വാഹനങ്ങൾ വിറ്റ ശേഷം തർക്കങ്ങൾ വർധിക്കുന്നതായി എം.വി.ഡി, ഉടമസ്ഥാവകാശം പൂർത്തിയാക്കിയില്ലെങ്കില്‍ ഒന്നാം പ്രതിയാകേണ്ട അവസ്ഥ

14 ദിവസത്തിനകം ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള അപേക്ഷ സമർപ്പിക്കണം

Update:2024-11-12 15:06 IST

Image Courtesy: Canva

വാഹനങ്ങളുടെ വിൽപനയ്ക്ക് ശേഷം എത്രയും വേഗം ഉടമസ്ഥാവകാശം പൂർത്തിയാക്കണമെന്ന് കേരള മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. വാഹനങ്ങൾ വിറ്റതിന് ശേഷം തർക്കങ്ങൾ ഉണ്ടാകുന്നത് വർധിക്കുന്നതായി എം.വി.ഡി യുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി) നിയമം അനുസരിച്ച് വാഹനവുമായി ബന്ധപ്പെട്ട ഏതൊരു കേസിലും ഒന്നാം പ്രതി വാഹന ഉടമയാണ്.
വാഹനം വിറ്റ് 14 ദിവസത്തിനകം ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള അപേക്ഷ ആർ.ടി.ഒ ഓഫീസിൽ സമർപ്പിക്കേണ്ടതുണ്ട്. ട്രാൻസ്ഫർ ഫീസ് നൽകിയാലാണ് നടപടിക്രമം പൂർത്തിയാകുക.

ഒപ്പിട്ട പേപ്പറിലുളള വില്‍പനയ്ക്ക് സാധുതയില്ല

15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളാണ് വാങ്ങുന്നതെങ്കില്‍ വാങ്ങുന്ന വ്യക്തിയുടെ പേരിൽ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ സത്യവാങ്മൂലം നൽകണം. വാഹനത്തിന് യാതൊരു ബാധ്യതകളും ഇല്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം വാങ്ങുന്നയാൾക്കാണ്.

വാഹനം അടുത്ത ബന്ധുക്കൾക്കോ ​​സുഹൃത്തുക്കൾക്കോ ​​വാഹന ഡീലർമാർക്കോ ഒപ്പിട്ട പേപ്പറിൻ്റെയോ സ്റ്റാമ്പ് രേഖയുടെയോ അടിസ്ഥാനത്തിൽ വിറ്റാലും കൈമാറ്റം പൂർത്തിയായതായി കണക്കാക്കാന്‍ സാധിക്കില്ലെന്നും എം.വി.ഡി വ്യക്തമാക്കുന്നു. ഉടമസ്ഥാവകാശം കൈമാറിയാലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുക എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
ആർ.ടി.ഒയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർക്ക് വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തമുണ്ട്. വാങ്ങുന്നയാൾക്ക് ഡീലർമാർ ട്രാൻസ്ഫർ പ്രക്രിയ പൂർത്തിയാക്കി നല്‍കേണ്ടതുണ്ട്. അതേസമയം കേരളത്തില്‍ നിലവിൽ മൂന്ന് സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർ മാത്രമാണ് ആർ.ടി.ഒ യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Tags:    

Similar News