പ്രകൃതിയിലേക്ക് ചാഞ്ഞിരുന്ന് ഓഫീസ് ജോലി! ടെക്കികള്‍ക്ക് മനംമടുപ്പ് മാറ്റാന്‍ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ അവസരം
കേരളത്തിന്റെ ദൃശ്യഭംഗി ആസ്വദിച്ചു കൊണ്ട് ഐടി പ്രൊഫഷനലുകൾക്കും വ്യവസായികൾക്കും റിമോട്ട് ജോലികളിൽ ഏർപ്പെടാവുന്ന സംവിധാനങ്ങളാണ് ഇവിടെ ഒരുക്കുന്നത്
ഓഫീസിലെ സ്ഥിരം കാഴ്ചകളിൽ നിന്നും മാറി ഏതെങ്കിലും ടൂറിസം കേന്ദ്രത്തിലിരുന്ന് പ്രകൃതി ഭംഗി ആസ്വദിച്ച് ജോലി ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അതിനൊരു അവസരമൊരുക്കുകയാണ് കേരള സർക്കാർ. സ്‌റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് സംസ്‌ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിൽ വർക്കേഷൻ സ്‌റ്റേഷനുകൾ സ്‌ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ടൂറിസം വകുപ്പ്. കേരളത്തിൻറെ ദൃശ്യഭംഗി ആസ്വദിച്ചു കൊണ്ട് ഐടി പ്രൊഫഷനലുകൾക്കും വ്യവസായികൾക്കും റിമോട്ട് ജോലികളിൽ ഏർപ്പെടാവുന്ന സംവിധാനങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ഓഫീസ് ജോലികൾ ചെയ്യാനുള്ള ഇന്റർനെറ്റ് പോലുള്ള മികച്ച സൗകര്യങ്ങൾക്കൊപ്പം ജീവനക്കാർക്ക് വിശ്രമിക്കാനും വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സംവിധാനവും ഇത്തരം കേന്ദ്രങ്ങളിലുണ്ടാകും.
ടൂറിസം കേന്ദ്രങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തോടെ സംരംഭങ്ങൾ തുടങ്ങാൻ സർക്കാർ ആലോചിക്കുന്ന സാഹചര്യത്തിൽ മികച്ച നിക്ഷേപ അവസരം കൂടിയാണ് ഇത്തരം വർക്ക് പോഡുകൾ. പരമ്പരാഗത ടൂറിസം അനുഭവങ്ങളിൽ നിന്നും വ്യത്യസ്‌തമായി നൂതന ആശയങ്ങൾ നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിതെന്ന് ടൂറിസം വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ഇക്കാര്യത്തിൽ രണ്ട് മൂന്ന് ആഴ്‌ചകൾക്കുള്ളിൽ കൃത്യമായ രൂപമാകുമെന്നാണ് വിവരം.
ആദ്യ ഘട്ടം വർക്കലയിൽ
കൊവിഡ് മഹാമാരിക്ക് ശേഷം ട്രെൻഡായ രീതികളാണ് സ്‌റ്റേക്കേഷനും ഓഫീസിലെത്താതെ മറ്റെവിടെയെങ്കിലും ഇരുന്ന് ജോലി ചെയ്യുന്ന റിമോട്ട് വർക്കും. രാജ്യത്തും പുറത്തുമുള്ള ധാരാളം കമ്പനികൾ ജീവനക്കാരുടെ ഉത്പാദന ക്ഷമത കൂട്ടാനും മാനസിക ഉല്ലാസത്തിനുമായി ഇന്ന് ഇത്തരം സ്റ്റേക്കേഷനുകൾ തിരഞ്ഞെടുക്കാറുണ്ട്. ഇത് കണക്കിലെടുത്ത് പരീക്ഷണമെന്ന നിലയിൽ വർക്കലയിൽ വർക്ക് പോഡുകൾ സ്ഥാപിക്കാനാണ് ടൂറിസം വകുപ്പ് ആലോചിക്കുന്നത്. പദ്ധതി വിജയിച്ചാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും വർക്ക് പോഡുകൾ സ്‌ഥാപിക്കുന്നതിന് സ്‌റ്റാർട്ടപ്പുകളെ സർക്കാർ തേടുന്നുണ്ട്. അടുത്ത് തന്നെ ഇത് സംബന്ധിച്ച അറിയിപ്പും പുറത്തുവരും. വർക്കലയെക്കൂടാതെ വയനാടും ഇത്തരം കേന്ദ്രങ്ങൾ തുടങ്ങാനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നുണ്ട്. ബംഗളൂരുവിൽ നിന്നുള്ള ടെക്ക് ജീവനക്കാർക്ക് എളുപ്പത്തിൽ എത്താൻ കഴിയുമെന്നതിനാൽ വാരാന്ത്യങ്ങളിൽ കൂടുതൽ ആളുകൾ ഈ സൗകര്യം ഉപയോഗിക്കുമെന്നാണ് സൂചന.
പ്രഖ്യാപനം കഴിഞ്ഞ വർഷം
കേരളത്തിൽ വർക്ക് സ്‌റ്റേഷൻ പ്രോജക്‌ടുകൾ തുടങ്ങുമെന്ന കാര്യം ഒരു വർഷം മുമ്പാണ് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. എന്നാൽ പല വിധ കാരണങ്ങളാൽ പദ്ധതി വൈകി. സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയും പദ്ധതിക്ക് വിഘാതമായി. തുടർന്നാണ് സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ ആരംഭിക്കാനുള്ള സാധ്യതകൾ വകുപ്പ് തേടിയത്. തദ്ദേശസ്വയം ഭരണ സ്‌ഥാപനങ്ങൾ, സംസ്‌ഥാന സർക്കാർ, സ്വകാര്യ വ്യക്തികൾ എന്നിവരുടെ സംയുക്‌ത സംരംഭമായി പദ്ധതികൾ പി.പി പി മാതൃകയിൽ നടപ്പിലാക്കാനാണ് ആലോചന.