ആദായ നികുതി റിട്ടേണിന് അവസാന തീയതി ഇന്ന്; സമയപരിധി നീട്ടിയിട്ടില്ലെന്ന് സര്‍ക്കാര്‍
ആറു കോടിയില്‍പരം ആദായനികുതി റിട്ടേണുകളാണ് ഇതുവരെ സമര്‍പ്പിച്ചത്
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ജൂലൈ 31 അവസാന തീയതിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.
ഒരു മാസത്തേക്ക് കാലാവധി നീട്ടിയെന്ന പ്രചാരണം നിഷേധിച്ചു കൊണ്ടാണ് സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തു വന്നത്. പ്രസ് രജിസ്ട്രാര്‍ ജനറലിന്റെ ഓഫീസില്‍ നിന്നുള്ള മാര്‍ഗനിര്‍ദേശമാണ് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കിയത്. ഈ അഡ്വൈസറി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടുന്നതുമായി ബന്ധപ്പെട്ടല്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വിശദീകരിച്ചു. പ്രസ് സേവ പോര്‍ട്ടലില്‍ വാര്‍ഷിക സ്‌റ്റേറ്റ്‌മെന്റ് ഇ-ഫയല്‍ ചെയ്യാനുള്ള സമയപരിധിയാണ് ആഗസ്റ്റ് 31 വരെ നീട്ടിയത്. ഇതിന് ആദായനികുതി റിട്ടേണുമായി ബന്ധമില്ല.
ജൂലൈ 31നകം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പിഴ ഈടാക്കും. ആറു കോടിയില്‍പരം ആദായനികുതി റിട്ടേണുകളാണ് ഇതുവരെ സമര്‍പ്പിച്ചത്. അതില്‍ 70 ശതമാനം പേരും പുതിയ നികുതി സമ്പ്രദായം തെരഞ്ഞെടുത്തുവെന്നും കണക്കുകള്‍ വ്യക്തമാക്കി. അതേസമയം, 2022-23 സാമ്പത്തിക വര്‍ഷം 8.61 കോടി റിട്ടേണുകള്‍ സമര്‍പ്പിക്കപ്പെട്ടു.