'ഐസലേഷ'നും 'ലോക്ക്ഡൗണും' അടിയന്തരാവശ്യമെന്ന് വിദഗ്ധര്‍

Update: 2020-03-23 10:59 GMT

കൊറോണ പ്രതിസന്ധി നേരിടാന്‍ സമൂഹത്തില്‍ നിന്ന് അകലം പാലിച്ചുകൊണ്ടുള്ള സ്വയ രക്ഷയിലും സാമൂഹിക സുരക്ഷയിലും ജനങ്ങളാകെ ശ്രദ്ധയൂന്നുമ്പോള്‍ അപ്രഖ്യാപിത കര്‍ഫ്യൂവിലേക്കു നീങ്ങുന്നു നാടാകെ. കുറഞ്ഞ ജനസാന്ദ്രതയും മികവുറ്റ ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമുള്ള രാജ്യങ്ങളെ മാരക വൈറസ് കീഴ്‌പ്പെടുത്തിയ സാഹചര്യത്തില്‍ അത്തരം അവകാശവാദങ്ങളില്ലാത്ത ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും അനിവാര്യമാണിപ്പോള്‍ ഈ  'സാമൂഹിക  അകലം പാലിക്കല്‍' എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് -19 ന്റെ വ്യാപനം പരിമിതപ്പെടുത്താനുള്ള ഏറ്റവും ഫലപ്രദമായ ഏക മാര്‍ഗ്ഗം ഒറ്റപ്പെടലാണ് (ഐസലേഷന്‍); വിവേചനരഹിതമായ പരിശോധനയല്ല-ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. വൈറസ് പകരുന്നത് തകര്‍ക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് 'ലോക്ക്ഡൗണ്‍' എന്നും അദ്ദേഹം നിരീക്ഷിച്ചു. കോവിഡ് -19 രോഗികളെ പാര്‍പ്പിക്കുന്നതിനായി പ്രത്യേകമായി ആശുപത്രികള്‍ നീക്കിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐസിഎംആര്‍ മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശം തന്നെയാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും അടിയന്തര പ്രാധാന്യമുള്ളതെന്ന് ആരോഗ്യമേഖലയിലെ പ്രശസ്ത സാമൂഹിക സംരംഭകന്‍ ഡോ. ബോബി ജോണ്‍ ചൂണ്ടിക്കാട്ടുന്നു. മലേറിയ, എച്ച് ഐ വി നിര്‍മ്മാര്‍ജനത്തിന് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള ഡോ. ബോബി ജോണ്‍ പ്രതിസന്ധി നേരിടാന്‍ ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കും എങ്ങനെ കഴിയുമെന്ന് പ്രമുഖ ദേശീയ മാധ്യമത്തോടു വിശദീകരിക്കവേയാണ് വരും ദിവസങ്ങളില്‍ കൊറോണ വൈറസിനെതിരായ ആഗോള പോരാട്ടത്തില്‍ കൂട്ടായ്മാ ഭാവം മനസില്‍ നിലനിര്‍ത്തിയുള്ള സാമൂഹിക ഒറ്റപ്പെടലിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞത്.

ഹോം ക്വാറന്റൈനും ഇന്‍സുലേഷനും രണ്ടു തരത്തില്‍ വളരെ ഫലപ്രദമാണെന്ന് ഡോ. ബോബി ജോണ്‍  പറയുന്നു. അണുബാധയുടെ വ്യാപനം കുറയ്ക്കുകയെന്നതാണ് ആദ്യത്തെ കാര്യം. അതുപോലെ തന്നെ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ പരിമിതമായിരിക്കുന്നതിനാലുള്ള സമ്മര്‍ദ്ദം കുറയ്ക്കാനുമാകും. ആരോഗ്യമുള്ള മിക്ക ചെറുപ്പക്കാര്‍ക്കും, കോവിഡ് 19 സ്വയം നിര്‍വീര്യമായി മാറുന്ന ഇന്‍ഫ്‌ളുവന്‍സയ്ക്ക് സമാനമായിരിക്കും. കുടുംബാംഗങ്ങള്‍ക്കു വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്തും അവരുടെ ശരിയായ പിന്തുണയും സഹകരണവും ഉറപ്പാക്കിയും മതിയായ ടെലിമെഡിസിന്‍ പിന്തുണയോടെ രോഗബാധിതരെ വീട്ടില്‍ തന്നെ പരിപാലിക്കാന്‍ കഴിയും. എന്നിരുന്നാലും, ഈ ആശയം ഇന്ത്യയിലെ മിക്ക നഗര, അര്‍ദ്ധനഗര പ്രദേശങ്ങളിലും ചേരികളിലും അപ്രായോഗികമാണ്. അതിനാലാണ് ഒറ്റപ്പെടലും മെഡിക്കല്‍ മേല്‍നോട്ടവും ഉറപ്പാക്കുന്നതിന് വലിയ ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ ആവശ്യമായി വരുന്നത്. ശാരീരിക അകലം പാലിക്കുമ്പോള്‍ കൂടുതല്‍ സാമൂഹിക ഐക്യദാര്‍ഢ്യം യാഥാര്‍ത്ഥ്യമാകേണ്ടതുമുണ്ട്.

വൈറല്‍ വ്യാപനം തടയുന്നതിനും  ചികിത്സയ്ക്കുമുള്ള മരുന്നുകള്‍ ഏറെ വൈകാതെ എത്തുമെന്ന്  ഡോ. ബോബി ജോണ്‍ കരുതുന്നു. ഫലപ്രദമായ വാക്‌സിന്‍ നിലവില്‍ വരും. നിര്‍ദ്ദിഷ്ട ചികിത്സാ ശുപാര്‍ശകള്‍ രൂപം പ്രാപിച്ചുവരുന്നുണ്ട്. ഡയഗ്‌നോസ്റ്റിക്‌സിന്റെ മേഖലയിലാണ് ശ്രമം പിന്നിലാകുന്നതെന്ന് ഇപ്പോള്‍ തോന്നുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

മാനസികാരോഗ്യ വിദഗ്ധനായ ഡോ. സി.ജെ. ജോണിന്റെ അഭിപ്രായത്തില്‍ മനസിന്റെ ഇച്ഛാശക്തിയും പ്രതിരോധ പ്രവര്‍ത്തനങ്ങളെ തുണയ്ക്കുന്ന മനോഭാവവുമാണ് വേണ്ടത്. രോഗിയുമായി സമ്പര്‍ക്കമുള്ളവരോ രോഗ സാധ്യതയുള്ളവരെയോ ഒറ്റയ്ക്കു പാര്‍പ്പിക്കുന്ന ചിട്ടയാണ് ക്വാറന്റൈന്‍. പൊതുജനങ്ങളുടെ ആരോഗ്യത്തെ കരുതി ചെയ്യുന്ന സേവനമാണു ക്വാറന്റൈന് വിധേയരാവുന്നവര്‍ ചെയ്യുന്നത്. ഒറ്റക്ക് കഴിയുന്ന ഈ വേളയില്‍ വിവിധ മാനസിക ആരോഗ്യ പ്രശ്നങ്ങളുണ്ടാവാമെന്ന് ഇതുസംബന്ധിച്ച പഠനങ്ങള്‍ പറയുന്നു.

വിഷാദം, ദേഷ്യം, പരിശോധനാ ഫലം തനിക്കെതിരാകുമോയെന്ന ഭീതി ഇവയൊക്കെയാണു പ്രധാന മാനസിക പ്രശ്നങ്ങള്‍. തൊഴില്‍ നഷ്ടം മൂലമുള്ള വരുമാന നഷ്ടവും ഒരു പ്രശ്നമാകാം. മടുപ്പും ഉണ്ടാകാം. ഇതിനെ അതിജീവിക്കാന്‍ കൗണ്‍സിലിങ് വേണ്ടിവരും. അതിനാവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. മാനസികമായി ഈ പ്രതിസന്ധിയെ നേരിടേണ്ടതെങ്ങനെയെന്നതു പ്രധാനമാണ്. ഇവിടെയാണു പൊതുജന പങ്കാളിത്തത്തോടെ ജാഗ്രത ആവശ്യമായിവരുന്നത്.

ചുമയും പനിയുമുള്ള എല്ലാവരെയും സംശയത്തോടെ വീക്ഷിക്കുകയും അവര്‍ കോവിഡ്-19 ബാധിച്ചവരാണോയെന്ന് അകാരണമായി ഭയക്കുകയും ചെയ്യുന്നവരാണ് ഒരുകൂട്ടര്‍. ഇവരാണ് മാസ്‌ക്കുകളും സാനിറ്റൈസറുകളും വാരിക്കൂട്ടി ക്ഷാമം സൃഷ്ടിക്കുന്നത്. വേവലാതി അടക്കി വിവേകത്തോടെയാണ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടത്.

ലഭിച്ച വിവരങ്ങളെ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യുന്നവരാണു മറ്റൊരു കൂട്ടര്‍. ഇവര്‍ ജാഗരൂകരായിരിക്കും. രോഗമുള്ളവരായും സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കിലോ വിവിധയിടങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കിലോ ആ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാന്‍ മടിയില്ലാത്തവരാണ് ഇക്കൂട്ടര്‍. മൂന്നാമത്തെ കൂട്ടരാണ് അപകടകാരികള്‍. മാധ്യമങ്ങള്‍ വഴി അറിയുന്ന കോവിഡ്-19 സംബന്ധിച്ച വിവരങ്ങളൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന് ഇവര്‍ കരുതുന്നു. തങ്ങളുടെ ആരോഗ്യം സുരക്ഷിതമാണെന്ന അമിതവിശ്വാസമാണ് ഇവര്‍ക്കുള്ളത്.ഒരുതരം ആരോഗ്യഹുങ്കോടെ നടക്കുന്നവരാണ് ഇവര്‍.

ക്വാറന്റൈന്‍പോലുള്ള സാഹചര്യങ്ങള്‍ അപ്രിയമാണെന്നു വിശ്വസിച്ച് മനഃപ്പൂര്‍വ്വം മുങ്ങി നടക്കുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. പത്തനംതിട്ടയിലുണ്ടായ സാഹചര്യമിതാണ്. ആരുമായും ബന്ധപ്പെടാതെ ഒറ്റക്കിരിക്കണമെന്ന നിബന്ധനയുള്ളതുകൊണ്ട് ഈ രോഗം ഒരു മോശം രോഗമാണെന്ന ചിന്ത പേറുന്നവരുമുണ്ട്. ഈ മൂന്നാമത്തെ വിഭാഗത്തില്‍പ്പെടുന്നവരാണ് പൊതുജനാരോഗ്യത്തെ വെല്ലുവിളിക്കുന്ന ഈ വൈറല്‍ പനിയുടെ ചെറുത്തുനില്‍പ്പിനെ അട്ടിമറിക്കുന്നത്. ഇവരുടെ മനസിനെ മാറ്റിയെടുക്കുകയും ഇവരിലേക്ക് എത്തിച്ചേരുകയും ചെയ്യുക എന്നതാണ് വ്യാപനശക്തി കൂടുതലുള്ള ഈ ആരോഗ്യ പ്രശ്നത്തെ നേരിടുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി. ശാസ്ത്രീയ അടിത്തറയില്ലാത്ത കാര്യങ്ങള്‍ വിളമ്പി ജനങ്ങളുടെ മനസില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവരുണ്ട്. ഇവര്‍ ആരോഗ്യ പരിപാലനത്തെ തകര്‍ക്കുന്ന കുറ്റവാളികളും തീവ്രവാദികളുമാണ്. അവരെ അത്തരത്തില്‍ത്തന്നെ കൈകാര്യം ചെയ്യണം.-ഡോ. ജോണ്‍ പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News