പ്രതികാരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ഇറാൻ, വെടിനിർത്തലിന് തയ്യാറെന്ന് ഇസ്രയേൽ, ഹമാസ് നിലപാട് നിർണായകം; മിഡിൽ ഈസ്റ്റിൽ ഇനിയെന്ത്?
മിഡിൽ ഈസ്റ്റ് പ്രതിസന്ധി ജാഗ്രതയോടെ വീക്ഷിച്ച് ഇന്ത്യയും
പലസ്തീനിൽ വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള അമേരിക്കൻ നിർദ്ദേശം ഇസ്രയേൽ അംഗീകരിച്ചതായി യു. എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇക്കാര്യത്തിൽ ഹമാസും അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ബ്ലിങ്കൻ ആവശ്യപ്പെട്ടു. ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ആഭിമുഖ്യത്തിൽ നടന്ന സമാധാന ചർച്ചകളിലെ നിർദ്ദേശം അംഗീകരിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വക്താവും സ്ഥിരീകരിച്ചു. എന്നാൽ അമേരിക്കയും ഇസ്രയേലും മുന്നോട്ടുവച്ച സമാധാനക്കരാർ ഏകപക്ഷീയമാണെന്നും പലസ്തീൻ ജനതയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതല്ലെന്നും ഹമാസ് കുറ്റപ്പെടുത്തി. ഇറാൻ ഇസ്രയേലിനെ ആക്രമിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സമാധാനക്കരാറിൽ നീക്കുപോക്കുകൾ നടക്കുന്നത്.
പ്രതികാരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ഇറാൻ
അതേസമയം ഇസ്രയേലിനെ ആക്രമിക്കുന്നതിൽ നിന്നും പിന്നോട്ടില്ലെന്ന് വീണ്ടും ഇറാൻ പ്രഖ്യാപിച്ചത് മേഖലയിൽ യുദ്ധഭീതി വർധിപ്പിച്ചു . ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയെ കൊലപ്പെടുത്തിയതിൽ ശക്തമായ പ്രതികാരം ഉണ്ടാകുമെന്ന് ഇറാൻ ഇസ്ലാമിക് റവല്യൂഷൻ ഗാർഡ്സാണ് പ്രഖ്യാപിച്ചത്. ശരിയായ സമയത്ത് കൃത്യമായ സ്ഥലത്ത് പ്രതികാരം നടപ്പിലാക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു.പലസ്തീനിലെ ഹമാസ്, ഇസ്ലാമിക് ജിഹാദ്, യെമനിലെ ഹൂതി വിഭാഗം, ലെബനനിലെ ഹിസ്ബുള്ള, ഇറാഖി പ്രതിരോധ സേന എന്നിവരെ ചേര്‍ത്തുള്ള ആക്രമണത്തിനാണ് ഇറാന്‍ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലും പ്രതിസന്ധി
വ്യാപാര - നയതന്ത്ര ബന്ധം പുലർത്തുന്ന രണ്ട് സുഹൃദ് രാജ്യങ്ങളെന്ന നിലയിൽ ഇറാനും ഇസ്രയേലും തമ്മിലുള്ള തർക്കം ഇന്ത്യയും ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം മൂർഛിക്കുന്നത് പശ്ചിമേഷ്യയിൽ നിന്നുളള പെട്രോളിയം ഉത്പന്നങ്ങളുടെ വരവിനെ ബാധിക്കാൻ ഇടയുണ്ട്. അത്തരമൊരു സാഹചര്യം ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും. ഇതിനുപുറമേ പശ്ചിമേഷ്യയിലെ ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷിതത്വവും ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങളിലൊന്നാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ തൊഴിലാളികൾ അയക്കുന്ന പണത്തിൽ കുറവുണ്ടായാൽ രാജ്യത്തിന്റെ ആഭ്യന്തര വരുമാനത്തെ തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇസ്രയേലുമായാകട്ടെ ശക്തമായ സൈനിക സഹകരണവും ഇന്ത്യയ്ക്കുണ്ട്. പ്രതിരോധ മേഖലയിലെ ആധുനികവൽക്കരണത്തിൽ ഇന്ത്യയെ സഹായിക്കുന്നത് ഇസ്രയേലാണ്.
മിഡിൽ ഈസ്റ്റിൽ ഇനിയെന്ത്
പത്ത് മാസങ്ങളോളമായി തുടരുന്ന ഗാസ യുദ്ധം അവസാനിപ്പിക്കാനും ഇരു രാജ്യങ്ങളും ബന്ധികളാക്കി വച്ചിരിക്കുന്നവരെ മോചിപ്പിക്കാനും അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങൾ തുടരുകയാണ്. മധ്യസ്ഥ ശ്രമങ്ങൾക്കായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഈജിപ്തിലും ഖത്തറിലും ചർച്ചകൾ നടത്തി വരികയാണ് . ഇറാന്റെ ആക്രമണം മേഖലയെ വലിയൊരു യുദ്ധത്തിലേക്ക് തള്ളിവിടാതിരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.