മസ്‌കിന്റെ വിമാനത്തെ പിന്തുടര്‍ന്ന 19കാരന്‍ ഇപ്പോള്‍ പുട്ടിന്റെ പിന്നാലെ

പുട്ടിന്റെ മാത്രമല്ല അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെ യാത്രകളും ജാക്ക് സ്വീനി ട്രാക്ക് ചെയ്യുന്നുണ്ട്‌

Update: 2022-03-03 09:15 GMT

ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്റെ (Elon musk) സ്വകാര്യ ജെറ്റ് ട്രാക്ക് ചെയ്തതോടെ ആഗോള പ്രശസ്തി നേടിയ പത്തൊമ്പതുകാരന്‍ ജാക്ക് സ്വീനി ഇപ്പോള്‍ റഷ്യന്‍ പ്രസിഡന്‌റ് വ്‌ളാഡിമര്‍ പുട്ടിന്റെ പിന്നാലെയാണ്. പുട്ടിന്റെ മാത്രമല്ല അദ്ദേഹവുമായി ബന്ധപ്പെട്ട നേതാക്കളുടെയും ബിസിനസുകാരുടെയും വിമാന യാത്രകളും ജീക്ക് സ്വീനി നിരീക്ഷിക്കുന്നുണ്ട്. പുട്ടിന്റെ യാത്രകള്‍ ട്രാക്ക് ചെയ്യണമെന്ന ആവശ്യം ട്വിറ്ററില്‍ നിരവധി പേര്‍ ഉന്നയിച്ചിരുന്നു എന്നാണ് വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ ജാക്ക് പറഞ്ഞത്.

@RUOligarchJets and @Putinjet എന്നിങ്ങനെ രണ്ട് ട്വിറ്റര്‍ (ബോട്ട്) പേജുകളാണ് റഷ്യ- യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം ജാക്ക് ആരംഭിച്ചത്. എഡിഎസ്-ബി ഡാറ്റ ഉപയോഗിച്ച് ബോട്ടാണ് വിവരങ്ങള്‍ ട്രാക്ക് ചെയ്ത് പുറത്തുവിടുന്നത്. നിലവില്‍ രണ്ട് അക്കൗണ്ടുകള്‍ക്കുമായി മൂന്ന് ലക്ഷത്തോളം ഫോളോവേഴ്‌സ് ആണ് ഉള്ളത്. പുട്ടിന്‍ സഞ്ചരിക്കുന്നതിന്റെ റൂട്ട് മാപ്പ് അടക്കമാണ് ജാക്ക് ട്വീറ്റ് ചെയ്യുന്നത്.
തന്റെ വിമാനം ട്രാക്ക് ചെയ്യപ്പെടാതെ എങ്ങനെ സുരക്ഷിതമാക്കാമെന്ന് പറഞ്ഞുതരണമെന്ന് ജാക്ക് സ്വീനിയോട് ഇലോണ്‍ മസ്ക് ആവശ്യപ്പെട്ടിരുന്നു. ട്രാക്ക് ചെയ്യുന്നത് നിര്‍ത്താന്‍ മസ്‌ക് 5000 ഡോളര്‍ വാദ്ഗാനം ചെയ്തപ്പോള്‍ 50000 ഡോളറാണ് ജാക്ക് ആവശ്യപ്പെട്ടത്. എന്നാല്‍ മസ്‌ക് ഈ ആവശ്യത്തോട് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.



Tags:    

Similar News