ഇന്ത്യയില്ലാത്തതിനാല്‍ ആര്‍സിഇപി കരാറിന് തങ്ങളുമില്ലെന്ന് ജപ്പാന്‍

Update: 2019-11-29 10:44 GMT

ചൈന മുന്‍കൈയെടുത്ത് രൂപം നല്‍കിയ ആര്‍ സി ഇ പി പ്രാദേശിക വ്യാപാര കരാറില്‍ ഇന്ത്യയില്ലാതെ ഒപ്പുവെക്കാന്‍ തങ്ങളില്ലെന്ന് ജപ്പാന്‍. പ്രധാനമന്ത്രി ഷിന്‍സോ അബെയുടെ ഡല്‍ഹി സന്ദര്‍ശനം ആസന്നമായിരിക്കവേ നടന്ന ഉന്നത നയതന്ത്ര ചര്‍ച്ചകളില്‍ ഇക്കാര്യം ജപ്പാന്‍ ഊന്നിപ്പറഞ്ഞു.

തങ്ങളുടെ പൗരന്മാരുടെ ഉപജീവനമാര്‍ഗത്തില്‍ വരാനിടയുള്ള പ്രത്യാഘാതം ചൂണ്ടിക്കാട്ടി പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ നിന്ന് പിന്മാറുകയാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. അവശേഷിക്കുന്ന 15 രാജ്യങ്ങള്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കവേ എപ്പോള്‍ വേണമെങ്കിലും ആര്‍സിഇപിയില്‍ ചേരാന്‍ ഇന്ത്യയെ സ്വാഗതം ചെയ്യുന്നുവെന്ന നിലപാടാണ് ചൈന പ്രഖ്യാപിച്ചിട്ടുള്ളത്.

'ഞങ്ങള്‍ കരാറില്‍ ഒപ്പിടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല,'- ജപ്പാന്‍ സാമ്പത്തിക, വാണിജ്യ, വ്യവസായ ഉപമന്ത്രി ഹിഡെകി മക്കിഹാര പറഞ്ഞു ഇന്ത്യയുള്‍പ്പെടെയുള്ള ചര്‍ച്ചകളാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്.ചൈനയ്ക്കു മുന്‍തൂക്കമുള്ള പ്രാദേശിക വ്യാപാര കരാറില്‍ ഇന്ത്യയെ അവിഭാജ്യ ഘടകമാക്കാനാണ് ജപ്പാന്റെ ശ്രമം. അടുത്ത മാസം ഇന്ത്യയിലേക്കുള്ള യാത്രയില്‍ വാണിജ്യമന്ത്രി ഹിരോഷി കജിയാമ പ്രധാനമന്ത്രിയെ അനുഗമിക്കുമെന്ന് മക്കിഹാര പറഞ്ഞു.

ഓസ്ട്രേലിയ, ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, ന്യൂസിലാന്റ്, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവയാണ് ആര്‍സിഇപി ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് രാജ്യങ്ങള്‍. യുഎസുമായുള്ള വ്യാപാര യുദ്ധത്തില്‍ നിന്നുള്ള വളര്‍ച്ച മന്ദഗതിയിലായതിനാല്‍ ആര്‍സിഇപി കരാര്‍ ത്വരിതപ്പെടുത്താനാണ് ചൈനയുടെ ശ്രമം. അതേസമയം ചൈന മുന്‍കയ്യെടുത്തു നടത്തുന്ന നീക്കത്തിനു തിരിച്ചടിയായിട്ടുണ്ട് ഇന്ത്യയുടെയും ജപ്പാന്റെയും നിലപാടുകള്‍.

Similar News