ഖജനാവ് പൂട്ടില്ല; വൈദ്യുതി വകുപ്പ് കനിഞ്ഞു, വായ്പ തുക കൂട്ടി

ഈ വര്‍ഷം കടമെടുക്കാന്‍ 1,037 കോടി രൂപ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. എന്നാല്‍, വൈദ്യുതി മേഖലയിലെ മെച്ചപ്പെട്ട പ്രകടനം കണക്കിലെടുത്ത് 4,263 കോടി രൂപ കൂടി വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെ 5,300 കോടി രൂപ കടമെടുത്തു

Update:2023-03-29 12:12 IST

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച് കടന്നുകൂടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

ഈ വര്‍ഷം കടമെടുക്കാന്‍ 1,037 കോടി രൂപ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. എന്നാല്‍, വൈദ്യുതി മേഖലയിലെ മെച്ചപ്പെട്ട പ്രകടനം കണക്കിലെടുത്ത് 4,263 കോടി രൂപ കൂടി വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെ 5,300 കോടി രൂപ കടമെടുത്തു.

പണം ഖജനാവിലെത്തുന്നതോടെ പദ്ധതി വിഹിതം നല്‍കി വലിയ പരുക്കില്ലാതെ സര്‍ക്കാര്‍ കടന്നുകൂടും. 16 വര്‍ഷത്തേക്ക് 2,263 കോടി രൂപയും 35 വര്‍ഷത്തേക്ക് 2,000 കോടി രൂപയും 28 വര്‍ഷത്തേക്ക് 1,037 കോടി രൂപയും റിസര്‍വ് ബാങ്ക് വഴിയാണ് കടമെടുക്കുന്നത്. സംസ്ഥാന പദ്ധതി അടങ്കലായ 22,322 കോടി രൂപയില്‍ ഇനി 7,000 കോടി മാത്രമേ ചെലവഴിക്കാനുള്ളൂ.

വായ്പയെടുക്കല്‍

കടമെടുത്ത തുകയുടെ തവണ അടയ്ക്കാനും തുക ആവശ്യമുണ്ട്. അതേസമയം, സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതോടെ കേരളത്തിന് എടുക്കാന്‍ കഴിയുന്ന വായ്പയുടെ തോത് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കും. ഏപ്രില്‍ മാസം ആദ്യവും സര്‍ക്കാര്‍ ഞെരുക്കത്തിലാവും. ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കണം. അതിന് പണം കണ്ടെത്താനും സര്‍ക്കാര്‍ പാടുപെടും.

Tags:    

Similar News