റോഡില്‍ കളിച്ചാല്‍ പൊതുജനം പിടികൂടും, എ.ഐ കാമറക്ക് ശേഷം ഇതാ, സിറ്റിസണ്‍ സെന്റിനല്‍ കളത്തില്‍
ഇനി മുതല്‍ ഏതൊരാള്‍ക്കും നിയമ ലംഘനങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താന്‍ കഴിയും
സംസ്ഥാനത്തെ ഗതാഗത നിയമ ലംഘനങ്ങളും റോഡ് അപകടങ്ങളും കുറക്കാന്‍ പുതിയ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്. നിയമ ലംഘനങ്ങള്‍ ഏതൊരാള്‍ക്കും മൊബൈല്‍ ഫോണില്‍ പകര്‍ത്തി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താന്‍ കഴിയുന്ന മൊബൈല്‍ ആപ്പ് പ്രവര്‍ത്തനം തുടങ്ങി. എം പരിവാഹന്‍ ആപ്പിലെ സിറ്റിസണ്‍ സെന്റിനലിലേക്ക് പൊതുജനങ്ങള്‍ക്ക് അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനത്തിന്റെ ഉദ്ഘാടനം എറണാകുളത്ത് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായാണിത്.
തത്സമയം പണി കൊടുക്കാം
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍.ഐ.സി) സഹായത്തോടെ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയവുമായി സഹകരിച്ചാണ് ആപ്പ് തയ്യാറാക്കിയത്. പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന എം പരിവാഹന്‍ ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് ട്രാഫിക്ക് നിയമലംഘനങ്ങളുടെ വീഡിയോ, ഫോട്ടോ എന്നിവ ചിത്രീകരിക്കാന്‍ കഴിയും. ഇത് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്‍ട്രോള്‍ റൂമിലുള്ളവര്‍ പരിശോധിക്കും. തുടർന്ന് നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയാല്‍ നിയമ നടപടിയും സ്വീകരിക്കും. ട്രാഫിക്ക് നിയമ ലംഘനങ്ങളുടെ തത്സമയ റിപ്പോര്‍ട്ടിംഗ് സാധ്യമാകുമെന്നതാണ് പ്രത്യേകത.
ആപ്പുകള്‍ നേരത്തെയും
അടുത്തിടെ ഒഡിഷ ഗതാഗത വകുപ്പ് എംപരിവാഹന്‍ ആപ്പുമായി ബന്ധപ്പെടുത്തി സിറ്റിസണ്‍ സെന്റിനല്‍ എന്ന പേരില്‍ സമാനമായ സംവിധാനം തുടങ്ങിയിരുന്നു. 2021ല്‍ പൊതുമരാമത്ത് വകുപ്പും സമാനമായ ഒരു ആപ്പ് പുറത്തിറക്കിയിരുന്നു. പി.ഡബ്ല്യൂ.ഡി 4യു എന്ന പേരില്‍ പുറത്തിറക്കിയ ആപ്പ് വഴി മോശമായ റോഡുകളെക്കുറിച്ച് പരാതി പറയാനുള്ള സൗകര്യമുണ്ടായിരുന്നു. കേരളത്തില്‍ ഇതിനോടകം തന്നെ കെല്‍ട്രോണ്‍ വികസിപ്പിച്ച നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ട്രാഫിക്ക് കാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു വര്‍ഷം 68 ലക്ഷത്തോളം നിയമലംഘനങ്ങള്‍ കണ്ടെത്തിയ കാമറ സംവിധാനം ബംഗളൂരു ആസ്ഥാനമായ എസ്.ആര്‍.ഐ.റ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് വികസിപ്പിച്ചത്.