ഐ.ആര്‍.സി.ടി.സിയുടെ സെപ്റ്റംബർ പാദ ലാഭം 30% ഉയര്‍ന്നു; ലാഭവിഹിതം പ്രഖ്യാപിച്ചു

ഓഹരികള്‍ 1.68 ശതമാനം ഉയര്‍ന്ന് 682.75 രൂപയിലാണ് വ്യാപാരാന്ത്യത്തിലുള്ളത്

Update: 2023-11-07 15:36 GMT

ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി) നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍  (ജൂലൈ-സെപ്റ്റംബർ)​   294.67 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം സമാന പാദത്തിലെ 226.03 കോടി രൂപയില്‍ നിന്ന് 30.36 ശതമാനം വര്‍ധനയാണുണ്ടായത്. കമ്പനിയുടെ മൊത്ത വരുമാനം 995.31 കോടി രൂപയായി ഉയർന്നു. 805.80 കോടി രൂപയില്‍ നിന്ന് 23.51 ശതമാനമാണ് വര്‍ധന.

ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു

പലിശ, നികുതി, ഡിപ്രിസിയേഷന്‍, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്ക് മുമ്പുള്ള ലാഭം (EBITDA) 20.2 ശതമാനം വര്‍ധിച്ച് 366.5 കോടി രൂപയായി. എബിറ്റ്ഡ മാര്‍ജിന്‍ മുന്‍വര്‍ഷത്തെ 37.8 ശതമാനത്തില്‍ നിന്ന് 36.8 ശതമാനമായി കുറഞ്ഞു. 2023-24 സാമ്പത്തിക വര്‍ഷം 2 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 2.50 രൂപ ഇടക്കാല ലാഭവിഹിതം ബോര്‍ഡ് പ്രഖ്യാപിച്ചു.

ഇന്റര്‍നെറ്റ് ടിക്കറ്റിംഗ് വില്‍പ്പന 9 ശതമാനം ഉയര്‍ന്ന് 327.50 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ഇത് 300 കോടി രൂപയായിരുന്നു. കാറ്ററിംഗ് വിഭാഗത്തിലെ വില്‍പ്പന 29 ശതമാനം ഉയര്‍ന്ന് 431.5 കോടി രൂപയായി. ടൂറിസം വിഭാഗത്തിന്റെ വില്‍പ്പന 39 ശതമാനം ഉയര്‍ന്ന് 96.55 കോടി രൂപയായി. എന്‍.എസ്.ഇയില്‍ ഐ.ആര്‍.സി.ടി.സിയുടെ ഓഹരികള്‍ 1.68 ശതമാനം ഉയര്‍ന്ന് 682.75 രൂപയിലാണ് വ്യാപാരാന്ത്യത്തിലുള്ളത്.

Tags:    

Similar News