സര്‍വീസ് സമയം വിറ്റ് കാശാക്കാന്‍ കെ.എസ്.ആര്‍.ടി.സി; ബസുകളില്‍ വീഡിയോ സ്‌ക്രീന്‍ വരും

വരുമാനം കിലോമീറ്ററിന് 35 രൂപയില്‍ താഴെയുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്താനും നീക്കം

Update:2024-12-17 10:39 IST

Image Courtesy: facebook.com/sabarimalatempleofficial

ഓർഡിനറി ബസുകൾക്കുള്ളില്‍ വീഡിയോ സ്‌ക്രീനുകളിൽ ബസുകളുടെ സമയക്രമങ്ങള്‍ പ്രദർശിപ്പിക്കാനുള്ള ഒരുക്കത്തില്‍ കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകൾ സര്‍വീസ് നടത്തുന്ന പ്രദേശങ്ങളിലെ സമീപ ഡിപ്പോകളിൽ നിന്ന് പുറപ്പെടുന്ന ദീർഘദൂര ബസുകളുടെ ഷെഡ്യൂളുകളായിരിക്കും പ്രദര്‍ശിപ്പിക്കുക.
യാത്രക്കാർക്ക് ഡിപ്പോകളിലെ കൗണ്ടറുകളിൽ ബസുകളുടെ സമയം അന്വേഷിക്കേണ്ടതിൻ്റെ ആവശ്യകത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് അവതരിപ്പിക്കുന്നത്.
ആദ്യഘട്ടത്തിൽ 400 ഓർഡിനറി ബസുകളും 100 സൂപ്പർഫാസ്റ്റ് ബസുകളും ഉൾപ്പെടുത്താനാണ് ആലോചിക്കുന്നത്. സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. കരാറിലേർപ്പെടുന്ന കമ്പനിയാണ് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക. ബസുകളുടെ സമയക്രമം സംബന്ധിച്ച അറിയിപ്പുകൾക്കിടയില്‍ പരസ്യങ്ങൾ അനുവദിക്കും.
വരുമാനം കുറവുള്ള റൂട്ടുകളിലെ ട്രിപ്പുകൾ കുറയ്ക്കാനും കെ.എസ്.ആർ.ടി.സി ആലോചിക്കുന്നുണ്ട്. കിലോമീറ്ററിന് 35 രൂപയിൽ താഴെ വരുമാനമുള്ള സര്‍വീസുകളാണ് നിർത്തലാക്കുക. സാമൂഹിക ബാധ്യതകൾ കാരണം ഒഴിവാക്കാനാവാത്ത റൂട്ടുകൾ സംബന്ധിച്ച വിശദാംശങ്ങൾ റീജിയണൽ ഓഫീസർമാർ ചീഫ് ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
Tags:    

Similar News