കേന്ദ്രം കനിഞ്ഞില്ല; ഗള്‍ഫ് മലയാളികളുടെ ആ സ്വപ്‌നവും ഉപേക്ഷിച്ച് കേരളം, കപ്പലേറുമെന്ന പ്രതീക്ഷയില്‍ പ്രവാസം

സീസണടുക്കുമ്പോള്‍ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് പതിവാണ്

Update:2024-10-28 17:45 IST

image credit : canva

ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്ന മലയാളികളുടെ ഏറ്റവും വലിയ പേടി സ്വപ്‌നമാണ് നാട്ടിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക്. സീസണെത്തുമ്പോള്‍ കമ്പനികള്‍ അഞ്ചിരട്ടി വരെ ടിക്കറ്റ് വില വര്‍ധിപ്പിക്കും. ഇതിന് പരിഹാരമായി പ്രവാസി മലയാളികള്‍ക്കായി ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് തുടങ്ങാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയിരുന്നു. അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നീക്കം സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ചാര്‍ട്ടേര്‍ഡ് വിമാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യാന്തര സര്‍വീസ് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടായതിനാല്‍ കേരളത്തിന്റെ ഇടപെടലുകള്‍ക്ക് പരിമിതിയുണ്ടെന്നാണ് കേന്ദ്രനിലപാട്. വിമാനക്കമ്പനികള്‍ക്ക് നഷ്ടം നേരിട്ടാല്‍ അവര്‍ മറ്റ് സര്‍വീസുകളില്‍ നിന്നും പിന്മാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം നിലപാടെടുത്തു.
ഉത്സവ സീസണുകളില്‍ തിരക്കേറുമ്പോള്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് വില ഉയര്‍ത്തുന്നത് പതിവാണ്. ഇതിന് പരിഹാരമായാണ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരുക്കി പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ നാട്ടിലെത്താനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചത്. സംസ്ഥാന ബജറ്റില്‍ ഇതിനായി 15 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ടും പ്രഖ്യാപിച്ചു. വിമാനകമ്പനികളുടെ നഷ്ടം കുറക്കാനാണ് കോര്‍പസ് ഫണ്ട് നിശ്ചയിച്ചത്. എന്നാല്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുമതി നേടിയാല്‍ മാത്രമേ എയര്‍ക്രാഫ്റ്റ് ഓപറേറ്റര്‍മാര്‍ക്ക് ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് അധിക വിമാന സര്‍വീസ് നടത്താന്‍ കഴിയൂ. ഇതിനായുള്ള അനുമതി വേഗത്തിലാക്കാന്‍ സംസ്ഥാനം നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല.

ഇനി പ്രവാസം കപ്പലേറും

വിമാന സര്‍വീസ് നടക്കില്ലെന്ന് ഉറപ്പായതോടെ കൊച്ചിയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാകപ്പല്‍ സര്‍വീസ് തുടങ്ങാനുള്ള നീക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കുകയാണ്. യാത്രാക്കപ്പല്‍ പദ്ധതിയില്‍ താത്പര്യം അറിയിച്ച് നാല് കമ്പനികള്‍ കേരള മാരിടൈം ബോര്‍ഡിനെ സമീപിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് കമ്പനികളുമായി ചര്‍ച്ച നടത്തിയതായി തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അടുത്തിടെ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ അനുമതി കൂടി തേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ സര്‍വീസ് എന്ന രീതിയില്‍ ക്രമീകരിക്കാനാണ് സാധ്യത.
Tags:    

Similar News