കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ സ്റ്റോപ്പുകള്‍ എഴുതി കാണിക്കും; ആപ്പിലൂടെ ബസ് വരുന്ന സമയം അറിയാം

ബസിലെ സീറ്റും വരുന്ന സമയവും മുന്‍കൂട്ടി അറിയാം, യാത്ര എളുപ്പമാക്കാന്‍ പുതിയ പരിഷ്‌കാരം

Update:2024-06-03 10:19 IST
Image: Canva
ഇനി കെ.എസ്.ആര്‍.ടി.സി ബസുകളില്‍ അനൗണ്‍സ്‌മെന്റും. പ്രധാന സ്‌റ്റോപ്പുകളില്‍ അൗണ്‍സ്‌മെന്റ് സംവിധാനവും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബസ് ട്രാക്കിംഗും ഉള്‍പ്പെടെ അടിമുടി മാറാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ആറുമാസത്തിനകം പുതിയ പരിഷ്‌കരണങ്ങള്‍ നിലവില്‍ വരുത്താനാണ് മന്ത്രി ഗണേഷ്‌കുമാറിന്റെ നിര്‍ദേശം.
ഇന്ത്യന്‍ റെയില്‍വേയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ മാതൃകയിലാണ് കെ.എസ്.ആര്‍.ടി.സിയുടെ മാറ്റവും. പുതിയ പരിഷ്‌കരണം വരുന്നതോടെ യാത്രക്കാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ നീക്കം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
ഓരോ ആറ് സെക്കന്‍ഡിലും അപ്‌ഡേഷന്‍
കെ.എസ്.ആര്‍.ടി.സിയുടെ റൂട്ടുകളെല്ലാം ആപ്ലിക്കേഷനുമായി ബന്ധപ്പെടുത്തിയാകും ആധുനീകവല്‍ക്കരണം. ബസിനെ ട്രാക്ക് ചെയ്യാന്‍ സാധിക്കുന്നതിലൂടെ യാത്രക്കാര്‍ക്ക് സമയം ലാഭിക്കാനും കഴിയും. മാത്രമല്ല, ബസില്‍ എത്ര സീറ്റ് ഒഴിവുണ്ടെന്ന കാര്യവും തല്‍സമയം അറിയാന്‍ സാധിക്കും. ഒഴിവുള്ള സീറ്റുകള്‍ നേരത്തെ ബുക്ക് ഇതുവഴി കഴിയും. ഓരോ ആറു സെക്കന്‍ഡിലും ആപ്പിലെ വിവരങ്ങള്‍ പുതുക്കി കൊണ്ടിരിക്കും. ബസിന്റെ വേഗത കണ്‍ട്രോള്‍ റൂമില്‍ അറിയാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്.
ബസില്‍ ടിവി, അനൗണ്‍സ്‌മെന്റ്
ബസുകളില്‍ ടി.വി സ്‌ക്രീന്‍ സ്ഥാപിച്ച് പ്രധാനപ്പെട്ട സ്റ്റോപ്പുകള്‍ എഴുതി കാണിക്കും. ഇതിനൊപ്പം അനൗണ്‍സ്‌മെന്റ് സംവിധാനവും ഉണ്ടാകും. യാത്രക്കാര്‍ക്ക് തങ്ങളുടെ സ്റ്റോപ്പ് എത്തുംമുമ്പേ ഇറങ്ങാന്‍ തയാറെടുക്കാന്‍ സഹായിക്കുന്നതാണ് പുതിയ മാറ്റം. എല്ലാ ബസുകളിലും ടി.വി സ്ഥാപിക്കാനുള്ള ടെന്‍ഡര്‍ ഉടന്‍ നടത്തും.
ഡിസംബറോടെ പുതിയ പരിഷ്‌കാരം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സ്റ്റാര്‍ട്ടപ്പ് കമ്പനികളുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. നിരക്ക് കാര്യത്തില്‍ ധാരണയിലെത്തിയിട്ടില്ല. ഒരു ടിക്കറ്റിന് 15 പൈസ വീതം നല്‍കണമെന്നാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്.
ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും ഭക്ഷണശാലകളും ആരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിരുന്നു. പരമ്പരാഗത ഭക്ഷണങ്ങള്‍ ലഭ്യമാക്കുന്നതാകും റസ്റ്റോറന്റുകള്‍.
ദീര്‍ഘദൂര ബസുകളിലും മറ്റ് യാത്ര ചെയ്യുന്നവര്‍ക്ക് റസ്റ്ററന്റുകളില്‍ നാടന്‍ ഭക്ഷണങ്ങള്‍ കഴിക്കാനും അവശ്യ സാധനങ്ങള്‍ വാങ്ങാനും സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ 14 സ്റ്റേഷനുകളില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നതിനായി പൊതുജനങ്ങളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.
Tags:    

Similar News