യുവാക്കളുടെ ഏറ്റവും പ്രിയ തൊഴിലിടമായി കേരളം

പ്രിയപ്പെട്ട നഗരം കൊച്ചിയും തിരുവനന്തപുരവും

Update: 2023-12-21 10:04 GMT

Image courtesy: canva

ഇന്ത്യയിലെ യുവജനങ്ങള്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് കേരളത്തിലെന്ന് പുതിയ ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട്. 18-21 പ്രായക്കാരില്‍ കൂടുതല്‍ തൊഴില്‍ക്ഷമതയുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനവും കേരളത്തിന് തന്നെ. രാജ്യത്തെ 51.25 ശതമാനം യുവജനങ്ങളും തൊഴില്‍ക്ഷമത ഉള്ളവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മുന്‍ വര്‍ഷം ഇത് 50.3 ശതമാനമായിരുന്നു. ഈ പുരോഗതി സംഭാവന ചെയ്തതിലും കേരളത്തിന് വലിയ പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇംഗ്ലീഷ് ഭാഷാ പ്രവീണ്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, സംഖ്യാ നൈപുണ്യം, വിമര്‍ശനാത്മക ചിന്ത എന്നിവയില്‍ 18-29 പ്രായത്തിലുള്ള മലയാളി യുവജനങ്ങള്‍ രാജ്യത്ത് ഏറ്റവും മുന്നിലാണ്. വിവിധ നൈപുണ്യ വിഭാഗങ്ങളില്‍ ഉയര്‍ന്ന പ്രതിഭകളുടെ ലഭ്യതയില്‍ കേരളം മുന്‍നിരയിലുണ്ട്.  തൊഴില്‍ദാതാക്കള്‍ക്കുള്ള പ്രധാന കേന്ദ്രമെന്ന കേരളത്തിന്റെ നില കൂടുതല്‍ ഉറപ്പിക്കുന്നതാണ് ഈ സ്ഥിതിവിവരക്കണക്ക്.  

കൊച്ചിയും തിരുവനന്തപുരവും മുന്നില്‍

സ്ത്രീകളും പുരുഷന്മാരും ഒരേപോലെ ഇഷ്ടപ്പെടുന്ന നഗരങ്ങളില്‍ കൊച്ചി രാജ്യത്ത് രണ്ടാമതും തിരുവനന്തപുരം നാലാമതും എത്തിയായി റിപ്പോര്‍ട്ട് പറയുന്നു. കൂടുതല്‍ വനിതകള്‍ തൊഴില്‍ ചെയ്യാനിഷ്ടപ്പെടുന്ന നഗരം കൊച്ചിയാണ്. നഗരങ്ങളിലെ 18-21 പ്രായപരിധിയിലുള്ളവരുടെ തൊഴില്‍ക്ഷമതയിലും തിരുവനന്തപുരം മൂന്നാം സ്ഥാനത്തുണ്ട്. കമ്പ്യൂട്ടര്‍ നൈപുണിയില്‍ തിരുവനന്തപുരം ഒന്നാം സ്ഥാനവും കേരളം മൂന്നാം സ്ഥാനവും സ്വന്തമാക്കി.

നൈപുണ്യ പരിശീലനത്തിലും വികസനത്തിലും മികച്ച പദ്ധതികളാണ് കേരളത്തില്‍ നടന്നു വരുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) യുവജനങ്ങളുടേയും വിദ്യാര്‍ഥികളുടേയും തൊഴില്‍ക്ഷമതയും നൈപുണ്യവും വികസിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തുടനീളം 3.88 ലക്ഷം യുവജനങ്ങളെ പങ്കെടുപ്പിച്ച് ഗൂഗ്ള്‍, സി.ഐ.ഐ, എ.ഐ.സി.ടി.ഇ, എ.ഐ.യു, ടാഗ്ഡ് എന്നിവരുമായി ചേര്‍ന്ന് നടത്തിയ നാഷണല്‍ എംപ്ലോയബിലിറ്റി ടെസ്റ്റിലൂടെയാണ് ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട് തയാറാക്കിയത്.

Tags:    

Similar News