കേരള ഫുട്ബോളിന് ഉണര്‍വേകാന്‍ കേരള സൂപ്പര്‍ ലീഗ്
നവംബറില്‍ കെ.എസ്.എല്ലിന്റെ പന്തുരുളും
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മാതൃകയില്‍ കേരള സൂപ്പര്‍ ലീഗ് എത്തുന്നു. എട്ട് പ്രൊഫെഷണല്‍ ഫുട്ബോള്‍ ടീമുകളാണ് കേരള സൂപ്പര്‍ ലീഗിന്റെ (കെ.എസ്.എല്‍) ഭാഗമാവുക. നവംബറില്‍ കെ.എസ്.എല്ലിന്റെ പന്തുരുളും. കെ.എസ്.എല്ലിനു ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ഫുട്ബോള്‍ മേളയുടെ ലോഗോ തലസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.
60 മത്സരങ്ങള്‍
എല്ലാ വര്‍ഷവും നവംബറില്‍ ആരംഭിച്ച് 90 ദിവസത്തെ കാലയളവില്‍ കേരളത്തിലെ നാല് വേദികളിലാണ് ഈ ടൂര്‍ണമെന്റ് നടക്കുക. വിവിധ സ്റ്റേഡിയങ്ങളിലായി 60 മത്സരങ്ങള്‍ നടക്കുന്ന കെ.എസ്.എല്ലിന്റെ ആദ്യ പതിപ്പിലേക്ക് കേരളത്തിലെയും പുറത്തെയും ഫുട്ബോള്‍ പ്രേമികളെ ആകര്‍ഷിക്കുന്നതിനായുള്ള പദ്ധതികളും തയാറായി വരികയാണ്. ദേശീയ അന്തര്‍ദേശീയ സ്പോണ്‍സര്‍ഷിപ്പുകള്‍ ഇതിനോടകം കെ.എസ്.എല്ലിന് ലഭിച്ചിട്ടുണ്ട്. ദേശീയ, വിദേശ ഫുട്ബോള്‍ താരങ്ങള്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിയമപ്രകാരം ലീഗില്‍ കളിക്കുന്നുണ്ട്.
എട്ട് ടീമുകള്‍, നാലു സ്റ്റേഡിയങ്ങള്‍
തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറത്ത് നിന്ന് രണ്ട് ടീം, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നായിരിക്കും ടീമുകള്‍.