ദേശീയ റാങ്കിംഗില്‍ മിന്നിത്തിളങ്ങി കേരളം, സംസ്ഥാനത്തെ മികച്ച കോളേജുകള്‍ ഇവ

കേരള സര്‍വകലാശാല ഒമ്പതും കുസാറ്റ് പത്തും കോട്ടയം എം.ജി സര്‍വകാലാശാല പതിനൊന്നും കാലിക്കറ്റ് സര്‍വകലാശാല 43ഉം റാങ്ക് നേടി

Update:2024-08-13 12:49 IST

image credit : canva

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി കേന്ദ്രവിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്കില്‍ (എന്‍.ഐ.ആര്‍.എഫ്) മിന്നിത്തിളങ്ങി കേരളത്തിലെ കോളേജുകളും സര്‍വകലാശാലകളും. സ്‌റ്റേറ്റ് പബ്ലിക് യൂണിവേഴ്‌സിറ്റി കാറ്റഗറിയില്‍ കേരള സര്‍വകലാശാല ഒമ്പതും കുസാറ്റ് പത്തും കോട്ടയം എം.ജി സര്‍വകാലാശാല പതിനൊന്നും കാലിക്കറ്റ് സര്‍വകലാശാല 43ഉം റാങ്ക് നേടി.

എന്‍.ഐ.ആര്‍.എഫ്‌ ഓവറോള്‍ റാങ്കിംഗില്‍ 38ാം റാങ്കും യൂണിവേഴ്‌സിറ്റികളില്‍ 21ാം റാങ്കും കേരള യൂണിവേഴ്‌സിറ്റി കരസ്ഥമാക്കി. കഴിഞ്ഞ തവണയിത് യഥാക്രമം 47, 24 റാങ്കുകളായിരുന്നു. യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ കുസാറ്റിന് 34ാം റാങ്കുണ്ട്. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി 37ാം റാങ്കിലേക്കും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 89ാം റാങ്കിലേക്കും താഴ്ന്നു. അഗ്രിക്കച്ചറല്‍ അനുബന്ധ സെക്ടറില്‍ കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി പതിനാറും കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് മുപ്പതും റാങ്കിലുമാണ്.

ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്

ആദ്യ നൂറില്‍ 16 കോളേജുകള്‍ ഇടം പിടിച്ച ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് വിഭാഗത്തില്‍ കേരളം മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ദേശീയതലത്തില്‍ 20ാം റാങ്ക് നേടിയ രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സാണ് കേരളത്തില്‍ ഒന്നാമത്. തൊട്ടുപിന്നില്‍ ദേശീയ തലത്തില്‍ 22ാം റാങ്ക് സ്വന്തമാക്കിയ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജുമുണ്ട്. മികച്ച 300 കോളേജുകളുടെ പട്ടികയില്‍ കേരളത്തിലെ 71 കോളേജുകള്‍ ഉള്‍പ്പെട്ടതും മികച്ച നേട്ടമാണ്.

എന്‍.ഐ.ആര്‍.എഫ്‌ റിപ്പോർട്ടില്‍ ദേശീയതലത്തില്‍ 46ാം റാങ്കുള്ള എറണാകുളം സെന്റ് തെരേസാസ് കോളേജ് മൂന്നാമതും 48ാം റാങ്കുള്ള തേവര എസ്.എച്ച് കോളേജ് നാലാം സ്ഥാനത്തുമുണ്ട്. തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജ് 49ാം റാങ്കും എറണാകുളം മഹാരാജാസ് കോളേജ് 53ാം റാങ്കും നേടി.

എഞ്ചിനീയറിംഗ്

എഞ്ചിനീയറിംഗ് കോളേജുകളുടെ എന്‍.ഐ.ആര്‍.എഫ്‌ പട്ടികയില്‍ കോഴിക്കോട് എന്‍.ഐ.ടിക്ക് 25ാം റാങ്ക് ലഭിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി 51ാം റാങ്കും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലക്കാട് 64ാം റാങ്കും സ്വന്തമാക്കി. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, ഗവ.കോളേജ് തൃശ്ശൂര്‍ എന്നിവയും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.
Tags:    

Similar News