ചെറുകിട കച്ചവടക്കാര്‍ക്ക് കെ സ്മാര്‍ട്ട് 'പൂട്ട്'; ലൈസന്‍സ് പുതുക്കാന്‍ പെടാപ്പാട്
വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന ഒട്ടനേകം രേഖകള്‍ കെ സ്മാര്‍ട്ട് വഴി ലൈസന്‍സ് പുതുക്കാന്‍ ആവശ്യമാണ്;
സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കെ സ്മാര്‍ട്ട് വഴി ലൈസന്‍സ് പുതുക്കാനുള്ള നിബന്ധനകള്‍ ചെറുകിട കച്ചവടക്കാരെ വലയ്ക്കുന്നു. ഈ മാസം 30ന് ലൈസന്‍സ് പുതുക്കാനുള്ള സമയം അവസാനിക്കും. ഇതിനു മുമ്പ് ലൈസന്‍സ് പുതുക്കാനുള്ള രേഖകളും സൗകര്യങ്ങളും ഒരുക്കാനുള്ള ഓട്ടത്തിലാണ് വ്യാപാരികള്‍. പുതിയ നിബന്ധനകള്‍ പലര്‍ക്കും തിരിച്ചടിയായിട്ടുണ്ട്.
കെ സ്മാര്‍ട്ട് വഴി ലൈസന്‍സ് പുതുക്കേണ്ടത് നഗരസഭ, കോര്‍പറേഷന്‍ മേഖലയിലുള്ള വ്യാപാരികളാണ്. തങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് മന്ത്രി എം.ബി രാജേഷിന് നിവേദനം നല്‍കിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
കെട്ടിടനികുതി മുന്‍കൂര്‍ അടയ്ക്കണം
വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന ഒട്ടനേകം രേഖകള്‍ കെ സ്മാര്‍ട്ട് വഴി ലൈസന്‍സ് പുതുക്കാന്‍ ആവശ്യമാണ്. സെപ്റ്റംബര്‍ വരെയുള്ള കെട്ടിട നികുതി മുന്‍കൂറായി അടയ്ക്കണമെന്നതാണ് അതിലൊന്ന്. നികുതി അടച്ച രസീത് ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണം. പല കെട്ടിട ഉടമകള്‍ക്കും കുടിശികയുണ്ട്. ഈ കുടിശിക അടച്ചുതീര്‍ത്താല്‍ മാത്രമേ ലൈസന്‍സ് പുതുക്കാന്‍ സാധിക്കൂ.
മറ്റൊരു പ്രധാന നിബന്ധന ഹരിതകര്‍മസേനയുമായി ബന്ധപ്പെട്ടാണ്. മാലിന്യമില്ലാത്ത കടകളും ഫീ അടച്ച് ബില്‍ അപ്‌ലോഡ് ചെയ്യണം. മാത്രമല്ല, മാലിന്യമിടാന്‍ വ്യത്യസ്ത ബിന്നുകളും സ്ഥാപിക്കണം. ഈ ബിന്നുകള്‍ വഴിയെ പോകുന്ന ആളുകള്‍ക്കും മാലിന്യമിടാവുന്ന സ്ഥലത്തായിരിക്കണമെന്നും നിബന്ധനയുണ്ട്. തങ്ങളുടെ കച്ചവട സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ മാലിന്യം നിറയുമെന്ന പേടി വ്യാപാരികള്‍ക്കുണ്ട്.
എല്ലാ കച്ചവട സ്ഥാപനങ്ങളിലും ശുചിമുറികള്‍ വേണമെന്ന നിയമവും പ്രതിഷേധനത്തിന് ഇടയാക്കിയിട്ടുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷം ചെറുകിട ഷോപ്പുകളും ഒറ്റമുറിയില്‍ ഒതുങ്ങുന്നതാണ്. ഇവിടെ ശുചിമുറി കൂടി സ്ഥാപിക്കുക പ്രായോഗികമല്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. സര്‍ക്കാര്‍ നിബന്ധനകളില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.