160 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടും; കേരളത്തിൽ മൂന്നാം റെയിൽ പാതയുടെ സാധ്യതാ പഠനം അവസാന ഘട്ടത്തിൽ
ശബരി റെയിൽ പാതയും പ്രതീക്ഷയുടെ ട്രാക്കിൽ
കെ റെയിലിന് ബദലായി കേന്ദ്രസർക്കാർ നിർദേശിച്ച കേരളത്തിലെ മൂന്നാം റെയിൽ പാതയുടെ സാധ്യത പഠനം അവസാന ഘട്ടത്തിൽ. മൂന്ന് റൂട്ടുകൾ ആണ് ഇതിന് പരിഗണിക്കുന്നത്. തിരുവനന്തപുരം ഡിവിഷനിലെ ഷൊർണൂർ -എറണാകുളം പാലക്കാട് ഡിവിഷനിലെ ഷൊർണൂർ-മംഗളുരു, ഷൊർണൂർ-കോയമ്പത്തൂർ എന്നീ പാതകളിലെ ആകാശ സർവ്വേ ഏകദേശം പൂർത്തിയായിട്ടുണ്ട്. ഈ റൂട്ടുകളിലെ മണ്ണ് പരിശോധനയും ആരംഭിച്ചു. സർവ്വേ നടപടികൾ പൂർത്തിയായാൽ വിശദമായ റിപ്പോർട്ട് റെയിൽവേ ബോർഡിന് സമർപ്പിക്കും. ഈ റൂട്ടുകളിൽ റെയിൽ പാത സ്ഥാപിക്കുന്നത് സാമ്പത്തികമായി നേട്ടമാണോ എന്ന കാര്യം പരിഗണിച്ച് റെയിൽവേ ബോർഡാണ് അന്തിമ തീരുമാനമെടുക്കുന്നത്.
ഇതിനുപുറമേ ഷൊർണൂർ-കോയമ്പത്തൂർ നാലാം റെയിൽ പാതയുടെ സാധ്യത പഠനവും നടക്കുന്നുണ്ട്. എന്നാൽ ഷൊർണൂർ-മംഗളുരു, ഷൊർണൂർ-കോയമ്പത്തൂർ റെയിൽ പാത നിലവിലെ പാതയ്ക്ക് സമാന്തരമായിട്ടാണോ നിർമ്മിക്കുകയെന്ന കാര്യം വ്യക്തമല്ല. വലിയ വളവുകൾ ഉള്ളതിനാൽ ഷൊർണൂർ -എറണാകുളം മൂന്നാം പാത നിലവിലെ പാതയ്ക്ക് സമാന്തരമായി നിർമിക്കാൻ കഴിയില്ലെന്ന് റെയിൽവേ വ്യക്തമാക്കി.
160 കിലോമീറ്റർ വേഗത്തിൽ ഓടും
കേരളത്തിലെ നിലവിലെ റെയിൽവേ വേഗത മണിക്കൂറിൽ 80 കിലോമീറ്ററാണ്. ചിലയിടങ്ങളിൽ ഇത് 50 കിലോമീറ്റർ ആയി ചുരുങ്ങും. ഇത് പരിഹരിക്കാനും 160 കിലോമീറ്റർ വരെ പരമാവധി വേഗത്തിൽ ട്രെയിൻ ഓടിക്കുവാനും കഴിയുന്ന വിധത്തിലായിരിക്കും നിർമ്മാണം. മൂന്നാം പാത വരുന്നതോടെ നിലവിലുള്ള ട്രെയിൻ ഗതാഗതത്തിന് വേഗത കൂട്ടുവാനും പുതിയ സർവീസുകൾ ആരംഭിക്കുവാനും സഹായിക്കും. സംസ്ഥാനത്തെ വ്യവസായങ്ങൾക്ക് പുതിയ ഊർജ്ജം നൽകുവാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
ശബരി പാതയും പ്രതീക്ഷയുടെ ട്രാക്കിൽ
കേരളത്തിന്റെ മറ്റൊരു സ്വപ്ന പദ്ധതിയായ, അങ്കമാലി മുതൽ എരുമേലി വരെയുള്ള, ശബരിപാതയും പ്രതീക്ഷയുടെ ട്രാക്കിൽ. പദ്ധതി പുനരാരംഭിക്കുവാൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ചതായും പുതുക്കിയ എസ്റ്റിമേറ്റ് തുക പങ്കിടുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും സംസ്ഥാന സർക്കാർ അറിയിച്ചു . പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അടുത്തിടെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
ആറു ജില്ലകളിലെ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ ശബരിമലയിലെത്തുന്ന ഭക്തർക്കും ഏറെ ആശ്വാസമാകും. അങ്കമാലിയിൽ നിന്ന് ആരംഭിച്ച് എരുമേലി പുനലൂർ വഴി തിരുവനന്തപുരത്തും വിഴിഞ്ഞം തുറമുഖത്തും എത്തുന്ന പദ്ധതി സംസ്ഥാനത്തിന്റെ വ്യവസായ സ്വപ്നങ്ങൾക്കും കരുത്താകും. മൂന്ന് ഘട്ടമായി നിർമ്മിക്കുന്ന പദ്ധതിയിൽ 23 സ്റ്റേഷനുകളാണുള്ളത്. വന്ദേ ഭാരത് ട്രെയിനുകൾക്ക് കൂടി ഓടാൻ അനുയോജ്യമായ വിധത്തിലുള്ള ട്രാക്കുകളോട് കൂടിയ പദ്ധതിക്ക് 3810.69 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.