പാലക്കാട് റെയില്‍വേ ഡിവിഷന്‍ കേരളത്തിന് നഷ്ടപ്പെടുമോ; അതോ തമിഴ്‌നാടും കര്‍ണാടകയും കൊണ്ടുപോകുമോ?

പാലക്കാട് ഡിവിഷന്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ഡിവിഷനുകളില്‍ ഒന്നാണ്

Update:2024-05-13 10:13 IST

Representational Image : Canva

ദക്ഷിണ റെയില്‍വേയുടെ പ്രധാന ഡിവിഷനുകളിലൊന്നായ പാലക്കാട് ഡിവിഷന്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാക്കി സംസ്ഥാന സര്‍ക്കാരും യാത്രക്കാരും. ഡിവിഷനെ ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ട് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്‌മാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതി. കര്‍ണാടക കേന്ദ്രീകരിച്ച ലോബിയാണ് പാലക്കാട് ഡിവിഷനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് ആരോപണം.
രാജ്യത്തെ പഴക്കംചെന്ന ഡിവിഷന്‍
പാലക്കാട് ഡിവിഷന്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ഡിവിഷനുകളില്‍ ഒന്നാണ്. 1956ലാണ് ഇത് രൂപീകരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഏറെ സംഭാവനകള്‍ ചെയ്യുന്ന ഡിവിഷന്‍ കൂടിയാണ് പാലക്കാട്. 588 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡിവിഷന്‍ പോത്തന്നൂര്‍ മുതല്‍ മംഗളൂരു വരെയാണ്. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ചാണ് സേലം ഡിവിഷന്‍ രൂപീകരിച്ചത്.
ഇതിനുശേഷം പലപ്പോഴായി പാലക്കാട് ഡിവിഷനെ ഇല്ലാതാക്കാന്‍ ശ്രമം നടന്നെങ്കിലും അന്നെല്ലാം പ്രതിഷേധം മൂലം നീക്കം വിജയിച്ചില്ല. പാലക്കാടിനെ ഇല്ലാതാക്കി കോയമ്പത്തൂര്‍, മംഗളൂരു ഡിവിഷനുകള്‍ ആരംഭിക്കാനാണ് നീക്കമെന്നാണ് സൂചന.
ചെന്നൈ ആസ്ഥാനമായുള്ള ദക്ഷിണ റെയില്‍വേയ്ക്ക് 6 ഡിവിഷനുകളാണുള്ളത്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് കേരളത്തില്‍ നിന്നുള്ളത്. പാലക്കാട് അടച്ചുപൂട്ടിയാല്‍ തിരുവനന്തപുരം മാത്രമാകും കേരളത്തില്‍ നിന്നുള്ള ഡിവിഷന്‍.
യാത്രക്കാരെ ബാധിക്കും
പാലക്കാട് ഡിവിഷന്‍ ഇല്ലാതായാല്‍ യാത്രക്കാരെ തീരുമാനം വലിയ തോതില്‍ ബാധിക്കും. ഇപ്പോള്‍ തന്നെ ആവശ്യത്തിന് സര്‍വീസുകളില്ലാതെ യാത്രക്ലേശം രൂക്ഷമാണ്. പുതിയ ട്രെയിനുകളും പദ്ധതികളും ലഭിക്കണമെങ്കില്‍ ഡിവിഷന്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണ്. വരുമാനം ഏറെയുള്ള ഡിവിഷനെ ഇല്ലായ്മ ചെയ്താല്‍ കേരളത്തിന്റെ റെയില്‍വേ വികസനത്തിനും അതു തിരിച്ചടിയാകും.
റെയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ കേരളത്തോട് കടുത്ത അവഗണനയാണ് തുടരുന്നതെന്ന് മന്ത്രി അബ്ദുറഹ്‌മാന്‍ പറഞ്ഞു. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഏറെ മുന്നിലാണ് പാലക്കാട് ഡിവിഷന്‍. ഒരു പോരായ്മകളും ചൂണ്ടിക്കാണിക്കാനില്ലാതിരുന്നിട്ടും ഈ ഡിവിഷന്‍ നിര്‍ത്തലാക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും മന്ത്രി ആരോപിച്ചു.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ദക്ഷിണ റെയില്‍വേക്കായി കൂടുതല്‍ വരുമാനമുണ്ടാക്കിയ റെയില്‍വേ സ്റ്റേഷനുകളില്‍ ആദ്യ പത്തില്‍ കേരളത്തില്‍ നിന്ന് നാലു സ്റ്റേഷനുകളാണ് ഉള്‍പ്പെട്ടത്. കേരളത്തിലെ സ്റ്റേഷനുകളില്‍ ഒന്നാം സ്ഥാനത്തുള്ളത് തിരുവനന്തപുരമാണ്. 263 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. 2022-23 സാമ്പത്തികവര്‍ഷം 216 കോടി രൂപയായിരുന്നു തിരുവനന്തപുരത്തിന്റെ വരുമാനം. പാലക്കാട് റെയില്‍വേ സ്റ്റേഷന്‍ 115 കോടി രൂപ വരുമാനമുണ്ടാക്കി.
Tags:    

Similar News