കർണാടകത്തിൻ്റെ വിവാദ തൊഴിൽ സംവരണം മരവിപ്പിച്ചു; കാരണങ്ങൾ പലതുണ്ട്
ഒന്നര ലക്ഷത്തോളം മലയാളികള്‍ ബെംഗളൂരില്‍ ഐ.ടി അനുബന്ധ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്
കന്നഡിഗര്‍ക്ക് തൊഴില്‍ സംവരണം ഉറപ്പുവരുത്തുന്ന ബില്‍ വലിയ പ്രതിഷേധത്തെ തുടര്‍ന്ന് മരവിപ്പിച്ചെങ്കിലും വ്യവസായ ലോകം ആശങ്കയിലാണ്. കര്‍ണാടക സര്‍ക്കാരിന്റെ മാതൃക മറ്റ് സംസ്ഥാനങ്ങള്‍ പിന്തുടര്‍ന്നാല്‍ പ്രാദേശികവാദം ശക്തിപ്പെടുമെന്ന ഭയവും നിലനില്‍ക്കുന്നുണ്ട്. ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ല സിദ്ധരാമയ്യ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍. മുമ്പ് ഹരിയാനയും ഇത്തരത്തില്‍ തൊഴില്‍ സംവരണം കൊണ്ടുവന്നിരുന്നു. കോടതി ഇത് തള്ളിയിരുന്നു.
അവസരം മുതലെടുക്കാന്‍ കേരളവും ആന്ധ്രയും
കര്‍ണാടകയുടെ ജി.ഡി.പിയുടെ 25 ശതമാനവും സംഭാവന ചെയ്യുന്നത് ടെക്‌നോളജി അനുബന്ധ വ്യവസായങ്ങളാണ്. 11,000 ത്തോളം സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സ്ഥാപനങ്ങളെയെല്ലാം പ്രതിസന്ധിയിലാക്കാന്‍ പോന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. ഐ.ടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ കന്നഡിഗര്‍ക്ക് സംവരണം നല്കണമെന്ന നിയമം വന്നാല്‍ പല കമ്പനികളും അടച്ചുപൂട്ടേണ്ടി വരും.
ഐ.ടി രംഗത്തിന്റെ ചിറകൊടിക്കുമെന്ന് മനസിലാക്കിയാണ് നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസ് കമ്പനീസ് (നാസ്‌കോം) തീരുമാനത്തിനെതിരേ രംഗത്തു വന്നത്. ഭാവിയില്‍ ഇത്തരം നിയമങ്ങള്‍ വീണ്ടും കൊണ്ടുവന്നേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഐ.ടി കമ്പനികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.
കര്‍ണാടക സര്‍ക്കാര്‍ ബില്‍ അംഗീകരിച്ചതിന് തൊട്ടുപിന്നാലെ കേരളവും ആന്ധ്രപ്രദേശും ഐ.ടി കമ്പനികളെ സ്വാഗതം ചെയ്ത് രംഗത്തു വന്നുവെന്നത് ശ്രദ്ധേയമാണ്. ആന്ധ്രാ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ മകനും ഐ.ടി മന്ത്രിയുമായ നാര ലോകേഷ് ആണ് ബെംഗളൂരു കമ്പനികളെ ആകര്‍ഷിക്കാന്‍ ഓഫറുകളുമായി രംഗത്തെത്തിയത്.
ആശ്വാസത്തില്‍ മലയാളികള്‍
ഒന്നര ലക്ഷത്തോളം മലയാളികള്‍ ബെംഗളൂരില്‍ ഐ.ടി അനുബന്ധ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്. സംവരണ ബില്‍ നിയമമായിരുന്നെങ്കില്‍ ഇവരില്‍ ഭൂരിപക്ഷത്തിനും തൊഴില്‍ നഷ്ടമായേനെ. കൂടുതല്‍ പരിഷ്‌കാരം വരുത്തി ബില്‍ അവതരിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വന്‍കിട ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍, ഇന്‍ഫോസിസ് മുന്‍ സി.എഫ്.ഒ മോഹന്‍ദാസ് പൈ തുടങ്ങിയവര്‍ രംഗത്തെത്തി.
ഈ ബില്‍ നിയമമാക്കരുത്. ഇത് വിവേചനപരവും പ്രതിലോമപരവും ഭരണഘടനാ വിരുദ്ധവുമായ ബില്ലാണ്. ഇത് പോലൊരു ബില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുനിഞ്ഞുവെന്നത് അവിശ്വസനീയമാണ്-മോഹന്‍ദാസ് പൈ എക്‌സില്‍ കുറിച്ചു. പ്രമുഖ വ്യവസായികളെല്ലാം ഒറ്റക്കെട്ടോടെ ബില്ലിനെതിരേ രംഗത്തു വന്നത് സംസ്ഥാന സര്‍ക്കാരിനെ മാത്രമല്ല കോണ്‍ഗ്രസ് പാര്‍ട്ടിയെയും സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ പൊതുനയത്തിന് വിരുദ്ധമായ നിലപാടാണ് കര്‍ണാടക സര്‍ക്കാരില്‍ നിന്നുണ്ടായിരിക്കുന്നത്.
ഹരിയാന തുടക്കമിട്ടു കോടതി തള്ളി
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഹരിയാനയും സമാനമായൊരു നിയമം കൊണ്ടുവന്നിരുന്നു. 30,000 രൂപയില്‍ താഴെ ശമ്പളമുള്ള സ്വകാര്യ മേഖലയിലെ ജോലികളില്‍ തദ്ദേശീയര്‍ക്ക് 75 ശതമാനം സംവരണം നല്‍കാനുള്ള നീക്കമായിരുന്നു അത്. പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ഈ നിയമം റദ്ദാക്കിയിരുന്നു. ഭരണഘടനാ വിരുദ്ധവും ഭരണഘടനയുടെ മൂന്നാം ഭാഗത്തിന്റെ ലംഘനവുമാണ് ഇതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ഹൈക്കോടതി ഉത്തരവിനെതിരേ ഹരിയാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും തദ്ദേശീയര്‍ക്ക് സ്വകാര്യ മേഖലയിലെ ജോലികളില്‍ പ്രാമുഖ്യം നല്‍കണമെന്ന് നിര്‍ദേശം ഉണ്ടെങ്കിലും നിര്‍ബന്ധമല്ല.