കെല്‍ട്രോണിന് സൈനിക കരാര്‍
നേവിക്ക് തന്ത്രപ്രധാന ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ കെല്‍ട്രോണ്‍; 97 കോടി രൂപയുടെ കരാര്‍
സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന് ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് വന്‍ കരാര്‍ ലഭിച്ചു. പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിന് 97 കോടി രൂപയുടെ ഓര്‍ഡറാണ് ലഭിച്ചത്.
തിരുവനന്തപുരം കരകുളത്തുള്ള കെല്‍ട്രോണ്‍ എക്യുപ്‌മെന്റ് കോംപ്ലക്‌സ്, അരൂരിലുള്ള കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ്, സബ്‌സിഡിയറി കമ്പനിയായ കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്‌സ് ലിമിറ്റഡ് എന്നീ യൂണിറ്റുകളിലാകും നാവികസേനയ്ക്കുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുക.
തന്ത്രപ്രധാന ഉപകരണങ്ങള്‍
സോണര്‍ അറെകള്‍ക്കു വേണ്ടി കെല്‍ട്രോണ്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത ലോ ഫ്രീക്വന്‍സി പ്രോസസിംഗ് മോഡ്യൂളുകളാണ് ഈ ഓര്‍ഡറില്‍ പ്രധാനപ്പെട്ടവ. അന്തര്‍വാഹിനികളെയും കപ്പലുകളെയും കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനും വേണ്ടിയുള്ള സംവിധാനമാണ് സോണാറുകള്‍. കൂടുതല്‍ ദൂരത്തിലുള്ള ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നതിന് കെല്‍ട്രോണിന്റെ ലോ ഫ്രീക്വന്‍സി പ്രോസസിങ് മോഡ്യൂളുകള്‍ സഹായകമാകും.
നാവികസേനയില്‍ തുടര്‍ച്ചയായി ഓര്‍ഡറുകള്‍ ലഭിക്കുന്നത് കെല്‍ട്രോണ്‍ കൈവരിച്ച പ്രവര്‍ത്തന മികവിന്റെ ഫലമായാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. നാവികസേനയുടെ വിവിധതരം കപ്പലുകളില്‍ സ്ഥാപിക്കുന്നതിനു സമുദ്ര ജലത്തിന്റെ ആഴം അളക്കുന്നതിനുള്ള എക്കോ സൗണ്ടര്‍, കപ്പലുകളുടെയും മറ്റും വേഗം കണക്കാക്കുന്നതിനുള്ള ഇലക്ട്രോ മാഗ്‌നെറ്റിക് ലോഗ്, ഡേറ്റ ഡിസ്ട്രിബ്യൂഷന്‍ യൂണിറ്റുകള്‍, ആന്റി സബ്മറൈന്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകള്‍ക്കുള്ള സോണാറിന് ആവശ്യമായ പവര്‍ ആംപ്ലിഫയറുകള്‍ തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കെല്‍ട്രോണ്‍ നിര്‍മിച്ചു നല്‍കും.
കഴിഞ്ഞ 25 വര്‍ഷമായി പ്രതിരോധ ഇലക്ട്രോണിക്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍, പ്രത്യേകമായി ഇന്ത്യന്‍ നാവികസേനയ്ക്ക് അണ്ടര്‍ വാട്ടര്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതില്‍ മുന്‍പന്തിയിലുളള പൊതുമേഖല സ്ഥാപനമാണ്.
തിരിച്ചുവരവിന്റെ പാതയില്‍
1973ല്‍ ആരംഭിച്ച കെല്‍ട്രോണ്‍ പ്രവര്‍ത്തന ചരിത്രത്തില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ വലിയ മുന്നേറ്റം കാഴ്ചവച്ചെങ്കിലും ഇടക്കാലത്ത് പിന്നോട്ട് പോയിരുന്നു. ഇപ്പോള്‍ വീണ്ടും തിരിച്ചു വരവിന്റെ പാതയിലാണ്. ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായി 41 ഇലക്ട്രോണിക്സ് മൊഡ്യൂള്‍ പാക്കേജുകള്‍ നിര്‍മിച്ചു നല്‍കിയത് കെല്‍ട്രോണാണ്. കൂടാതെ ജി.എസ്.എല്‍.വി എഫ്12 സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ 45 ഇലക്ട്രോണിക്സ് മൊഡ്യൂള്‍ പാക്കേജുകളും നല്‍കിയിട്ടുണ്ട്.
റോഡ് സുരക്ഷാ മേഖലയില്‍ ഒട്ടേറെ പദ്ധതികള്‍ കെല്‍ട്രോണ്‍ നിര്‍വഹിക്കുന്നുണ്ട്. ട്രാഫിക് സംവിധാനം, സര്‍വൈലന്‍സ് ക്യാമറ സിസ്റ്റം, നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്പീഡ് ഡിറ്റക്ഷന്‍, റെഡ്ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ കാമറ സിസ്റ്റം എന്നിവയാണ് ഇതില്‍ പ്രധാനം. ഒഡീഷയില്‍ നിന്ന് സ്‌കൂളുകള്‍ക്ക് ഹൈടെക് ക്ലാസ്റൂമുകള്‍ നിര്‍മിച്ച് നല്‍കാനായി 164 കോടി രൂപയുടെ ഓര്‍ഡറും അടുത്തിടെ നേടിയിരുന്നു.