കേരളത്തിന് രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ടെയിനുകൾ ലഭിച്ചേക്കും , സാധ്യത ഈ റൂട്ടുകളിൽ: ട്രയൽ റൺ മിക്കവാറും അടുത്ത മാസം
വന്ദേ ഭാരത് ട്രെയിനുകൾക്ക് ലഭിച്ച സ്വീകാര്യതയാണ് സംസ്ഥാനത്തിന് അനുകൂലമായത്
കേരളത്തിൽ രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ടെയിനുകൾ അനുവദിക്കുന്നത് റെയിൽവേ ബോർഡിന്റെ പരിഗണനയിൽ. കൊച്ചുവേളി-ബംഗളൂരു, കന്യാകുമാരി-ശ്രീനഗർ റൂട്ടിലായിരിക്കും ടെയിനുകൾ സർവീസ് നടത്തുകയെന്നാണ് സൂചന. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾക്ക് കേരളത്തിൽ ലഭിച്ച വലിയ സ്വീകാര്യതയാണ് സംസ്ഥാനത്തിന് അനുകൂലമായത്. കേരളത്തിലെ റെയിൽ ദുരിതത്തിന് ചെറിയ ആശ്വാസമാകുന്ന തീരുമാനം സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം.
കൊങ്കൺ പാത വഴി ആഴ്ചയിൽ മൂന്ന് സർവീസുകളുകളാകും കന്യാകുമാരി- ശ്രീനഗർ റൂട്ടിൽ നടത്തുക. ഈ വർഷം അവസാനത്തോടെ സർവീസുകൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ശ്രീനഗറിന് സമീപമുള്ള ബഡ് ഗാം സ്റ്റേഷനിലേക്കാണ് സർവീസ്. കൊച്ചുവേളി-ബംഗളൂരു റൂട്ടിൽ അധികം വൈകാതെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പരീക്ഷണ ഓട്ടം നടത്തുമെന്നാണ് വിവരം.
വന്ദേ ഭാരത് സ്ലീപ്പർ
വന്ദേ ഭാരത് ടെയിനുകളുടെ സ്ലീപ്പർ പതിപ്പിന് രാജധാനി എക്‌സ്പ്രസ് മാതൃകയിൽ മുഴുവൻ എസി കോച്ചുകളായിരിക്കും ഉണ്ടാവുക. മികച്ച യാത്രാനുഭവം ലഭ്യമാക്കാൻ ആധുനിക സൗകര്യങ്ങളുമുണ്ട്. 11 എ സി 3 ടയർ, നാല് 2 ടയർ എസി , ഒരു 1 ടയർ എസി എന്നിങ്ങനെ ഒരു ട്രെയിനിൽ 16 കോച്ചുകളുണ്ടാകും. 160-170 കിലോമീറ്റർ വരെയാണ് പരമാവധി വേഗം.
രാജ്യത്തെ പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് അഞ്ച് വർഷത്തിനുള്ളിൽ 250 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഓടിക്കാനാണ് റെയിൽവേയുടെ പദ്ധതി. ബംഗളൂരു ആസ്ഥാനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബി.ഇ.എം.എൽ) ആണ് ട്രെയിൻ ഡിസൈൻ ചെയ്തത്. 120 കോടി രൂപയാണ് ഒരു ട്രെയിൻ നിർമിക്കാൻ ചെലവ്. ഈ വർഷം അവസാനത്തോടെ 10 റേക്കുകൾ കൈമാറുമെന്ന് ബി.ഇ.എം.എൽ അറിയിച്ചിട്ടുണ്ട്. 80 ട്രെയിനുകൾ നിർമിക്കാനും 35 വർഷത്തെ പരിപാലനത്തിനുമായി 23,000 കോടി രൂപയുടെ കരാറാണ് കമ്പനി നേടിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പരീക്ഷണയോട്ടം നടത്തുമെന്ന് അറിയിച്ചിരുന്നതാണെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ വൈകി. ഓഗസ്റ്റ് പകുതിയോടെ പരീക്ഷണയോട്ടം നടത്താനാവുമെന്നാണ് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറയുന്നത്.