കാരവാന്‍ മുതല്‍ ആയുര്‍വേദം വരെ; പുതു പ്രതീക്ഷയേകി കേരള ട്രാവല്‍ മാര്‍ട്ട്

69 രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഭാഗമായി

Update:2022-05-10 17:54 IST

കോവിഡില്‍ നിന്ന് കരകയറുന്ന സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് പുതു പ്രകീക്ഷയേകി പതിനൊന്നാമത് കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം). 69 രാജ്യങ്ങളില്‍ നിന്നായി ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുന്നൂറോളം സ്ഥാപനങ്ങളാണ് കേരള മാര്‍ട്ടില്‍ പങ്കെടുത്തത്. രാജ്യാന്തര തലത്തില്‍ കേരളത്തിലെ വിനോദ സഞ്ചാര മേഖലയുടെ സാധ്യതകള്‍ പരിചയപ്പെടുത്തുകയാണ് ട്രാവല്‍ മാര്‍ട്ടിന്റെ ലക്ഷ്യം.

ട്രാവല്‍ മാര്‍ട്ടിന്റെ ഭാഗമായി പ്രദര്‍ശനങ്ങള്‍ക്കെത്തിയ സംരംഭകരെല്ലാം പങ്കുവെച്ചത് വിനോദ സഞ്ചാര ഭൂപടത്തിലെ കേരളത്തിന്റെ സാധ്യതകളെ കുറിച്ചാണ്. കോവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണെന്നാണ് ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാനെത്തിയ ഭൂരിഭാഗം സംരംഭകരും പറഞ്ഞത്. ട്രാവല്‍ മാര്‍ട്ടിലൂടെ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ നിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ വലിയ സാധ്യതകള്‍ തുറന്നിടുന്ന കാരവാന്‍ ടൂറിസം മാര്‍ട്ടിന്റെ ശ്രദ്ധാ കേന്ദ്രമായി. ക്യാംപര്‍ വാഹനം മുതല്‍ പ്രകൃതിദത്ത ജല സംഭരണ രീതിയായ സുരങ്ക വരെ ട്രാവല്‍ മാര്‍ട്ടില്‍ പ്രദര്‍ശനത്തിനെത്തി. ഹെലികോപ്റ്റര്‍ സേവനം നല്‍കുന്ന കമ്പനി മുതല്‍ പരമ്പരാഗത കോപ്പ് നിര്‍മാതാക്കള്‍ വരെ മാര്‍ട്ടിന്റെ ഭാഗമായി. 25 സംസ്ഥാനങ്ങളില്‍ നിന്നായി 1200ഓളം ബയേഴ്‌സ് എത്തിയ മാര്‍ട്ടില്‍  55,000 ഓളം വാണിജ്യ കൂടിക്കാഴ്ചകളാണ് നടന്നത്. ഇത്രയധികം കൂടിക്കാഴ്ചകള്‍ നടന്നത് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കെടിഎമ്മിനെ വളരെ ഗൗരവത്തോടെ കാണുന്നതിന്റെ തെളിവാണെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു ചൂണ്ടിക്കാട്ടി.

വിനോദ സഞ്ചാര മേഖലയെ മുന്നില്‍ കണ്ട് കൊണ്ട് അടിസ്ഥാന സൗകര്യവികസനം ത്വരിതപ്പെടുത്തിക്കഴിഞ്ഞെന്ന് മാര്‍ട്ടിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ചീഫ് സെക്രട്ടറി ഡോ. വി പി ജോയി അറിയിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ടൂറിസം മേഖലയ്ക്ക് എല്ലാ സഹകരണവും ഉണ്ടാകുമെന്ന് അറിയിച്ച ചീഫ് സെക്രട്ടറി, പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ ഏറ്റവും മികച്ച മാതൃകയെന്ന നിലയിലുള്ള മാര്‍ട്ടിന്റെ പ്രാധാന്യവും ഉയര്‍ത്തിക്കാട്ടി. കൊച്ചി വില്ലിങ്ടണ്‍ ഐലന്റില്‍ നാല് ദിവസമായി നടന്ന കേരള ട്രാവല്‍ മാര്‍ട്ട് ഞായറാഴ്ചയാണ് അവസാനിച്ചത്.

Tags:    

Similar News