ആറന്മുള കണ്ണാടി മുതല്‍ തോട്ടങ്ങള്‍ വരെ, ലോകത്തിന് മുന്നില്‍ ടൂറിസം സാധ്യതകള്‍ നിരത്തി കേരളം
രാജ്യത്ത് 10 ലക്ഷം കോടിയുടെ വിവാഹ വിപണി, കേരള ടൂറിസത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ ശേഷിയെന്ന് വിദഗ്ധര്‍
കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ ലോകത്തിന് മുന്നില്‍ തുറന്ന് കേരള ട്രാവല്‍ മാര്‍ട്ടിന് (കെ.ടി.എം) കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സമുദ്ര സാഗരിക കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കം. 76 രാജ്യങ്ങളില്‍ നിന്നുള്ള 804 വിദേശ ബയര്‍മാരും 2,035 ആഭ്യന്തര ബയര്‍മാരുമാണ് മാര്‍ട്ടില്‍ പങ്കെടുക്കുന്നത്. ഇത് റെക്കോര്‍ഡാണ്. ഫാം ടൂറിസം മുതല്‍ ഹൗസ് ബോട്ട് വരെയുള്ള കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ലോകത്തിന് പരിചയപ്പെടുത്തുന്ന 347 സ്റ്റാളുകളും മാര്‍ട്ടിലുണ്ട്. നാളെ അവസാനിക്കുന്ന മാര്‍ട്ടിന്റെ പ്രവര്‍ത്തനോദ്ഘാടനം വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ആപ്പ് ഉണ്ടാക്കിയത് കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ്
കെ.ടി.എമ്മിലെത്തുന്നവര്‍ക്കുള്ള എല്ലാ വിവരങ്ങളുമടങ്ങിയ മൊബൈല്‍ ആപ്പും ശ്രദ്ധേയമാവുകയാണ്. കൊച്ചി ആസ്ഥാനമായ സ്പ്രിദ് (SPRDH) എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഈ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. മാര്‍ട്ടിനെത്തുന്നവര്‍ക്കുള്ള എല്ലാ വിവരങ്ങളുമടങ്ങിയ ആപ്ലിക്കേഷന്‍ വഴി ബയര്‍-സെല്ലര്‍ കൂടിക്കാഴ്ചകള്‍ നേരത്തെ തന്നെ ബുക്ക് ചെയ്യാന്‍ സാധിക്കും. കൂടാതെ മാര്‍ട്ടിനെത്തിയ സെല്ലര്‍മാരുടെ പൂര്‍ണ വിവരങ്ങളും ഇതില്‍ നിന്ന് ലഭിക്കും. ബ്രോഷര്‍, നോട്ടീസ് തുടങ്ങിയവയുടെ ചെലവ് ഒഴിവാക്കാനും ഹരിത ചട്ടം പാലിക്കാനും ആപ്പ് സഹായകമാണെന്ന് മാര്‍ട്ടിനെത്തിയവര്‍ അഭിപ്രായപ്പെട്ടു. നേരത്തെ ഡോക്ടര്‍മാരുടെ സമ്മേളനങ്ങള്‍ക്ക് വേണ്ടിയുള്ള ആപ്പ് നിര്‍മിച്ചാണ് സ്പ്രിദ് ശ്രദ്ധേയമായത്. ഇവന്റുകള്‍ക്ക് വേണ്ടി രജിസ്‌ട്രേഷന്‍ മുതല്‍ നടത്തിപ്പുവരെയുള്ള കാര്യങ്ങള്‍ സംഘാടകര്‍ക്ക് തന്നെ ചെയ്യാന്‍ കഴിയുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.
ആറന്മുള കണ്ണാടി മുതല്‍ തോട്ടങ്ങള്‍ വരെ
വിനോദസഞ്ചാര രംഗത്ത് കേരളം പൂര്‍ണമായും പ്രയോജനപ്പെടുത്താത്ത നിരവധി സാധ്യതകള്‍ തുറന്നിടുന്നത് കൂടിയായിരുന്നു ട്രാവല്‍ മാര്‍ട്ട്. പത്തനംതിട്ട എലന്തൂരില്‍ മന്നാസ് വീടെന്ന പേരില്‍ ഹോം സ്‌റ്റേ നടത്തുന്ന അജി അലക്‌സെന്ന സംരംഭകന്‍ ഇതിനൊരു ഉദാഹരണമാണ്. കേരളീയ ഗ്രാമീണ അനുഭവവും ആറന്മുള കണ്ണാടി പോലുള്ള കാഴ്ചകളും സമന്വയിപ്പിച്ചാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. സംസ്ഥാനം ഇതുവരെ പരിഗണിക്കാത്ത തോട്ടം മേഖലയെ ടൂറിസം സാധ്യതകള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്ന ആവശ്യവും മാര്‍ട്ടിനെത്തുന്നവര്‍ ഉയര്‍ത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണകൂടിയുണ്ടെങ്കില്‍ തോട്ടം മേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് വ്യവസായ ലോകത്തിന്റെ കണക്കുകൂട്ടല്‍. നിലവില്‍ സംസ്ഥാനത്തെ തോട്ടം മേഖലയുടെ അഞ്ച് ശതമാനം മാത്രമാണ് വൈവിദ്ധ്യവത്കരണത്തിന് അനുമതിയുള്ളത്. ഈ മേഖലയില്‍ നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കിയാല്‍ തോട്ടങ്ങളിലെ നിലവിലുള്ള കെട്ടിടങ്ങള്‍ തന്നെ ടൂറിസത്തിന് വേണ്ടി ഉപയോഗിക്കാം. തോട്ടങ്ങളിലെ ഹോം സ്‌റ്റേയ്ക്ക് ഏകീകൃത സ്വഭാവം വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തോട്ടം മേഖലയില്‍ കേരളത്തിന്റെ സമീപനം ഏറെ മെച്ചമാണെന്നും മാര്‍ട്ടിനെത്തിയവര്‍ പറയുന്നു. തമിഴ്‌നാട്ടില്‍ പലയിടത്തും എസ്റ്റേറ്റ് ബംഗ്ലാവുകള്‍ നന്നാക്കാന്‍ പോലും അനുമതിയില്ല. കേരളത്തില്‍ ഈ മേഖലയില്‍ നിക്ഷേപം നടത്തുന്നത് ലാഭകരമാണെന്നും ബ്രിയാര്‍ ടീ ബംഗ്ലാവ് സീനിയര്‍ മാനേജര്‍ വൈശാലി ഭൂഷണ പറഞ്ഞു.
ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് 10 ലക്ഷം കോടി രൂപയുടെ വിപണി
രാജ്യത്തെ വിവാഹ വിപണി 10.9 ലക്ഷം കോടി രൂപയിലേക്ക് കുതിക്കുമെന്ന പ്രവചനം കേരളത്തിന് പ്രതീക്ഷയാണ്. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് രംഗത്ത് പുതിയ സാധ്യതകള്‍ തേടുന്ന കേരളത്തിന് പ്രതീക്ഷയേകുന്ന കണക്കാണിത്. എന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുള്ള സംസ്ഥാനമായിട്ടും ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിന് കേരളത്തില്‍ 15 വേദികള്‍ മാത്രമേയുള്ളൂ. ഇത് നിരാശാജനകമാണെന്ന് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് പ്ലാനര്‍ റെയിന്‍ മേക്കര്‍ ഇവന്റ്‌സിന്റെ സി.ഇ.ഒ ജുവല്‍ ജോണ്‍ പറഞ്ഞു. വെഡ്ഡിംഗ് ടൂറിസം കേരളത്തിന്റെ ഭാവിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള ട്രാവല്‍ മാര്‍ട്ടില്‍ കേരള ടൂറിസം ഭാവിയിലേക്കുള്ള വഴിയെന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഇതുമായി ബന്ധപ്പെട്ട നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്നു. പുരോഗമ ചിന്തയിലൂടെ വളര്‍ന്നുവരുന്ന പുതുതലമുറയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ആതിഥേയര്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകണമെന്ന് സെമിനാറിലെത്തിയ വിദേശ പ്രതിനിധി പറഞ്ഞു. കേരളത്തിന്റെ ഇക്കാര്യത്തിലെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മാതൃകയാണെന്നും വിദേശ പ്രതിനിധിയായ റിക്ക ജീന്‍ ഫ്രാന്‍സ്വെ പറഞ്ഞു.
ഞായറാഴ്ച പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം
വെല്ലിംഗ്ടണ്‍ ഐലന്റില്‍ നടക്കുന്ന കെ.ടി.എമ്മില്‍ വാണിജ്യ കൂടിക്കാഴ്ചകള്‍, നയകര്‍ത്താക്കളുടെ യോഗങ്ങള്‍, ദേശീയ-അന്തര്‍ദേശീയ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ തുടങ്ങിയവയാണ് നടക്കുന്നത്. മാര്‍ട്ട് സമാപിക്കുന്ന ഞായറാഴ്ച പൊതുജനങ്ങള്‍ക്ക് സൗജന്യമായി മാര്‍ട്ട് സന്ദര്‍ശിക്കാം.