വമ്പന്മാരുടെ കടന്നുകയറ്റം, ഓണ്‍ലൈന്‍ ഓഫറുകളുടെ പെരുമഴ; സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രതിസന്ധിയുടെ നടുക്കടലില്‍

മുമ്പ് നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഓണ്‍ലൈന്‍ വമ്പന്മാരുടെ പ്രവര്‍ത്തനമെങ്കില്‍ ഇപ്പോള്‍ തീരെ ചെറിയ ഗ്രാമങ്ങളിലേക്ക് പോലും അവര്‍ കടന്നെത്തിയിരിക്കുന്നു.

Update:2024-10-21 11:02 IST

Image: Canva

കേരളത്തിലെ ചെറുതും വലുതുമായ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വലിയൊരു നാല്‍ക്കവലയിലാണ്. വന്‍കിട ബ്രാന്‍ഡുകളുടെ കടന്നുവരവും ഓണ്‍ലൈന്‍ വമ്പന്മാരുടെ ഓഫര്‍ യുദ്ധവും അതിജീവനത്തിന്റെ ചെറുതുരുത്തിലേക്ക് സൂപ്പര്‍മാര്‍ക്കറ്റ് ഉടമകളെ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്. ഓരോ ദിവസവും ശക്തമായ മല്‍സരം നേടിരുന്ന മേഖലയായി സംസ്ഥാനത്തെ സൂപ്പര്‍ മാര്‍ക്കറ്റ് രംഗം മാറിയിരിക്കുന്നു.

മാള്‍ സംസ്‌കാര വഴിയെ

സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിപ്പുകാരെ സംബന്ധിച്ച് ഏറ്റവും വലിയ മല്‍സരം നേരിടേണ്ടി വരുന്നത് വന്‍കിട മാളുകളില്‍ നിന്നാണ്. മുമ്പ് വന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മാളുകള്‍ പൊന്തിവന്നിരുന്നത്. എന്നാലിപ്പോള്‍ കഥമാറി, ചെറുകിട പട്ടണങ്ങളിലേക്കും മാളുകള്‍ വരുന്നു. വലിയ ഓഫറുകള്‍ നല്‍കി ഉപയോക്താക്കളെ അവര്‍ ആകര്‍ഷിക്കുന്നു. ചെറിയ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയിരുന്നവര്‍ പോലും മാളുകളിലേക്ക് വാങ്ങല്‍ മാറ്റി. ഇത്തരം മാളുകള്‍ പലതിലും പുറത്ത് നല്‍കുന്ന നിരക്കില്‍ തന്നെയാണ് സാധനങ്ങള്‍ വില്‍ക്കുന്നതെങ്കിലും ഷോപ്പിംഗ് സംസ്‌കാരത്തിലുണ്ടായ മാറ്റം ഉപയോക്താക്കളെ ആകര്‍ഷിക്കുന്നു.

ഉയര്‍ന്ന വാടക, ചെലവുകള്‍

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഭൂരിഭാഗവും വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ മുറിവാടകയില്‍ 30-40 ശതമാനം വര്‍ധനയുണ്ടായതായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഇതിനൊപ്പം വൈദ്യുത ചാര്‍ജ്, അനുബന്ധ ചെലവുകള്‍ എല്ലാം ഉയര്‍ന്നു. എന്നാല്‍ ഇതിന് ആനുപാതികമായി കച്ചവടം ഉയരുന്നതുമില്ല.
ശരാശരി 10 ജീവനക്കാരെങ്കിലും ഒരു ഇടത്തരം സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കാരായി ഉണ്ടാകും. ഇവരുടെ ശമ്പളത്തിനും ആനുകൂല്യത്തിനും തന്നെ മാസം നല്ലൊരു തുകയാകും. വന്‍കിട മാളുകള്‍ വന്നതോടെ ഇതിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം കച്ചവടം നന്നേ കുറഞ്ഞു. കോവിഡിനുശേഷം ഇടത്തരം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പലതും ജീവനക്കാരെ കുറച്ചാണ് മുന്നോട്ടു പോകുന്നത്. എന്നിട്ടും പോലും പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്.
കോവിഡിനുശേഷം വിദേശത്തു നിന്ന് നാട്ടിലേക്ക് താമസം മാറ്റിയ നിരവധിപേര്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ചിരുന്നു. വലിയ ലാഭസാധ്യത മുന്നില്‍ കണ്ട് തുടങ്ങിയ ഇത്തരം ഷോപ്പുകളില്‍ പലതിനും താഴുവീണു കഴിഞ്ഞു. അത്രത്തോളം വലിയ പ്രതിസന്ധിയാണ് ഈ മേഖലയെ ബാധിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ വമ്പന്മാരുടെ കടന്നുവരവ്

ബിഗ്ബാസ്‌കറ്റ്, ബ്ലിങ്കിറ്റ്, റിലയന്‍സ് തുടങ്ങി വന്‍കിട ഓണ്‍ലൈന്‍ കമ്പനികളെല്ലാം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. വലിയ ഓഫറുകളിലൂടെ ഇവര്‍ എത്തുമ്പോള്‍ നഷ്ടപ്പെടുന്നത് സൂപ്പര്‍മാര്‍ക്കറ്റുകളുടെ പരമ്പരാഗത ഉപയോക്താക്കളെയാണ്. ചെറിയ ലാഭമെടുത്ത് കൂടുതല്‍ വില്പന നടത്തി നേട്ടം കൊയ്യുകയെന്നതാണ് ഇത്തരം കമ്പനികളുടെ പോളിസി.
മുമ്പ് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഓണ്‍ലൈന്‍ വമ്പന്മാരുടെ പ്രവര്‍ത്തനമെങ്കില്‍ ഇപ്പോള്‍ തീരെ ചെറിയ ഗ്രാമങ്ങളിലേക്ക് പോലും അവര്‍ കടന്നെത്തി. ചെറുകിട കച്ചവടക്കാരുടെ നട്ടെല്ലൊടിച്ച ഓണ്‍ലൈന്‍ കടന്നുകയറ്റം ഇപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
കേരളത്തിലെ ഓണ്‍ലൈന്‍ വ്യാപാരം 2014 ല്‍ ഒരു ശതമാനത്തില്‍ താഴെ ആയിരുന്നു. ഇന്നിത് 25 ശതമാനത്തിന് മുകളിലാണ്. ഈ കടന്നുകയറ്റവും സുപ്പര്‍ മാര്‍ക്കറ്റ് മേഖലക്ക് വെല്ലുവിളിയാണ്. പല സൂപ്പര്‍മാര്‍ക്കറ്റുകളും ഓണ്‍ലൈന്‍ ഡെലിവറി തുടങ്ങിയെങ്കിലും അനുബന്ധ ചെലവുകള്‍ ഉയര്‍ന്നത് തിരിച്ചടിയായി.

മാര്‍ജിന്‍ പ്രതിസന്ധി

1996 ല്‍ പുനര്‍ നിര്‍ണ്ണയം നടത്തിയ 8% -10 % മാര്‍ജിനുകളാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ പോലുള്ള നാഷണല്‍ ലീഡിങ്ങ് കമ്പനികള്‍ റിട്ടേയില്‍ മാര്‍ജിനുകളായി നല്‍ക്കുന്നത്. എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇന്നു നടത്തുന്നതിന് 12 ശതമാനം തൊട്ട് 14 ശതമാനം വരെയാണ് ചിലവ്. ഇടയ്ക്കിടെ ഉത്പന്നങ്ങള്‍ക്ക് വിലകൂട്ടുന്ന ഇത്തരം കമ്പനികള്‍ പക്ഷേ ഇതിനനുസരിച്ച് മാര്‍ജിന്‍ നല്‍കാന്‍ തയാറാകുന്നതുമില്ല.
സൂപ്പര്‍ മാര്‍ക്കറ്റ് മേഖലയുമായി ബന്ധപ്പെട്ട് കഴിയുന്നവരുടെ എണ്ണം അഞ്ചുലക്ഷത്തിന് അടുത്തു വരുമെന്നാണ് കണക്ക്. ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളെയും ചേര്‍ത്തുള്ള സഖ്യയാണിത്. സര്‍ക്കാര്‍ തലത്തില്‍ വേണ്ടത്ര സഹകരണമില്ലാത്തതും മേഖലയ്ക്ക് തിരിച്ചടിയാണെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിപ്പുകാര്‍ പറയുന്നു.
തദ്ദേശ സ്വയം ഭരണ വകുപ്പുകള്‍, ഫുഡ് ആന്‍ഡ് സേഫ്റ്റി, ലേബര്‍, ലീഗല്‍ മെട്രോളജി, ഹെല്‍ത്ത് ,അഗ്രികള്‍ച്ചര്‍ തുടങ്ങിയ പല വിധത്തിന്‍ ഉള്ള ലൈസന്‍സുകള്‍ സൂപ്പര്‍മാര്‍ക്കറ്റിന് ആവശ്യമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്ലാസ്റ്റിക്കിന്റെ പേരില്‍ നടത്തുന്ന പരിശോധനകളും പിഴകളും മറുവശത്ത് മാറ്റമില്ലാതെ തുടരുകയുമാണ്. സര്‍ക്കാരിന്റെ ശ്രദ്ധ ഈ മേഖലയിലേക്ക് തിരിഞ്ഞില്ലെങ്കില്‍ വലിയ പ്രതിസന്ധിയാകും സൂപ്പര്‍മാര്‍ക്കറ്റ് രംഗം അഭിമുഖീകരിക്കേണ്ടി വരിക.
Tags:    

Similar News