ബെസ്റ്റ് ടൂറിസം വില്ലേജ് അവാര്‍ഡ്; ദേശീയതലത്തില്‍ കേരളത്തിന് അഭിമാനമായി കടലുണ്ടിയും കുമരകവും

8 കാറ്റഗറികളിലായി രാജ്യത്തെ ആയിരത്തോളം വില്ലേജുകളാണ് മത്സരത്തില്‍ പങ്കെടുത്തത്

Update:2024-09-28 12:31 IST

image credit : kerala tourism facebook page

ലോക ടൂറിസം ദിനത്തില്‍ ഉത്തരവാദിത്ത ടൂറിസം രംഗത്ത് ഇരട്ടത്തിളക്കവുമായി കേരളം. കേന്ദ്രസര്‍ക്കാരിന്റെ ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് അവാര്‍ഡില്‍ കടലുണ്ടിയും കുമരകവും ഇടംനേടി. ഉത്തരവാദിത്ത ടൂറിസം മിഷന്റെ മികച്ച പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡ് നേട്ടത്തിലേക്ക് നയിച്ചത്. ദേശീയതലത്തില്‍ ഈ വര്‍ഷം കേരളം നേടുന്ന രണ്ടാമത്തെ അവാര്‍ഡാണിത്.
8 കാറ്റഗറികളിലായി രാജ്യത്തെ ആയിരത്തോളം വില്ലേജുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇതില്‍ കടലുണ്ടിക്ക് മികച്ച റെസ്‌പോണ്‍സിബിള്‍ ടൂറിസം വില്ലേജ് അവാര്‍ഡും കുമരകത്തിന് മികച്ച അഗ്രി ടൂറിസം വില്ലേജ് അവാര്‍ഡും ലഭിച്ചു. ടൂറിസം ദിനത്തില്‍ തന്നെ ഇത്തരമൊരു അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ബെസ്റ്റ് ടൂറിസം വില്ലേജ് പുരസ്‌ക്കാരം കേരളത്തിന് ലഭിക്കുന്നത്. കഴിഞ്ഞ തവണ കാന്തല്ലൂരിന് പുരസ്‌ക്കാരം ലഭിച്ചിരുന്നു.

ഗ്രാമീണ കാഴ്ചകളൊരുക്കി കടലുണ്ടി

ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ കടലുണ്ടി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ സ്ട്രീറ്റ് പദ്ധതിയാണ് കടലുണ്ടിയെ അവാര്‍ഡ് നേട്ടത്തിലേക്ക് നയിച്ചത്. കേരളത്തില്‍ സ്ട്രീറ്റ് പദ്ധതി നടപ്പിലാക്കാന്‍ തെരഞ്ഞെടുത്ത പത്ത് സ്ഥലങ്ങളിലൊന്നാണ് കേരളം. കടലുണ്ടിയെ ഗ്രീന്‍ ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിനുള്ള നിരവധി പദ്ധതികളാണ് ഇവിടെ നടപ്പിലാക്കിയത്. ആര്‍ട്ട് സ്ട്രീറ്റ്, ഗ്രീന്‍ സ്ട്രീറ്റ്, എത്‌നിക്ക് സ്ട്രീറ്റ്, ഫുഡ് സ്ട്രീറ്റ് എന്നിവയാണ് പദ്ധതിയിലുള്‍പ്പെട്ടത്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് മീന്‍പിടുത്തം, കൃഷി എന്നിവ ആസ്വദിക്കുന്നതിനൊപ്പം കര്‍ഷകര്‍ക്കൊപ്പം ദിവസം ചെലവഴിക്കാനും നെല്‍വയലിലൂടെ നടക്കാനുമുള്ള അവസരമുണ്ട്. കഴിഞ്ഞ വര്‍ഷം 26 രാജ്യങ്ങളില്‍ നിന്നുള്ള ബ്ലോഗര്‍മാരാണ് ഇവിടെയെത്തിയത്.

ഫാം ടൂറിസത്തില്‍ മുന്നേറി കുമരകം

കായലുകളും മികച്ച രീതിയില്‍ പരിപാലിക്കുന്ന ഫാമുകളുമാണ് കുമരകത്തിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. കുമരകം ഗ്രാമപഞ്ചായത്തിന്റെയും ഉത്തരവാദിത്ത ടൂറിസം മിഷന്റെയും നേതൃത്വത്തില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളും കുമരകത്തിന് നേട്ടമായി. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമേല്‍പ്പിക്കാതെ വിജയകരമായി വിനോദസഞ്ചാരം സാധ്യമാക്കിയതിനാണ് അവാര്‍ഡ്. ഫാമിംഗ് -ഫിഷിംഗ് എക്‌സ്പീരിയന്‍സ്, എ ഡേ വിത്ത് ഫാര്‍മര്‍ തുടങ്ങിയ നിരവധി പദ്ധതികളാണ് ഇവിടെ നടപ്പിലാക്കിയത്. ഇതാദ്യമായാണ് കാര്‍ഷിക വിനോദസഞ്ചാരത്തിന് കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. 2,700 ഹെക്ടറിലധികം ഭൂമിയിലാണ് കുമരകത്ത് കൃഷി ചെയ്യുന്നത്.
ലോക ടൂറിസം ഡേയുടെ ഭാഗമായി ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്രടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് അവാര്‍ഡ് വിതരണം ചെയ്തു.
Tags:    

Similar News