കേരളത്തിലേക്ക് പോകരുത്, കര്‍ശന നിര്‍ദേശവുമായി കര്‍ണാടക

രണ്ട് മാസത്തേക്ക് കേരളത്തിലേക്കുള്ള യാത്ര മാറ്റിവയ്ക്കണമെന്നാണ് നിര്‍ദേശം

Update:2021-09-08 11:41 IST

സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി കര്‍ണാടക. കര്‍ണാടകയിലുള്ള മലയാളികളടക്കമുള്ളവരോട് കേരളത്തിലേക്കും തിരിച്ചും പോകരുതെന്ന് നിര്‍ദേശിച്ചു. ഒക്ടോബര്‍ അവസാനം വരെ കേരളത്തിലേക്കുള്ള അടിയന്തരാവശ്യ യാത്രകളൊഴികെ എല്ലാം മാറ്റിവയ്ക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. കേരളത്തില്‍നിന്ന് കര്‍ണാടകയിലേക്ക് പോകാനുദ്ദേശിക്കുന്നവര്‍ യാത്ര അടുത്തമാസം അവസാനം വരെ മാറ്റിവയ്ക്കണമെന്നും സര്‍ക്കാര്‍ പറയുന്നു.

കേരളത്തില്‍നിന്ന് നിരവധി പേരാണ് ജോലി, ബിസനസ്, പഠനം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി കര്‍ണാടകയെ ആശ്രയിക്കുന്നത്. ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളില്‍ ബിസിനസ് നടത്തുന്നവരും ധാരാളമുണ്ട്. ഇവര്‍ക്കാണ് കര്‍ണാടകയുടെ ഈ നിര്‍ദേശം പ്രതിസന്ധി സൃഷ്ടിക്കുക. എഞ്ചിനീയറിംഗ്, നഴ്‌സിംഗ്, പാരാമെഡിക്കല്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഹോട്ടല്‍, മറ്റ് കമ്പനികള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. കൂടാതെ, കേരളത്തിലുള്ളവരെ കമ്പനികളും വിദ്യഭ്യാസ സ്ഥാപനങ്ങളും തിരികെ വിളിക്കരതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ഇന്നലെ 25,772 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് കണ്ടെത്തിയത്. 189 മരണങ്ങളും സ്ഥിരീകരിച്ചു. കോവിഡിന് പുറമെ, കേരളത്തില്‍ നിപ്പ സ്ഥിരീകരിച്ചതും സംസ്ഥാനത്തിന് തിരിച്ചടിയാണ്.


Tags:    

Similar News