവ് വയനാട്ടില്‍ നിന്നാണ്. എറണാകുളം ജില്ലയില്‍ നിന്ന് 43,990 പേര്‍ വിദേശ രാജ്യങ്ങളിലെ പഠത്തിനായി പോയെന്നാണ് 2023 ല്‍ പ്രമുഖ കുടിയേറ്റ ഗവേഷകനായ പ്രൊഫ. എസ്.ഇരുദയരാജന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം- 4,887, കൊല്ലം- 21,607, പത്തനംതിട്ട- 10,466, ആലപ്പുഴ- 14,217, കോട്ടയം- 35,382, ഇടുക്കി- 6,946, എറണാകുളം- 43,990, തൃശൂര്‍- 35,873, പാലക്കാട്- 13,692, മലപ്പുറം-15,310, കോഴിക്കോട്- 15,980, വയനാട്- 3,570, കണ്ണൂര്‍- 23,512, കാസര്‍കോഡ്-4,391. എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി കുടിയേറ്റത്തിന്റെ കണക്ക്. വിദേശ പഠനത്തിനായി പോകുന്നവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഏതാണ്ട് ഒപ്പമാണ്. 54.4 ശതമാനമാണ് ആണ്‍കുട്ടികള്‍. പെണ്‍കുട്ടികള്‍ 45.6 ശതമാനമുണ്ട്. പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നത് ഏറെ ആശങ്കയോടെ നോക്കി കാണേണ്ടതുണ്ട്. ഇവരില്‍ ഏറെ പേരും പഠനത്തിന് ശേഷം വിദേശ രാജ്യങ്ങളില്‍ തന്നെ താമസമാക്കിയാല്‍ വരും കാലങ്ങളില്‍ കേരളത്തിന്റെ ജനസംഖ്യാ സമവാക്യങ്ങളെ തന്നെ അത് മാറ്റിമറിക്കുമെന്ന ആശങ്കകള്‍ ഉയരുന്നുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടുതലായി പോകുന്നത് യു.കെ.യിലേക്കാണ്. രണ്ടാം സ്ഥാനത്താണ് കാനഡ. ഗള്‍ഫ് രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ഓസ്ട്രേലിയ, ന്യൂസിലാന്റ്, അമേരിക്ക തുടങ്ങിയവയാണ് പട്ടികയില്‍ പിന്നീട് വരുന്നത്.
സ്ത്രീ കുടിയേറ്റത്തില്‍ വര്‍ധന
മലയാളികളായ സ്ത്രീകളുടെ കുടിയേറ്റത്തില്‍ വരുന്ന മാറ്റവും ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഗള്‍ഫ് നാടുകളിലും പാശ്ചാത്യ രാജ്യങ്ങളിലും മലയാളി സ്ത്രീകളുടെ സാന്നിധ്യം വര്‍ധിക്കുന്നു. ഗള്‍ഫില്‍ കുടുംബത്തോടൊപ്പം പോയവരും ജോലിക്കായി പോയവരുമുണ്ട്. അമേരിക്കയിലും യു.കെയിലും തൊഴില്‍ വിസയില്‍ പോയ സ്ത്രീകളാണ് ഏറെയും. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളില്‍ കൂടുതലും പുരുഷന്‍മാരാണ്. ആഗോള കുടിയേറ്റക്കാരില്‍ ഗള്‍ഫിലുള്ള പുരുഷന്‍മാര്‍ 85.4 ശതമാനവും ഗള്‍ഫ് ഇതര രാജ്യങ്ങളില്‍ 14.6 ശതമാനവുമാണ്. അതേസമയം, സ്ത്രീകള്‍ ഗള്‍ഫിനൊപ്പം ഇതര രാജ്യങ്ങളിലേക്കും കൂടുതലായി കുടിയേറുന്നു. മൊത്തം പ്രവാസി സ്ത്രീകളില്‍ 59.5 ശതമാനം ഗള്‍ഫ് രാജ്യങ്ങളിലും 40.5 ശതമാനം ഗള്‍ഫ് ഇതര രാജ്യങ്ങളിലുമാണ്. സ്ത്രീകളായ പ്രവാസികള്‍ കൂടുതലുള്ളത് യു.എ.ഇയിലാണ്. 31.6 ശതമാനം. രണ്ടാം സ്ഥാനത്തുള്ളത് യു.കെ (14.7 ശതമാനം). സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, യുറോപ്പ്, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളും സ്ത്രീ പ്രവാസികളുടെ പട്ടികയില്‍ മുന്‍ നിരയിലുണ്ട്.
അര നൂറ്റാണ്ട് പിന്നിട്ട ഗള്‍ഫ് കുടിയേറ്റം പൊതുവില്‍ പിന്‍വലിയല്‍ ഘട്ടത്തിലാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇപ്പോള്‍ മലയാളികള്‍ കൂടുതലായി പോകുന്നത് ബ്രിട്ടനിലേക്കും യൂറോപ്പിലേക്കുമാണെന്നാണ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്റ് ഡവലപ്മെന്റിന്റെ 2023 ലെ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബ്രിട്ടന്‍, യൂറോപ്പ് തുടങ്ങിയ ഗള്‍ഫ് ഇതര മേഖലകളിലേക്കുള്ള കുടിയേറ്റം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒമ്പത് ശതമാനം വര്‍ധിച്ചു. 2018 ല്‍ പ്രവാസി മലയാളികളില്‍ 10.8 ശതമാനം പേരാണ് ഗള്‍ഫ് ഇതര രാജ്യങ്ങളിലുണ്ടായിരുന്നത്. ഇപ്പോള്‍ അത് 19.5 ശതമാനമായാണ് വര്‍ധിച്ചിട്ടുള്ളത്. 2013 ന് ശേഷം ഈ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തില്‍ വര്‍ധനവാണ് കണ്ടു വരുന്നത്. അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒമ്പത് ശതമാനത്തോളം കുറവുമുണ്ടായി. 2003 ന് ശേഷം ഗള്‍ഫ് കുടിയേറ്റത്തില്‍ കാര്യമായ വര്‍ധവനുണ്ടാവുന്നില്ല.. 80.5 ശതമാനം പേരാണ് ഗള്‍ഫ് രാജ്യങ്ങളിലുുള്ളത്. മൊത്തം പ്രവാസികളുടെ 38.6 ശതമാനം പേര്‍ താമസിക്കുന്ന യു.എ.ഇയാണ് കുടിയേറ്റത്തില്‍ മുന്നിലുള്ളത്. രണ്ടാം സ്ഥാനം സൗദി അറേബ്യക്കാണ്. 16.9 ശതമാനം. ഖത്തര്‍ (9.1), ഒമാന്‍ (6.4), കുവൈത്ത് (5.8), ബഹ്റൈന്‍ (3.7) എന്നിങ്ങനെയാണ് മറ്റു ജി.സി.സി രാജ്യങ്ങളിലെ മലയാളികളുടെ ശതമാനക്കണക്ക്.
ഗള്‍ഫ് ഇതര രാജ്യങ്ങളില്‍ കൂടുതല്‍ മലയാളികള്‍ കുടിയേറ്റത്തിനായി തെരഞ്ഞെടുക്കുന്നത് ബ്രിട്ടനാണ്. മൊത്തം പ്രവാസികളില്‍ ആറു ശതമാനം പേര്‍ ഇവിടെയാണുള്ളത്. കുവൈത്ത്, ബഹറൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലുള്ളതിനേക്കാള്‍ പ്രവാസി മലയാളികള്‍ ബ്രിട്ടനിലുണ്ട്. മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളിലായി 3.1 ശതമാനം പേരാണുള്ളത്. കാനഡ (2.5), അമേരിക്ക (2.1), ഓസ്ട്രേലിയ (1.5) എന്നിങ്ങനെയാണ് പട്ടികയില്‍ മുന്നിലുള്ള രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ സാന്നിധ്യം. ന്യൂസിലാന്റ്, റഷ്യ, മലേഷ്യ, ദക്ഷിണാഫ്രിക്ക, സിംഗപ്പൂര്‍, ഇസ്രായേല്‍, ചൈന, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളില്‍ ആകെ കുടിയേറ്റത്തിന്റെ ഒരു ശതമാനത്തില്‍ താഴെ വീതമാണുള്ളത്.
കടുക്കുന്ന മല്‍സരം, കുറയുന്ന അവസരങ്ങള്‍
മെച്ചപ്പെട്ട വിദ്യാഭ്യാസം, വരുമാനം, സാമൂഹ്യ സുരക്ഷ, കൂടുതല്‍ ജീവിത സ്വാതന്ത്ര്യം എന്നിവ മുന്നില്‍ കണ്ടാണ് യുവതലമുറ സ്റ്റുഡന്റ് വിസയില്‍ വിദേശത്തേക്ക് കുടിയേറുന്നത്. കോവിഡ് കാലത്തിന് മുമ്പ് സ്റ്റുഡന്റ് വിസയില്‍ വിവിധ രാജ്യങ്ങളില്‍ എത്തിയവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായിരുന്നു. അവസരങ്ങള്‍ അവര്‍ക്ക് മുന്നില്‍ തുറന്നു കിടന്നു. യു.കെയിലെയും കാനഡയിലെയും യൂണിവേഴ്സിറ്റികളില്‍ മികച്ച പഠനത്തോടൊപ്പം മാന്യമായ ജോലിയിലൂടെ വരുമാനവും ലഭിച്ചു. കോവിഡിനെ തുടര്‍ന്ന് ജോലി സമയങ്ങളിലുണ്ടായിരുന്ന നിയന്ത്രണം പല രാജ്യങ്ങളും എടുത്തു കളഞ്ഞതോടെ അവര്‍ക്ക് വരുമാനവും കൂടി. എന്നാല്‍ സ്റ്റുഡന്റ് വിസയില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ അവസരങ്ങള്‍ കുറഞ്ഞു. കിടമല്‍സരം കൂടി. ഇതോടെ പല രാജ്യങ്ങളും ജോലി സമയം കുറച്ചു. ഇത് വരുമാനം കുറയാനും കാരണമായി. മാത്രമല്ല, മെച്ചപ്പെട്ട ജോലികളിലേക്ക് വിദ്യാര്‍ഥികളെ നിയമിക്കാതായി. യു.കെയില്‍ കെയര്‍ വിഭാഗത്തിലാണ് ഇപ്പോള്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും പാര്‍ട് ടൈം ജോലി ചെയ്യേണ്ടി വരുന്നത്. യു.കെ.സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന മേഖലയാണിത്. അതേ സമയം, ബ്രിട്ടീഷ് പൗരന്‍മാര്‍ തൊഴിലെടുക്കാന്‍ താല്‍പര്യപ്പെടാത്ത മേഖലയും. കേരളത്തില്‍ നിന്ന് ബിരുദാനന്തരബിരുദം വരെ പൂര്‍ത്തിയാക്കി യു.കെ.യില്‍ സ്റ്റുഡന്റ് വിസയില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്കും കെയര്‍ ഹോമുകളിലായിരിക്കും പാര്‍ട് ടൈം ജോലി. യോഗ്യതക്കനുസരിച്ച് മെച്ചപ്പെട്ട ജോലി കിട്ടാന്‍ ഏറെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നു. റസ്റ്റോറന്റുകള്‍, ഡെലിവറി ജോലികള്‍, പെട്രോള്‍ ബങ്കുകള്‍, പാക്കേജിംഗ് വ്യവസായം തുടങ്ങി വിവിധ സ്ഥലങ്ങളിലാണ് വിദ്യാര്‍ഥികള്‍ പാര്‍ട് ടൈം ജോലി ചെയ്ത് വരുമാനമുണ്ടാക്കുന്നത്. നിലവില്‍ യു.കെയില്‍ ആഴ്ചയില്‍ 20 മണിക്കൂര്‍ വരെയാണ് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള ജോലി സമയം. മണിക്കൂറിന് 12 പൗണ്ടാണ് ശമ്പളം. പഠനത്തിന് ശേഷം രണ്ട് വര്‍ഷം പോസ്റ്റ് സ്റ്റഡി വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും. ഈ വിഭാഗത്തില്‍ കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യാന്‍ അനുമതിയുണ്ട്. പിന്നീട് ഏതെങ്കിലും കമ്പനികളില്‍ വര്‍ക്ക് വിസ ലഭിക്കുന്നതോടെയാണ് അംഗീകൃത ജീവക്കാരനായി മാറുന്നത്.
ചെലവേറുന്ന ജീവിതം
കുടിയേറുന്നവരുടെ എണ്ണം കൂടിയതോടെ വിദേശ രാജ്യങ്ങളിലെല്ലാം വിദ്യാര്‍ഥികള്‍ക്കുള്ള ഫീസുകള്‍ കൂട്ടി. ചൂഷണവും വര്‍ധിച്ചു. താമസത്തിനും ഭക്ഷണത്തിനുമുള്ള ചെലവുകള്‍ വര്‍ധിച്ചത് വിദ്യാര്‍ഥികളുടെ നാട്ടിലുള്ള കുടുംബങ്ങളുടെ താളം തെറ്റിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പ് വരെ കാനഡയിലേക്ക് പോകാനുള്ള സ്റ്റുഡന്റ് വിസക്ക് 25 ലക്ഷം രൂപയോളമാണ് ചെലവ് വന്നിരുന്നത്. ഇന്ന് അത് 40 ലക്ഷം വരെയായി. അവിടെ ചെലവുകള്‍ വര്‍ധിച്ചതും വിസക്ക് ഡിമാന്റ് വര്‍ധിക്കുന്നതിനനുസരിച്ച് ഏജന്റുമാര്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതുമൊക്കെ കാരണമാണ്. കാനഡയില്‍ ഒരു വിദ്യാര്‍ഥിയുടെ താമസത്തിനായി രണ്ട് വര്‍ഷം മുമ്പ് കെട്ടിവെക്കേണ്ടിയിരുന്നത് 6 ലക്ഷം രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 12 ലക്ഷം രൂപയാക്കിയെന്ന് മകനെ കാനഡയില്‍ പഠനത്തിനയച്ച എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശി രാജീവന്‍ പറയുന്നു. കോവിഡിന് പിന്നാലെ പാര്‍ട് ടൈം ജോലി സമയം 20 മണിക്കൂര്‍ ഉണ്ടായിരുന്നത് 12 മണിക്കൂര്‍ ആക്കി കുറച്ചു. ഇത് മൂലം വിദ്യാര്‍ഥികള്‍ക്ക് വരുമാനം കുറഞ്ഞു. ബാങ്ക് വായ്പ അടച്ചു തുടങ്ങാന്‍ കോഴ്സ് പൂര്‍ത്തിയാകുന്നതു വരെ സമയമുള്ളതിനാല്‍ രക്ഷിതാക്കള്‍ കാത്തിരിക്കുകയാണെന്നും രാജീവന്‍ പറഞ്ഞു.
യു.കെ യില്‍ പൊതുവില്‍ ജീവിത ചെലവുകള്‍ വര്‍ധിക്കുകയാണെന്ന് ലണ്ടനില്‍ ഏറെ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയും എഴുത്തുകാരനുമായ ശിഹാബ് വൈപ്പിപ്പാടത്ത് പറയുന്നു. താമസം, ഭക്ഷണം തുടങ്ങി എല്ലാ മേഖലകളിലും ചെലവുകള്‍ കൂടുന്നു. തൊഴില്‍ വിസയില്‍ എത്തുന്നവര്‍ക്ക് യു.കെയില്‍ ജീവിതം സുരക്ഷിതമാണ്. നിയമപരമായി ഓവര്‍ടൈം കൂടി ചെയ്യുന്നവര്‍ക്ക് വരുമാനം കൂട്ടാനാകും. അതേസമയം, സ്റ്റുഡന്റ് വിസയില്‍ എത്തുന്നവര്‍ക്ക് ഏറെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. തുടക്കത്തില്‍ അവര്‍ക്ക് ഒട്ടേറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ട് -ശിഹാബ് ധനം ഓണ്‍ലൈനോട് പറഞ്ഞു.
മക്കളെ കുറിച്ചുള്ള സുന്ദര സ്വപ്നങ്ങള്‍
കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും ഒട്ടേറെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ളപ്പോള്‍ കൗമാര പ്രായക്കാര്‍ വിദേശ പഠനം തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്? അവരെ വിദേശത്തേക്ക് അയക്കാനുള്ള തീരുമാനത്തിന് പിന്നിലെ സ്വാധീനം ആരുടേതാണ്? പൂര്‍ണമായും രക്ഷിതാക്കളുടേതല്ല. മറ്റു പല ഘടകങ്ങളും ഇതിനെ സ്വാധീനിക്കുന്നു. റിക്രൂട്ടിംഗ് കമ്പനികളുടെ പരസ്യങ്ങള്‍, പ്ലസ് ടു, കോളേജ് വിദ്യാര്‍ഥികള്‍ക്കായി വിവിധ ഏജന്‍സികള്‍ നടത്തുന്ന ശില്‍പ്പശാലകള്‍, കൂട്ടുകാരില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന അവ്യക്തമായ വിവരങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. മക്കളുടെ നിര്‍ബന്ധം കൂടിയാകുമ്പോള്‍ വിസക്കുള്ള പണം കണ്ടെത്താന്‍ രക്ഷിതാക്കള്‍ ശ്രമം തുടങ്ങുന്നു. മക്കള്‍ നല്ല നിലയില്‍ എത്തിക്കാണണമെന്ന ശരാശരി രക്ഷിതാക്കളുടെ ആഗ്രഹമാണ് ഇത്തരം യാത്രകള്‍ക്ക് തുടക്കമിടുന്നത്. ഒട്ടേറെ പ്രമുഖ യൂണിവേഴ്‌സിറ്റികള്‍ ഉയര്‍ന്ന സ്‌കോളര്‍ഷിപ്പോടെ ചെലവില്ലാതെ പഠനത്തിന് സൗകര്യമൊരുക്കുന്നുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്തുന്നവര്‍ കേരളത്തില്‍ വിരളമാണ്.
സ്റ്റുഡന്റ് വിസയില്‍ പോകുന്നവര്‍ക്ക് പഠിക്കുമ്പോള്‍ തന്നെ വരുമാനം വരുമെന്ന് പ്രതീക്ഷിക്കാറുണ്ടെങ്കിലും പലപ്പോഴും അത് സംഭവിക്കണമെന്നില്ല. മക്കളുടെ ചെലവുകള്‍ക്കായി പിന്നെയും രക്ഷിതാക്കള്‍ പണം അയച്ചു കൊടുക്കേണ്ടി വരും. പഠനം കഴിഞ്ഞാല്‍ പോസ്റ്റ് സ്റ്റഡി പെര്‍മിറ്റിനും വിദേശ രാജ്യങ്ങളില്‍ ഉയര്‍ന്ന ഫീസുണ്ട്. അതിനും പണം കണ്ടെത്തേണ്ടി വരും. അപ്പോഴും അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ മക്കള്‍ മറ്റൊരു രാജ്യത്ത് മെച്ചപ്പെട്ട ജീവിതം തുടങ്ങുമെന്ന സുന്ദര സ്വപ്നമാണ് അവരുടെ മനസിലുള്ളത്.
സ്റ്റുഡന്റ് വിസ വ്യാപകമായതോടെ വിസ തട്ടിപ്പുകളും വര്‍ധിക്കുന്നു. യൂണിവേഴ്സിറ്റി കോഴ്സിനൊപ്പം പാര്‍ട് ടൈം ജോലി ചെയ്യാനുള്ള സ്ഥാപനത്തിന്റെ പേരും ഉള്‍പ്പെടുന്ന വിസകള്‍ ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തരം വിസകളില്‍ അവിടെ എത്തുമ്പോള്‍ കബളിപ്പിക്കപ്പെടുന്ന അവസ്ഥകളുണ്ട്. വിദ്യാര്‍ഥികളെ കൊണ്ട് ഓവര്‍ടൈം എന്ന പേരില്‍ നിയമം ലംഘിച്ച് അമിത ജോലി ചെയ്യിക്കുന്ന സംഭവങ്ങളും വിദേശ രാജ്യങ്ങളിലെ മലയാളി സാമൂഹ്യ പ്രവര്‍ത്തകരുടെ മുന്നിലെത്തുന്നുണ്ട്. വര്‍ക്ക് പെര്‍മിറ്റുകള്‍ക്കായി വന്‍തുക ഈടാക്കുന്ന കമ്പനികളും പുതിയ സാഹചര്യങ്ങളെ മുതലെടുക്കുന്നു.
വഴി മാറുന്ന നിക്ഷേപം
കുടിയേറ്റത്തിന്റെ ഗതി ഗള്‍ഫില്‍ നിന്ന് പാശ്ചാത്യ രാജ്യങ്ങളിലേക്ക് മാറുന്നത് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കടുത്ത സാമ്പത്തിക വെല്ലിവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസികളുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് സ്വന്തം രാജ്യത്തേക്ക് എത്തുന്നുണ്ട്. കേരളത്തിന്റെ വരുമാന സ്രോതസില്‍ പ്രധാനം ഇതാണ്. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് പുറത്തേക്ക് പണമയക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏറെയുള്ളത് കേരളത്തിനും വെല്ലിവിളിയാണ്. മാത്രമല്ല, വിദ്യാഭ്യാസത്തിനായി കേരളത്തില്‍ നിക്ഷേപിക്കപ്പെടേണ്ട പണമാണ് വിവിധ വിദേശ രാജ്യങ്ങളിലേക്ക് ഒഴുകുന്നത്. 2019-20 ല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കന്‍ സമ്പദ്ഘടനക്ക് നല്‍കിയത് 760 കോടി ഡോളറാണെന്നാണ് കണക്ക്. ഈ നില തുടര്‍ന്നാല്‍ കേരളത്തിലെ ബാങ്കുകളിലെ പണം വിദേശത്തെത്തുകയും പിന്നീട് അതേ രീതിയില്‍ തിരിച്ചെത്താതിരിക്കുകയും ചെയ്യാം. ബാങ്ക് വായ്പ അടക്കാന്‍ രക്ഷിതാക്കളുടെ പണം ഉപയോഗിക്കേണ്ടി വരുമ്പോള്‍ സംഭവിക്കുന്നത് ഇതായിരിക്കും. 18 നും 25 നും ഇടയില്‍ പ്രായമുള്ളവരുടെ വിദേശ കുടിയേറ്റം ഇന്ത്യയെ തന്നെ ബാധിച്ച രോഗമാണെന്ന വിലയിരുത്തലുകള്‍ വരെ വന്നു കഴിഞ്ഞു.
നാട്ടില്‍ കഴിഞ്ഞാല്‍ തൊഴില്‍ രഹിതരുടെ പട്ടികയില്‍. പുറത്തേക്ക് പോയാല്‍ സെക്കന്‍ഡറി ജോലികളുടെ പരിമിതികളില്‍. ജന്മനാടു വിട്ടു പുതിയ ഇടങ്ങളിലേക്ക് ചേക്കേറുന്നവരുടെ പൊതുസ്ഥിതി ഇതാണ്. പ്രവാസം എന്നും വെല്ലുവിളികളുടേതാണ്. ആ വെല്ലുവിളികള്‍ക്കൊപ്പം അനിശ്ചിതത്വവും വര്‍ധിക്കുന്ന സാഹചര്യങ്ങള്‍ക്കു മുന്നിലാണ് പുറത്തേക്ക് പറക്കുന്നവര്‍. ഭാവി കൊണ്ടൊരു ചൂതാട്ടം; ഇവിടെയായാലും അവിടെയായാലും യുവതലമുറയും രക്ഷിതാക്കളും നടത്തുന്നത് അതു തന്നെ.