ജര്‍മനിയില്‍ പഠിക്കാന്‍ പോകുന്നോ? ഈ പ്രധാനപ്പെട്ട കാര്യങ്ങള്‍ അവഗണിക്കരുത്
മറ്റ് വിദേശ രാജ്യങ്ങളില്‍ നിയന്ത്രണം കടുപ്പിച്ചതോടെ ഏഷ്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ജര്‍മനിയിലേക്ക് എത്തുന്നുണ്ട്
കാനഡയും യു.കെയും വിദ്യാര്‍ത്ഥി വീസയുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചപ്പോള്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ പ്രിയം ജര്‍മനിയാണ്. ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഓരോ മാസവും ജര്‍മനിയിലേക്ക് പറക്കുന്നത്.
താരതമ്യേന കുറഞ്ഞ ഫീസും കൂടുതല്‍ തൊഴിലവസരങ്ങളുമാണ് പലരെയും ഈ യൂറോപ്യന്‍ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നത്. ജര്‍മന്‍ അക്കാഡമിക് എക്‌സ്‌ചേഞ്ച് സര്‍വീസിന്റെ (ഡി.എ.എ.ഡി) കണക്കനുസരിച്ച് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വരവില്‍ 15 ശതമാനത്തിലധികം വര്‍ധനയാണുള്ളത്.
വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം ഉയരുന്നു
മറ്റ് വിദേശ രാജ്യങ്ങളില്‍ നിയന്ത്രണം കടുപ്പിച്ചതോടെ ഏഷ്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ജര്‍മനിയിലേക്ക് എത്തുന്നുണ്ട്. ഈ വര്‍ഷം നാലു ലക്ഷത്തോളം വിദേശ വിദ്യാര്‍ത്ഥികളാണ് ജര്‍മന്‍ യൂണിവേഴ്‌സിറ്റികളില്‍ ചേര്‍ന്നിരിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ മൂന്നു ശതമാനത്തോളം കൂടുതല്‍. ജര്‍മനിയിലേക്ക് വിദ്യാഭ്യസത്തിനായി പുറപ്പെടും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍-
താമസസൗകര്യം- ജര്‍മനിയിലെത്തിയ ശേഷം താമസസൗകര്യം കണ്ടെത്താന്‍ ശ്രമിക്കുന്നത് മണ്ടത്തരമാകും. താമസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജര്‍മനിയിലേക്ക് പുറപ്പെടും മുമ്പേ ഉറപ്പിക്കാന്‍ സാധിച്ചാല്‍ പണവും സമയവും ലാഭിക്കാം.
ഹെല്‍ത്ത് ഇന്‍ഷുറന്‍സ്- ജര്‍മനിയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. എന്നാല്‍ കുറഞ്ഞ നിരക്കില്‍ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്.
റെസിഡന്റ്‌സ് പെര്‍മിറ്റ്- യൂറോപ്യന്‍ യൂണിയനില്‍ നിന്നല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മനിയില്‍ എത്തുമ്പോള്‍ റെസിഡന്റ്‌സ് പെര്‍മിറ്റ് വേണം. ഇതിനായി രാജ്യത്ത് എത്തിയാലുടന്‍ അപേക്ഷ നല്‍കണം.
കള്‍ച്ചറല്‍ ആക്ടിവിറ്റി- പ്രാദേശികമായി നടക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നത് പ്രാദേശികമായ ബന്ധങ്ങള്‍ സൃഷ്ടിക്കാനും ജര്‍മന്‍ സംസ്‌കാരത്തെ അടുത്തറിയാനും സഹായിക്കും.