ഓരോ മാസവും ശരാശരി 5 പുതിയ ബാറുകള്‍! എറണാകുളത്ത് ആകെ 195 എണ്ണം, മദ്യ നയത്തില്‍ ഇളവ് വേണമെന്നും ആവശ്യം
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ അനുവദിച്ചത് 131 ബാറുകള്‍
സംസ്ഥാനത്ത് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ രണ്ട് വര്‍ഷത്തിനിടെ ഓരോ മാസവും ശരാശരി 5 ബാറുകള്‍ വീതം പുതുതായി അനുവദിച്ചെന്ന് റിപ്പോര്‍ട്ട്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ അനുവദിച്ചത് 131 ബാറുകളാണ്. ഇതില്‍ 118 എണ്ണവും ആദ്യ രണ്ട് വര്‍ഷത്തിനുള്ളില്‍. 25 ബാറുകള്‍ അനുവദിച്ച എറണാകുളം ജില്ലയാണ് മുന്നില്‍. 22 പുതിയ ബാറുകള്‍ കിട്ടിയ തിരുവനന്തപുരം രണ്ടാമതുണ്ട്. കാസര്‍ഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും പുതിയ ബാറുകള്‍ അനുവദിച്ചു. ത്രീ സ്റ്റാറിനും അതിന് മുകളിലുമുള്ള ക്ലാസിഫിക്കേഷനിലുള്ള ഹോട്ടലുകള്‍ അപേക്ഷിച്ചാല്‍ ബാര്‍ ലൈസന്‍സ് നിഷേധിക്കാനാവില്ലെന്നാണ് ഇതിന് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
2016ല്‍ 29, ഇപ്പോള്‍ 802
2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ആകെയുണ്ടായിരുന്നത് 29 ബാറുകളായിരുന്നു. എട്ടര വര്‍ഷത്തിനിടെ ബാറുകളുടെ എണ്ണം 836 ആയി വര്‍ധിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ സംസ്ഥാനത്ത് 671 ബാറുകളാണുണ്ടായിരുന്നത്. പത്തോളം ഹോട്ടലുകള്‍ ബാര്‍ ലൈസന്‍സിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. ഇതിന് അനുമതി നല്‍കിയാല്‍ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം ഇനിയും വര്‍ധിക്കും.
ബാറുകളുടെ എണ്ണത്തിലും എറണാകുളം മുന്നില്‍
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബാറുകളുള്ളതും എറണാകുളം ജില്ലയിലാണ്, 195 എണ്ണം. 112 ബാറുകളുള്ള തൃശൂരാണ് തൊട്ടുപിന്നില്‍. 94 ബാറുകളുമായി തിരുവനന്തപുരം ജില്ലയും തൊട്ടുപിന്നാലെയുണ്ട്. 10 ബാറുകളുള്ള കാസര്‍ഗോഡ് ജില്ലയാണ് ബാറുകളുടെ എണ്ണത്തില്‍ ഏറ്റവും പുറകില്‍. ആകെയുള്ളതില്‍ 52 എണ്ണം മാത്രമാണ് പഞ്ചനക്ഷത്ര ബാറുകള്‍. ബാക്കിയുള്ളവയില്‍ 70 ശതമാനവും ത്രീ സ്റ്റാര്‍ ഇനത്തില്‍ പെടുന്നവയാണ്.
മദ്യനയത്തില്‍ ഇളവ് വേണമെന്ന് ടൂറിസം മേഖല
അതേസമയം, പുതിയ ബാറുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും മദ്യനയത്തില്‍ ഇളവ് ലഭിക്കാതെ ടൂറിസം മേഖലയ്ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്ന് വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. നിലവിലെ മദ്യനയത്തില്‍ എല്ലാ ഒന്നാം തീയതിയും ഡ്രൈ ഡേയാണ്. മദ്യം വിളമ്പുന്നതിന് സമയ പരിധിയും നിശ്ചയിച്ചിട്ടുണ്ട്. കോണ്‍ഫറന്‍സുകള്‍ക്കും വന്‍കിട വിവാഹങ്ങള്‍ക്കുമായി കേരളത്തിലെത്തുന്ന അതിഥികള്‍ക്ക് മദ്യം വിളമ്പുന്നതിന് പലപ്പോഴും ഇത്തരം ചട്ടങ്ങള്‍ തടസം നില്‍ക്കാറുണ്ട്. ടൂറിസം മേഖലയിലും ഐ.റ്റി പാര്‍ക്കുകളിലും മദ്യം വിളമ്പാന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് മദ്യനയത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ടൂറിസം മേഖലയെക്കൂടി പരിഗണിക്കുന്ന മദ്യനയം വേണമെന്നാണ് ടൂറിസം മേഖലയുടെ ആവശ്യം.