കെ.എസ്.ആര്‍.ടിസി ഡിപ്പോകള്‍ ലാഭത്തില്‍, നഷ്ടം കുറച്ചത് ഇങ്ങനെ
പുതിയ റൂട്ടുകള്‍ കണ്ടെത്തി വരുമാനം കൂട്ടാന്‍ ശ്രമം
നഷ്ടം കുറക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയതോടെ കെ.എസ്.ആര്‍.ടി.സിയുടെ കൂടുതല്‍ ഡിപ്പോകള്‍ പ്രവര്‍ത്തന ലാഭത്തില്‍. ജൂലൈ ഒന്നു മുതലുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ 73 കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ ലാഭത്തിലായി. ടിക്കറ്റ് വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഡിപ്പോകളിലെ പ്രവര്‍ത്തന ലാഭമാണിത്. ജുലൈ മാസം വരെ നഷ്ടത്തിലായിരുന്ന 21 ഡിപ്പോകള്‍ കൂടി കഴിഞ്ഞ ഒന്നര മാസത്തിനിടെ വരുമാനം കൂട്ടി പ്രവര്‍ത്തന ലാഭത്തിലെത്തി. 20 ഡിപ്പോകള്‍ ഇപ്പോഴും നഷ്ടത്തിലാണ്. സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിയുടെ മൂന്ന് സോണുകളും ലാഭത്തിലാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. കൂടുതല്‍ വരുമാനമുണ്ടാക്കിയത് സൗത്ത് സോണാണ്. ജൂലൈ മുതലുള്ള കണക്കുകള്‍ പ്രകാരം 3.59 കോടി രൂപയാണ് സൗത്ത് സോണിലെ ലാഭം. സെന്‍ട്രല്‍ സോണ്‍ 1.98 കോടി രൂപയും നോര്‍ത്ത് സോണ്‍ 1.62 കോടിയും ലാഭമുണ്ടാക്കിയിട്ടുണ്ട്.
നഷ്ടം കുറച്ച വഴികള്‍
സ്ഥിരമായി നഷ്ടത്തിലോടുന്ന റൂട്ടുകള്‍ റദ്ദാക്കിയും കേടായ ബസുകള്‍ അറ്റകുറ്റപണികള്‍ നടത്തി സര്‍വ്വീസ് നടത്തിയുമാണ് കെ.എസ്.ആര്‍.ടി.സി നഷ്ടം കുറച്ചത്. യാത്രക്കാര്‍ കുറവുള്ള റൂട്ടുകളില്‍ സര്‍വ്വീസുകള്‍ നിര്‍ത്തി. ഇതുവഴി ഡീസല്‍, സ്‌പെയര്‍ പാര്‍ട്‌സ് ചെലവുകള്‍ കുറക്കാനായെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വിലയിരുത്തല്‍. യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകളില്‍ സര്‍വ്വീസുകള്‍ കാര്യക്ഷമമാക്കി. ലാഭകരമായ പുതിയ റൂട്ടുകള്‍ കണ്ടെത്തി സര്‍വ്വീസ് നടത്താനും കോര്‍പ്പറേഷന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നുണ്ട്. ഇതിനായി കേടായ ബസുകള്‍ അറ്റകുറ്റ പണികള്‍ നടത്തി ഉപയോഗിക്കുന്നുണ്ട്. പല ഡിപ്പോകളിലും അധികമുള്ള ജീവനക്കാരെ ഇത്തരം പുതിയ റൂട്ടുകളിലേക്ക് നിയോഗിക്കുകയും ചെയ്തുവരുന്നുണ്ട്.
സിനിമാ ഷൂട്ടിംഗിലൂടെ വരുമാനം
ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും കോര്‍പ്പറേഷന്‍ സജീവമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിനിമാ ഷൂട്ടിംഗിനായി കെ.എസ്.ആര്‍.ടി.സിയുടെ തെരഞ്ഞെടുത്ത ഡിപ്പോകള്‍ വാടകക്ക് നല്‍കുന്നുണ്ട്. ഡിപ്പോയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തില്‍ ദിവസ വാടകക്കാണ് ഇത് അനുവദിക്കുന്നത്. റീജ്യണല്‍ വര്‍ക്ക്‌ഷോപ്പുകള്‍ ഉള്‍പ്പടെ വിവിധ ജില്ലകളില്‍ പത്ത് സ്ഥലങ്ങളിലാണ് ഷൂട്ടിംഗിന് അനുമതി നല്‍കുന്നത്.