പണം നൽകിയില്ലെന്നാരോപണം, ബിനാലെ വിവാദത്തിൽ

Update: 2019-03-25 06:49 GMT

കൊച്ചിയുടെ കലാമാമാങ്കമായ കൊച്ചി മുസിരിസ് ബിനാലെ സാമ്പത്തിക വിവാദത്തിൽ. കൊടിയിറങ്ങാൻ ദിവസങ്ങള്‍ മാത്രം ബാക്കിനിൽക്കെ ഇപ്പോൾ ഫൗണ്ടേഷനെതിരെ സോഷ്യൽ മീഡിയയിൽ കാംപെയ്ൻ ആരംഭിച്ചിരിക്കുകയാണ്.

വേദികള്‍ നിര്‍മ്മിച്ചതിനുള്ള പണം നല്‍കിയിട്ടില്ലെന്ന് ആരോപിച്ച് ഫൗണ്ടേഷന്റെ കോൺട്രാക്ടർമാരിൽ ഒന്നായ തോമസ് ക്ലെറി ഇൻഫ്രാസ്ട്രക്ച്ചർ & ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

കബ്രാൾ യാഡിലെ പവലിയൻ ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തികൾക്ക് പണം നൽകാനുണ്ടെന്നാരോപിച്ച് കോൺട്രാക്ടർ ഫൗണ്ടേഷന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. 77.59 ലക്ഷം രൂപയുടെ ബില്ല് മുടങ്ങിക്കിടക്കുകയാണെന്നും ഇത് അടക്കാതെ വന്നാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഇത് കൂടാതെ 45 ലക്ഷം രൂപയും നല്‍കാനുണ്ടെന്ന് പറയുന്നു.

ഇതിനുപിന്നാലെ 'ജസ്റ്റിസ് ഫ്രം ബിനാലെ' (justicefrombiennale18_19) എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ബിനാലെക്കെതിരെ കാംപെയ്‌നും ആരംഭിച്ചിട്ടുണ്ട്. ആരുടേതാണ് ഈ അക്കൗണ്ട് എന്നത് വ്യക്തമല്ലെങ്കിലും, അറുപതോളം വരുന്ന പോസ്റ്റുകളിലൂടെ ഉന്നയിക്കുന്ന ആരോപണങ്ങൾ തോമസ് ക്ലെറി വക്കീൽ നോട്ടീസിൽ പറയുന്ന കാര്യങ്ങളോട് സമാനമാണ്. ഇപ്പോൾത്തന്നെ അക്കൗണ്ടിന് 3000 ലേറെ ഫോളോവേഴ്സ് ഉണ്ട്.

ബിനാലെ വേദികളിലെ നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ ചിത്രങ്ങളോടൊപ്പമാണ് പോസ്റ്റുകൾ.

എന്നാൽ, കാബ്രല്‍ യാര്‍ഡിലെ ബിനാലെ വേദി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇതുവരെ കോണ്‍ട്രാക്ടര്‍ക്കും അദ്ദേഹത്തിന്റെ തൊഴിലാളികള്‍ക്കും 1,80,59,00 രൂപയാണ് നല്‍കിയിട്ടുണ്ടെന്നും മറ്റ് തൊഴിലാളികള്‍ക്ക് വേതനം നല്‍കേണ്ടത് കോണ്‍ട്രാക്ടറുടെ ഉത്തരവാദിത്തമാണെന്നുമായിരുന്നു കൊച്ചിന്‍ ബിനാലെ ഫൗണ്ടേഷന്‍ന്റെ പ്രതികരണം.

"കോണ്‍ട്രാക്ടര്‍ സമര്‍പ്പിച്ച അന്തിമ ബില്‍ ക്രമാതീതമായി തോന്നിയതിനാല്‍ കരാര്‍ പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ ഇത് പരിശോധിക്കാനായി ഒരു സ്വതന്ത്ര സര്‍ക്കാര്‍ അംഗീകൃത വ്യക്തിയെ നിയമിച്ചിട്ടുണ്ട്. അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ബില്ലുകളില്‍ വലിയ തോതില്‍ വര്‍ദ്ധനയുള്ളതായും കോണ്‍ട്രാക്ടര്‍ ആവശ്യപ്പെട്ട തുക തീര്‍ത്തും ഏകപക്ഷീയമാണെന്നും കണ്ടെത്തിയിട്ടുണ്ട്," ഫൗണ്ടേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ  Click Here . നമ്പർ സേവ്  ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. 

Similar News