കര്‍ഷകര്‍ക്ക് കൂടുതല്‍ വായ്പകള്‍ നല്‍കാനൊരുങ്ങി കേരള ബാങ്ക്; കാർഷികവായ്പ 30 ശതമാനമാക്കുമെന്ന് സഹകരണ മന്ത്രി

6000 കോടി രൂപ ഇക്കൊല്ലം അധികവായ്പയായി നൽകും

Update:2024-07-09 13:13 IST
കാർഷികവായ്പ മൊത്തം വായ്പയുടെ 30 ശതമാനമാക്കി ഉയര്‍ത്താനാണ് കേരള ബാങ്ക് ലക്ഷ്യമിടുന്നത്. 6000 കോടി രൂപ ഇക്കൊല്ലം അധികവായ്പയായി നൽകുന്നതാണ്. 209 കോടി രൂപയായി കേരള ബാങ്കിന്റെ ലാഭം വർധിച്ചതായും സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
നിഷ്‌ക്രിയ ആസ്തി 30 ശതമാനത്തിൽനിന്ന് 11.45 ശതമാനമാക്കി കുറയ്ക്കാനും ബാങ്കിന് സാധിച്ചു. 1.16 ലക്ഷം കോടി രൂപയുടെ ബിസിനസ് ആണ് ബാങ്ക് നടത്തിയത്. കേരള ബാങ്കിന്റെ റേറ്റിങ്ങിൽ റിസർവ് ബാങ്ക് യാതൊരു മാറ്റവും കൊണ്ടു വന്നിട്ടില്ല. നബാർഡ് ഗ്രേഡ്-സി ആയി കുറച്ചത് 25 ലക്ഷത്തിനു മുകളിലുള്ള വ്യക്തിഗത വായ്പകളെ മാത്രമാണ് ബാധിക്കുക. ഇത് മൂന്നു ശതമാനം മാത്രമേ വരികയുളളൂ. കാർഷിക-ഭവന വായ്പകളെയോ സഹകരണബാങ്കുകളുടെ ഓവർഡ്രാഫ്റ്റിനെയോ ഇത് ബാധിക്കുമെന്ന ആശങ്കകള്‍ക്ക് ഒരു അടിസ്ഥാനവുമില്ല. നബാർഡിന്റെ പരിശോധനയിൽ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ പരിഹരിക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കേരള ബാങ്ക് വന്നില്ലായിരുന്നെങ്കിൽ പല ജില്ലാ ബാങ്കുകളും ഇപ്പോൾ പ്രവര്‍ത്തനം നിര്‍ത്തേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നു. റിസർവ് ബാങ്ക് വ്യവസ്ഥകൾക്ക് അനുസരിച്ച് പ്രാഥമിക സംഘങ്ങള്‍ക്ക് കേരള ബാങ്ക് മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും വി.എൻ. വാസവൻ പറഞ്ഞു.
Tags:    

Similar News