മിന്നല്‍ ഹര്‍ത്താലുകള്‍ വേണ്ട, 7 ദിവസം മുമ്പ് പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി

Update: 2019-01-07 11:56 GMT

ജനജീവിതം സ്തംഭിപ്പിക്കുന്ന മിന്നൽ ഹര്‍ത്താലുകള്‍ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. ഇനി മുതല്‍ ഹര്‍ത്താലുകള്‍ ഏഴ് ദിവസം മുമ്പെങ്കിലും അറിയിച്ചിരിക്കണം. ഇടക്കാല ഉത്തരവിലാണ് ഇക്കാര്യം കോടതി വ്യക്തമാക്കിയത്.

ഹര്‍ത്താലിലുണ്ടാവുന്ന നാശനഷ്ടങ്ങള്‍ക്ക് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയുണ്ടാകും. നാശനഷ്ടം അവരില്‍ നിന്ന് ഈടാക്കും.

പ്രതിഷേധിക്കാനുള്ള അവകാശത്തേക്കാൾ മുകളിലാണു പൗരനു ജീവിക്കാനുള്ള അവകാശമെന്നു കോടതി നിരീക്ഷിച്ചു.
കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, തൃശൂരിലെ മലയാളവേദി തുടങ്ങിയവർ സമർപ്പിച്ച പൊതു താൽപര്യ ഹർജിയിന്മേലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കുന്ന പൊതുപണിമുടക്കിൽ അനിഷ്ട സംഭവങ്ങൾ നേരിടാൻ നടപടികൾ പൊലീസ് സ്വീകരിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. കെഎസ്ആർടിസി ബസുകൾക്കും സുരക്ഷ ആവശ്യപ്പെടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സുരക്ഷ നൽകുമെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു.

ഹർത്താലിൽ നടക്കുന്ന അക്രമങ്ങൾ ഭരണഘടനാ വിരുദ്ധമാണ്. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ മറ്റുള്ളവരെ അതിൽ നിർബന്ധിച്ചു പങ്കെടുപ്പിക്കുകയോ അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയോ ചെയ്യരുതെന്ന് കോടതി നിരീക്ഷിച്ചു. 

ഹർത്താലിനെതിരായി ഉയരുന്ന ജനവികാരം അതു നടത്തുന്നവർ കാണുന്നില്ലേയെന്നും കോടതി ആരാഞ്ഞു.

Similar News