ലോക റോബോട്ട് ഒളിമ്പ്യാഡില്‍ ചരിത്രം സൃഷ്ടിച്ച് കേരള സ്റ്റാര്‍ട്ടപ് കമ്പനി

ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ നിന്ന് ഒരു ടീം ഇന്റര്‍നാഷണല്‍ വിഭാഗത്തില്‍ എത്തുന്നതും വിജയിക്കുന്നതും

Update:2024-12-06 16:44 IST

വേള്‍ഡ് റോബോട്ട് ഒളിമ്പ്യാഡില്‍ വിജയം നേടിയ കാത്‌ലിന്‍ മേരി ജീസനും ക്ലെയര്‍ റോസ് ജീസനും യുണീക്ക് വേള്‍ഡ് റോബോട്ടിക്‌സ് സ്റ്റാര്‍ട്ടപ് മെന്റര്‍മാരുമൊത്ത്

തുര്‍ക്കിയില്‍ നടന്ന വേള്‍ഡ് റോബോട്ട് ഒളിമ്പ്യാഡില്‍ (ഡബ്ല്യു.ആര്‍.ഒ-2024) ചരിത്രം സൃഷ്ടിച്ച് കേരള സ്റ്റാര്‍ട്ടപ്പ് കമ്പനി. എ.ഐ, റോബോട്ടിക്‌സ്, സ്റ്റെം എജ്യുക്കേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുണീക്ക് വേള്‍ഡ് റോബോട്ടിക്‌സാണ് (യു.ഡബ്ല്യു.ആര്‍) ഫ്യൂച്ചര്‍ ഇന്നൊവേറ്റേഴ്സ് എലിമെന്ററി വിഭാഗത്തില്‍ വിജയിച്ചത്. ഒളിമ്പ്യാഡിന്റെ രണ്ട് പതിറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ നിന്ന് ഒരു ടീം ഇന്റര്‍നാഷണല്‍ വിഭാഗത്തില്‍ എത്തുന്നതും വിജയിക്കുന്നതും. മത്സരത്തില്‍ യു.ഡബ്ല്യു.ആറിന്റെ ടീമായ റെസ്‌ക്യൂ ടെക് അലൈസ് മൂന്നാം സ്ഥാനമാണ് നേടിയത്. 85 രാജ്യങ്ങളില്‍ നിന്നുള്ള 450-ലധികം ടീമുകളുമായി മത്സരിച്ചാണ് ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്.

രക്ഷാപ്രവര്‍ത്തനം ഇനിയെളുപ്പം

മാള ഹോളി ഗ്രേസ് അക്കാദമിയിലെ സഹോദരിമാരായ കാത്‌ലിന്‍ മേരി ജീസന്‍ (12), ക്ലെയര്‍ റോസ് ജീസന്‍ (9) സഖ്യമാണ് ആഗോള വേദിയില്‍ കമ്പനിയെ പ്രതിനിധീകരിച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വര്‍ഷം മത്സരവേദിയിലെത്തിയ ഏക ടീമും ഇവരുടേതാണ്. 2018 ലും 2019 ലും കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള ദുരന്തനിവാരണ പ്രവര്‍ത്തനത്തില്‍ നിന്നാണ് ഇവര്‍ ഒളിമ്പ്യാഡിലെ പ്രൊജക്ടിനുള്ള ആശയം രൂപപ്പെടുത്തിയത്. വെള്ളപ്പൊക്ക സമയത്ത് ജീവന്‍രക്ഷാ ചങ്ങാടമായി പ്രവര്‍ത്തിക്കാനും അവശ്യ സാധനങ്ങള്‍ എത്തിക്കാനും കഴിയുന്ന ബഹുമുഖ സംവിധാനമാണ് അക്വാ റെസ്‌ക്യൂ റാഫ്റ്റ് 1.0. ദുരന്ത നിവാരണത്തിനു പുറമേ വെള്ളത്തിന്റെ ഗുണനിലവാരം തിരിച്ചറിയാനും മാലിന്യം നീക്കം ചെയ്യാനും ഇത് പ്രയോജനപ്പെടുത്താം. ശേഖരിക്കുന്ന ഡാറ്റ അക്വാ വാച്ച് ആപ്പ് വഴി പങ്കിടുകയും ചെയ്യും.

യുണീക് വേള്‍ഡ് റോബോട്ടിക്‌സ്

ഇന്ത്യയിലും ജി.സി.സി രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന കേരളം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പാണ് യുണീക് വേള്‍ഡ് റോബോട്ടിക്‌സ്. അന്താരാഷ്ട്ര റോബോട്ടിക്‌സ് മത്സരങ്ങളില്‍ സ്ഥിരസാന്നിധ്യമായ ഇവരുടെ ടീം നിരവധി സമ്മാനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ആഗോള ഇന്നൊവേഷനിലും മത്സരരംഗത്തും കേരളത്തിന്റെ പ്രാതിനിധ്യം വളരെ കുറവാണ്. ഈ മേഖലയില്‍ നിന്നുള്ള ഒരു സ്റ്റാര്‍ട്ടപ്പ് എന്ന നിലയില്‍, ഈ വിടവ് നികത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Tags:    

Similar News