ആഘോഷ സീസണില്‍ സംസ്ഥാനത്തു വിറ്റത് 522 കോടിയുടെ മദ്യം

Update: 2020-01-02 11:33 GMT

ക്രിസ്മസ് പുതുവത്സരാഘോഷക്കാലത്ത് കേരളത്തില്‍ വിറ്റത് 522.93 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബവ്‌റിജസ് കോര്‍പ്പറേഷന് ഇക്കുറി 10.39 കോടി രൂപ കൂടുതല്‍ ലാഭം കിട്ടി.

തിരുവനന്തപുരത്തെ ബവ്‌റിജസ് വില്‍പനശാലയാണ് സംസ്ഥാനത്ത് ഇക്കാലത്ത് ഏറ്റവുമധികം വിറ്റുവരവു നേടിയത്. രണ്ടാം സ്ഥാനത്ത് കൊച്ചിയിലെ പാലാരിവട്ടത്തുള്ള ബവ്‌റിജസ് വില്‍പനശാലയും. 

ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.പ്രളയത്തിന്റെ ആഘാതത്തിലായിരുന്ന കഴിഞ്ഞ വര്‍ഷം 512.54 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം വര്‍ദ്ധനവേ ലാഭത്തിലുള്ളൂ. ആഘോഷദിവസങ്ങളുടെ തലേന്ന് മദ്യ വില്‍പ്പന  മുന്‍വര്‍ഷത്തേക്കാള്‍ 16 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഡിസംബര്‍ 31-ന് മാത്രം സംസ്ഥാനത്തൊട്ടാകെ വിറ്റത് 89.12 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം 76.97 കോടി രൂപയായിരുന്നു.

പുതുവര്‍ഷത്തലേന്ന് ബവ്‌റിജസ് കോര്‍പ്പറേഷന്റെ അംഗീകൃത വില്‍പനശാലകള്‍ വഴി വിറ്റ മദ്യം 68.57 കോടി രൂപയുടേതാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5.2 കോടി കൂടുതല്‍. ബവ്‌റിജസ് വഴിയുള്ള വില്‍പനയില്‍ ആകെ രേഖപ്പെടുത്തിയിരിക്കുന്നത് എട്ട് ശതമാനം വര്‍ദ്ധനവാണ്.

പുതുവര്‍ഷത്തലേന്ന്, ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്ന തിരുവനന്തപുരത്തെ ബവ്‌റിജസ് കോര്‍പ്പറേഷന്റെ വില്‍പനശാലയില്‍ മാത്രം 88.01 ലക്ഷം രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ഇവിടെ നിന്ന് ആകെ വിറ്റത് 64.37 ലക്ഷം രൂപയുടെ മദ്യമായിരുന്നു. രണ്ടാം സ്ഥാനത്തുള്ള  പാലാരിവട്ടത്തെ അന്നത്തെ വിറ്റുവരവാകട്ടെ 71 ലക്ഷം രൂപയും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News