ഐ.പി.എല്‍ പ്രക്ഷേപണം ഫ്രീ; എന്നിട്ടും കോടികള്‍ വാരി ജിയോസിനിമ
മലയാളം ഉള്‍പ്പെടെ രാജ്യത്തെ പ്രധാന ഭാഷകളിലെല്ലാം കമന്ററി നല്‍കിയാണ് ജിയോസിനിമ ആപ്പിലേക്ക് ആളെ കൂട്ടിയത്;
കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ക്രിക്കറ്റ് ജിയോസിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമിന് സമ്മാനിച്ചത് റെക്കോഡ് നേട്ടം. കാഴ്ചക്കാരുടെ എണ്ണത്തില്‍ 53 ശതമാനം വളര്‍ച്ചയാണ് തൊട്ടുമുമ്പുള്ള സീസണിനെ അപേക്ഷിച്ച് സ്വന്തമാക്കാനായത്. ആവര്‍ത്തിച്ചുള്ള കാഴ്ച ഉള്‍പ്പെടെ ആകെ വ്യൂ 2,600 കോടിയാണ്. (ഒരാള്‍ ആപ്പിലൂടെ ഒരുദിവസം 10 തവണ കളി കണ്ടാല്‍ 10 വ്യൂ ആയിട്ടാണ് കൂട്ടുക)
ഐ.പി.എല്ലിന്റെ മൊത്തം വാച്ച് ടൈം (സമയദൈര്‍ഘ്യം) 35,000 കോടി മിനിറ്റായി ഇത്തവണ വര്‍ധിച്ചു. ലീഗിന്റെ ഉദ്ഘാടന മല്‍സരം ജിയോസിനിമയിലൂടെ മാത്രം കണ്ടത് 11.3 കോടി ആളുകളാണ്. മുന്‍വര്‍ഷത്തേക്കാള്‍ 51 ശതമാനം വര്‍ധന. കഴിഞ്ഞ സീസണില്‍ 60 മിനിറ്റായിരുന്നു ശരാശരി വാച്ച് ടൈം. ഇത്തവണയത് 75 മിനിറ്റിലേക്ക് ഉയര്‍ന്നു.
ടി.വിയില്‍ നിന്ന് മൊബൈലിലേക്ക്
ഐ.പി.എല്ലിന്റെ ഒ.ടി.ടി അവകാശം ജിയോസിനിമ സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്കാണ്. കഴിഞ്ഞ വര്‍ഷം നടന്ന ലേലത്തില്‍ 20,500 കോടി രൂപയാണ് ഇതിനായി അവര്‍ ഇന്ത്യയിലെ ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയത്. ഇന്ത്യയില്‍ മാത്രം സംപ്രേക്ഷണം ചെയ്യാനുള്ള തുകയായിരുന്നു ഇത്.
കോടികള്‍ മുടക്കി ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയ ജിയോ സൗജന്യമായിട്ടായിരുന്നു ഐ.പി.എല്‍ ആരാധകരിലേക്ക് എത്തിച്ചത്. പരസ്യവരുമാനത്തിലൂടെ മാത്രം പണം തിരിച്ചുപിടിക്കാന്‍ സാധിക്കുമോയെന്ന സംശയങ്ങളെ മറികടന്നാണ് ജിയോയുടെ വളര്‍ച്ച.
ഈ സീസണില്‍ 28 സ്‌പോണ്‍സര്‍മാരും 1,400ലധികം പരസ്യദാതാക്കളും ജിയോസിനിമയ്ക്ക് ലഭിച്ചു. ഡ്രീംഇലവന്‍, ബ്രിട്ടാനിയ, പെപ്‌സി തുടങ്ങി വന്‍ ബ്രാന്‍ഡുകളെല്ലാം പരസ്യദാതാക്കളായി ഉണ്ടായിരുന്നു.
മലയാളം ഉള്‍പ്പെടെ രാജ്യത്തെ പ്രധാന ഭാഷകളിലെല്ലാം കമന്ററി നല്‍കിയാണ് ജിയോസിനിമ ആപ്പിലേക്ക് ആളെ കൂട്ടിയത്. വ്യത്യസ്ത ആംഗിളുകളില്‍ നിന്നുള്ള കാഴ്ച പ്രേക്ഷകര്‍ക്ക് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുകളും ജിയോസിനിമയെ ഹിറ്റാക്കി മാറ്റി. ജിയോ മൊബൈല്‍ നെറ്റ്‌വര്‍ക്കിന്റെ പിന്തുണ കൂടിയുള്ളതാണ് ജിയോസിനിമാസിലൂടെ വരുമാനം വര്‍ധിപ്പിക്കാന്‍ റിലയന്‍സിനെ സഹായിച്ചത്.
തിരിച്ചടിയായത് ഹോട്ട്‌സ്റ്റാറിന്
ജിയോസിനിമയുടെ വരവ് വാള്‍ട്ട് ഡിസ്‌നിയുടെ ഹോട്ട്‌സ്റ്റാറിനാണ് പ്രഹരമായത്. ഡിജിറ്റല്‍ റൈറ്റ്‌സ് നഷ്ടപ്പെട്ടെന്ന് മാത്രമല്ല ഹോട്ട്‌സ്റ്റാറിന്റെ കൈവശമുണ്ടായിരുന്ന ഐ.സി.സി ലോകകപ്പുകള്‍ സൗജന്യമായി കാണിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. 2023 വരെ ഹോട്ട്‌സ്റ്റാറില്‍ ക്രിക്കറ്റ് പാജേക്കജുകള്‍ക്ക് പണംനല്‍കണമായിരുന്നു. ജിയോയുടെ വരവോടെ ഹോട്ട്‌സ്റ്റാറും സൗജന്യമാക്കി മാറ്റി.