ആദ്യഘട്ടം 14.9 കിലോമീറ്റര്‍ ദൂരം, അലൈന്‍മെന്റില്‍ ലുലുമാളും, പഴയ പ്ലാനില്‍ വന്‍ അഴിച്ചുപണി; തിരുവനന്തപുരം മെട്രോ ട്രാക്കിലാക്കാന്‍ കെ.എം.ആര്‍.എല്‍

പള്ളിപ്പുറം മുതല്‍ കരമന വരെയുള്ള നിര്‍മാണത്തിനായി 4,673 കോടി രൂപ ചെലവ് വരുമെന്നായിരുന്നു ആദ്യ പ്രൊപ്പോസല്‍

Update:2024-09-26 14:54 IST
തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിക്ക് ജീവനേകി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) പുതിയ ശിപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചു. പുതിയ പ്രൊപ്പോസലില്‍ മെട്രോ വിഭാവനം ചെയ്യുന്നത് കഴക്കൂട്ടം ജംഗ്ഷന്‍ മുതല്‍ പുത്തരിക്കണ്ടം വരെയാണ്. പള്ളിപ്പുറം ടെക്‌നോ സിറ്റിയില്‍ നിന്ന് ആരംഭിക്കുന്ന വിധത്തിലുള്ള മുന്‍ പ്രൊപ്പോസലാണ് കെ.എം.ആര്‍.എല്‍ പുതുക്കിയത്. സര്‍ക്കാര്‍ അംഗീകാരം വരുന്ന മുറയ്ക്ക് 14.9 കിലോമീറ്റര്‍ നീളുന്ന പാതയുടെ എസ്റ്റിമേറ്റ് തുക തയാറാക്കും.
ദേശീയപാതയില്‍ മെട്രോ റെയിലിന്റെ പില്ലറുകള്‍ സ്ഥാപിക്കാനായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അനുമതി നല്‍കിയേക്കില്ലെന്ന് മനസിലാക്കിയാണ് ആദ്യ അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

രണ്ടാംഘട്ടത്തില്‍ പള്ളിപ്പുറം

മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് ടെക്‌നിക്കല്‍ റിപ്പോര്‍ട്ട് തയാറാക്കി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. കഴക്കൂട്ടത്തു നിന്ന് നിര്‍മാണം ആരംഭിക്കുന്നതിലൂടെ കാലതാമസം ഒഴിവാക്കുന്നത് അടക്കമുള്ള നിരവധി ഗുണങ്ങളുണ്ടെന്നാണ് കെ.എം.ആര്‍.എല്ലിന്റെ വാദം. രണ്ടാംഘട്ടത്തില്‍ പള്ളിപ്പുറത്തേക്ക് കൂടി മെട്രോ നീട്ടാനാകും. ഇതുമായി ബന്ധപ്പെട്ട് നാലോളം ബദല്‍ നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ടെന്ന് ബെഹ്‌റ വ്യക്തമാക്കി.
ടെക്‌നോപാര്‍ക്ക്, കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസ്, ശ്രീകാര്യം മെഡിക്കല്‍ കോളജ്, മുറിഞ്ഞപാലം, പട്ടം, പി.എം.ജി, നിയമസഭ മന്ദിരം, പാളയം, ബേക്കറി ജംഗ്ഷന്‍, തമ്പാനൂര്‍, പുത്തരിക്കണ്ടം മൈതാനം എന്നിവയ്‌ക്കൊപ്പം ലുലുമാള്‍ അടക്കം ചില പ്രധാന കേന്ദ്രങ്ങളെ കൂടി ബന്ധിപ്പിക്കുന്ന തരത്തിലുള്ള നിര്‍ദേശമാണ് കെ.എം.ആര്‍.എല്‍ മുന്നോട്ടു വച്ചിരിക്കുന്നത്.
രണ്ടാംഘട്ടത്തില്‍ ടെക്‌നോസിറ്റിക്കൊപ്പം കുടപ്പനക്കുന്ന്, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലേക്ക് പദ്ധതി നീട്ടാമെന്നും പ്രൊപ്പോസലില്‍ പറയുന്നു. നേരത്തെ കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ് ലിമിറ്റഡ് തയാറാക്കിയ പ്രൊജക്ട് റിപ്പോര്‍ട്ടില്‍ ആദ്യ ഘട്ടത്തിന്റെ ദൂരം 21.8 കിലോമീറ്ററായിരുന്നു. പള്ളിപ്പുറം മുതല്‍ കരമന വരെയുള്ള നിര്‍മാണത്തിനായി 4,673 കോടി രൂപ ചെലവ് വരുമെന്നായിരുന്നു കണ്ടെത്തല്‍.
2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് തലസ്ഥാന നഗരിയില്‍ മെട്രോയുടെ സാധ്യതയെപ്പറ്റി ആദ്യമായി ചര്‍ച്ചകള്‍ നടക്കുന്നത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനായിരുന്നു ആദ്യ ഘട്ടത്തില്‍ അലൈന്‍മെന്റ് തയാറാക്കിയത്. തിരുവനന്തപുരം മെട്രൊ വന്നാല്‍ കൊച്ചിയിലേക്കാള്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുമെന്ന പഠന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു.
Tags:    

Similar News