ബ്ലാക്ക് ഫോറസ്റ്റും റെഡ് വെല്‍വെറ്റുമാണോ ഇഷ്ടം; എങ്കില്‍ ഇത് കൂടി അറിയണം
മാരക രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയത് കര്‍ണ്ണാടക ആരോഗ്യവകുപ്പ്
കേക്കില്ലാതെ എന്ത് ആഘോഷം? സ്വാദിഷ്ഠമായ കേക്കുകള്‍ എല്ലാവര്‍ക്കും പ്രിയം തന്നെ. എന്നാല്‍ അവ നുണയും മുമ്പ് കര്‍ണ്ണാടകയില്‍ നിന്നുള്ള ഈ വാര്‍ത്ത കൂടി അറിയണം. ബ്ലാക്ക് ഫോറസ്റ്റ്, റെഡ് വെല്‍വെറ്റ് തുടങ്ങിയ കേക്കുകളില്‍ ചേര്‍ക്കുന്ന കളറിംഗ് വസ്തുക്കള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് കര്‍ണാടക ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. കാന്‍സറിന് വരെ കാരണമായേക്കാവുന്ന വസ്തുക്കളാണിത്. സംസ്ഥാനത്തെ ബേക്കറികളില്‍ വ്യാപകമായി നടന്ന പരിശോധനയിലാണ് 12 കടകളിലെ കേക്കുകളില്‍ ഹാനികരമായ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ കര്‍ശന നടപടികള്‍ തുടങ്ങി. ജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ചേര്‍ക്കുന്നത് നിരോധിച്ച രാസവസ്തുക്കള്‍
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 235 സാമ്പിളുകളാണ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചത്. ഇതില്‍ 12 എണ്ണത്തിലാണ് നിരോധനമുള്ള രാസവസ്തുക്കള്‍ കണ്ടെത്തിയത്. കേക്കിന് നിറം നല്‍കുന്നതിന് ഉപയോഗിക്കുന്ന അലൂറ റെഡ്, സണ്‍സെറ്റ് യെല്ലോ എഫ്.സി.എഫ്, കാര്‍മോയ്‌സിന്‍ എന്നിവയുടെ സാന്നിധ്യമാണ കണ്ടെത്തിയത്. സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ഉപയോഗിക്കുന്നതാണ് കാര്‍മോയ്‌സിന്‍. ഇവ ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്നതിന് നിരോധനമുള്ളതാണ്. കേക്കുകള്‍ക്ക് കൂടുതല്‍ നിറവും തിളക്കവും കിട്ടാനാണ് ഇവ ചേര്‍ക്കുന്നത്. കാന്‍സര്‍ രോഗത്തിന് കാരണമാകുന്നതാണ് ഈ രാസവസ്തുക്കളെന്ന് കര്‍ണ്ണാടക ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റോഡാമൈന്‍-ബി നിരോധിച്ചു
ഹോട്ടലുകളിലും തെരുവുകളിലെ തട്ടുകടകളിലും ഭക്ഷണത്തില്‍ റോഡാമൈന്‍-ബി എന്ന രാസവസ്തു ചേര്‍ക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഭക്ഷ്യവസ്തുക്കളില്‍ ഇതിന്റെ ഉപയോഗം അടുത്തിടെ നിരോധിച്ചിരുന്നു. മാരക രോഗങ്ങള്‍ക്കിടയാക്കുന്ന ഈ രാസവസ്തു മധുരപലഹാരങ്ങളിലും ഗോപി മഞ്ചൂരിയന്‍ പോലുള്ള വിഭവങ്ങളിലും ഉപയോഗിക്കുന്നുണ്ട്. മുളക് പൊടിക്ക് നിറം കൂട്ടുന്നതിനും ഇത് ചേര്‍ക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. കൃത്രിമ നിറങ്ങള്‍ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്നത് കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കര്‍ണ്ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു സാമൂഹ്യമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.