ഓണത്തിന് മുന്‍പേ ആനവണ്ടിക്ക് ബമ്പറടിച്ചു, കറങ്ങിനടന്ന് കെ.എസ്.ആര്‍.ടി.സി നേടുന്നത് കോടികള്‍
ആധുനിക സൗകര്യങ്ങളോടെയുള്ള 24 ബസുകള്‍ കൂടി വരുന്നതോടെ ഓണക്കാലത്തെ ബജറ്റ് ടൂറുകള്‍ ഒന്നുകൂടി കളറാകും
പഴയൊരു മലയാളം പാട്ടും കേട്ട് സൈഡ് സീറ്റില്‍ ചാഞ്ഞിരുന്ന് പുറത്തെ കാഴ്ചകളും കണ്ട് ആനവണ്ടിയിലൊരു യാത്ര, ഏത് മലയാളിയെയും സ്വാധീനിക്കാന്‍ പറ്റുന്ന ഈ നൊസ്റ്റാള്‍ജിയ വിറ്റ് കെ.എസ്.ആര്‍.ടി.സി നേടുന്നത് കോടികളുടെ വരുമാനം. 2021ല്‍ കെ.എസ്.ആര്‍.ടി.സി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ബജറ്റ് ടൂറിസം സെല്ലുകള്‍ ഇപ്പോള്‍ സംസ്ഥാനത്തൊട്ടാകെ ആയിരക്കണക്കിന് സര്‍വീസുകളാണ് നടത്തുന്നത്. ആധുനിക സൗകര്യങ്ങളോടെയുള്ള 24 ബസുകള്‍ കൂടി വരുന്നതോടെ ഓണക്കാലത്തെ ബജറ്റ് ടൂറുകള്‍ ഒന്നുകൂടി കളറാകും. ആദ്യഘട്ടത്തില്‍ അനുവദിച്ച മൂന്ന് ബസുകള്‍ മൂന്നാര്‍, കൊട്ടാരക്കര, വെഞ്ഞാറമൂട് ഡിപ്പോകളില്‍ നിന്നും സര്‍വീസ് ആരംഭിച്ചു.
പുഷ്ബാക്ക് സീറ്റ്, മൊബൈല്‍ ചാര്‍ജര്‍
സാധാരണ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന ബസുകളാണ് നിലവില്‍ ബജറ്റ് ടൂറിസം യാത്രകള്‍ക്കും ഉപയോഗിച്ചിരുന്നത്. ഇത് പലപ്പോഴും പരാതിക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ സര്‍വീസുകള്‍ ഹിറ്റായതോടെ കോര്‍പറേഷന്റെ പഴയ വണ്ടികള്‍ നവീകരിച്ച് ഡീലക്‌സ് എയര്‍ ബസുകളാക്കി നിരത്തിലിറക്കിയത്. പുഷ്ബാക്ക് സീറ്റ്, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ് എന്നീ സൗകര്യങ്ങളോടു കൂടിയ എയര്‍ സസ്‌പെന്‍ഷന്‍ ബസുകളാണിവ. ഇത്തരത്തില്‍ 24 ബസുകളാണ് കെ.എസ്.ആര്‍.ടി.സിയ്ക്ക് ലഭിക്കുന്നത്.
ഓണത്തിന് സര്‍വീസുകള്‍ കൂട്ടിയിട്ടും സീറ്റുകള്‍ നിറഞ്ഞു
കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ ഡിപ്പോകളില്‍ നിന്നുമായി ആയിരത്തിലധികം സര്‍വീസുകള്‍ നടത്തുന്നുവെന്നാണ് കണക്ക്. 2021 നവംബറില്‍ ആരംഭിച്ച ബജറ്റ് ടൂറിസം സെല്‍ ഹിറ്റായതോടെ ഇക്കൊല്ലത്തെ ഓണത്തിന് 150 സര്‍വീസുകളാണ് അധികമായി അനുവദിച്ചത്. എന്നാല്‍ പല ജില്ലകളിലും ഇതിനോടകം സീറ്റുകളെല്ലാം ബുക്കായെന്നാണ് വിവരം. പാലക്കാട് ജില്ലയില്‍ രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ച ടൂര്‍ പാക്കേജുകളെല്ലാം ആളുകള്‍ ഏറ്റെടുത്തതായും ഇനി കുറച്ച് സീറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഓണക്കാലമായതിനാല്‍ ബസുകളുടെയും ജീവനക്കാരെടെയും കുറവ് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുന്നതില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് വിലങ്ങുതടിയാകുന്നുണ്ട്.
നൈറ്റ് റൈഡ് ഹിറ്റായതോടെ പകലും ഇറങ്ങാന്‍ ഡബിള്‍ ഡെക്കര്‍
തിരുവനന്തപുരം നഗരത്തിലെ രാത്രി കാല കാഴ്ചകള്‍ ആസ്വദിക്കാനായി തുടങ്ങിയ ഡബിള്‍ ഡെക്കര്‍ ബസുകളുടെ സിറ്റി റൈഡ് ഹിറ്റായതോടെ സര്‍വീസുകളുടെ സമയവും എണ്ണവും കൂട്ടി. രാവിലെ 8 മണി,10 മണി,12 മണി എന്നീ സമയങ്ങളില്‍ കിഴക്കേകോട്ടയില്‍ നിന്നും ആരംഭിക്കുന്ന സര്‍വീസിന് കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസാണ് ഉപയോഗിക്കുന്നത്. കിഴക്കേകോട്ടയില്‍ നിന്നും യാത്ര തിരിച്ച് തമ്പാനൂര്‍,പാളയം, കവടിയാര്‍ ,കനകക്കുന്ന്, മ്യൂസിയം, പ്രിയദര്‍ശിനി പ്ലാനറ്റോറിയം, ഈഞ്ചക്കല്‍, ചാക്ക , ശംഖുമുഖം, ലുലു മാള്‍ വഴി കിഴക്കേക്കോട്ടയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് സര്‍വീസ്. കൂടാതെ സ്‌കൂള്‍ - കോളേജ് കുട്ടികള്‍ക്കായി ഡബിള്‍ ഡെക്കറില്‍ നഗരക്കാഴ്ചകള്‍ കാണുന്നതിനായി പ്രത്യേക റൈഡും തുടങ്ങിയിട്ടുണ്ട്. രാവിലെ 8:30 ന് ആരംഭിച്ച് വൈകുന്നേരം 3:00 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം.