കൊച്ചിയില്‍ ₹ 450 കോടിയുടെ ക്രിക്കറ്റ് സ്റ്റേഡിയം, അത്യാധുനിക സ്‌പോർട്‌സ് സിറ്റി, കെ.സി.എ യുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഉടന്‍

പദ്ധതിക്ക് ബി.സി.സി.ഐ യുടെ അംഗീകാരമുണ്ട്

Update:2024-12-13 15:55 IST

Image Courtesy: Canva

നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) സംസ്ഥാന സർക്കാരിന്റെ അനുമതി ഉടന്‍ ലഭിച്ചേക്കും. ചെങ്ങമനാട് 30 ഏക്കറിൽ 450 കോടി രൂപ ചെലവിൽ 40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് നിര്‍മ്മിക്കുക.
പദ്ധതി പ്രദേശത്ത് വീടുകളോ മറ്റ് വസ്തുവകകളോ ഇല്ല. ഏകദേശം 40 വർഷം മുമ്പ് കൃഷി നിർത്തിയ നെല്‍പ്പാടങ്ങള്‍ ഉണ്ടായിരുന്ന പ്രദേശമാണ് ഇത്. ചില പ്രദേശങ്ങൾ ഇഷ്ടിക വയലിൻ്റെ ഭാഗമാണ്. മുമ്പ് നെൽപ്പാടമായതിനാല്‍ ഭൂമി തരം മാറ്റുന്നതിന് സംസ്ഥാന സർക്കാരിന് കീഴിലുള്ള റവന്യൂ, കൃഷി വകുപ്പുകളിൽ നിന്നുള്ള ഇളവുകൾ ആവശ്യമാണ്.

മൂന്ന് വർഷത്തിനുള്ളിൽ പൂര്‍ത്തിയാകും

പദ്ധതിക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ (ബി.സി.സി.ഐ) അംഗീകാരം ലഭിച്ചിട്ടുണ്ട്. പദ്ധതിക്കാവശ്യമായ 450 കോടിയും നല്‍കുക ബി.സി.സി.ഐ യാണ്. നിർമാണം ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ആദ്യ ഘട്ടത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം, രണ്ടാം ഘട്ടത്തിൽ കൊച്ചി സ്‌പോർട്‌സ് സിറ്റി എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇൻഡോർ, ഔട്ട്‌ഡോർ പരിശീലന സൗകര്യം, പരിശീലന ഗ്രൗണ്ട്, സ്‌പോർട്‌സ് അക്കാദമി ആൻഡ് റിസർച്ച് സെൻ്റർ, ഇക്കോ പാർക്ക്, വാട്ടർ സ്‌പോർട്‌സ് പാർക്ക്, സ്‌പോർട്‌സ് മെഡിസിൻ ആൻഡ് ഫിറ്റ്‌നസ് സെൻ്റർ, ഇ സ്പോർട്സ് മേഖല, വിനോദ മേഖല, ക്ലബ് ഹൗസ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളാണ് സ്‌പോർട്‌സ് സിറ്റിയിൽ ഉണ്ടാകുക.
ഇപ്പോൾ എല്ലാ ക്രിക്കറ്റ് മത്സരങ്ങളും തിരുവനന്തപുരത്താണ് നടക്കുന്നത്. ഇതുമൂലം വടക്കൻ കേരളത്തിൽ നിന്നുള്ള ആരാധകർക്ക് മത്സരങ്ങൾ കാണാൻ വരാൻ ബുദ്ധിമുട്ടാണ്. അതിനാലാണ് കെ.സി.എ സ്റ്റേഡിയം നിര്‍മ്മാണവുമായി മുന്നോട്ടു പോകുന്നത്. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പ്രധാനമായും ഫുട്ബോൾ മത്സരങ്ങളാണ് നടക്കുന്നത്.
Tags:    

Similar News