കര്‍ക്കിടക വാവ് പ്രമാണിച്ച് പുലർച്ചെ 5 മുതല്‍ രാത്രി 11.30 വരെ പ്രത്യേക സര്‍വീസുകളുമായി കൊച്ചി മെട്രോ
കെ.എസ്.ആര്‍.ടി.സിയും അധിക സര്‍വീസുകള്‍ നടത്തും
ഓഗസ്റ്റ് മൂന്നാം തീയതി പുലർച്ചെ മൂന്ന് മണി മുതൽ ആലുവയില്‍ ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കും. രാത്രി 12 മുതൽ തന്നെ സ്ഥലത്തേക്ക് തീര്‍ത്ഥാടകര്‍ എത്തിതുടങ്ങും. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് വെള്ളം കയറി ആലുവ മണപ്പുറത്ത് നിലവില്‍ ചെളി അടിഞ്ഞു കിടക്കുന്നുണ്ട്. ശനിയാഴ്ചയ്ക്കു മുമ്പ് പെരിയാറിലെ ജലനിരപ്പ് താഴുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍
വാവിനോടനുബന്ധിച്ച് ഉണ്ടാകാവുന്ന വലിയ ജനത്തിരക്ക് നിയന്ത്രിക്കാന്‍ എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെയും റൂറൽ പോലീസ് സൂപ്രണ്ടിന്റെയും നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കികൊണ്ടിരിക്കുകയാണ്. ആലുവ മണപ്പുറത്ത് ഫയർ ആൻഡ് റെസ്ക്യു വിഭാഗത്തിന്റെ സേവനം 24 മണിക്കൂറും ഉറപ്പാക്കും. സുരക്ഷയ്ക്കായി 350 ല്‍ പരം പോലീസുകാര്‍ പ്രദേശത്ത് ഉണ്ടാകും. ഹരിത പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും ബലിതർപ്പണ ചടങ്ങുകൾ നടക്കുക.