കെ.എസ്.ആര്‍.ടി.സി ലാഭിച്ചത് 215 കോടി! ഇവി ചാര്‍ജിംഗുള്ള 75 യാത്ര ഫ്യൂവല്‍ പമ്പുകള്‍ വരുന്നു

നിലവില്‍ 15 ഔട്ട്‌ലെറ്റുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്

Update:2024-12-14 16:27 IST

image credit : KSRTC ,canva

സംസ്ഥാനത്ത് കെ.എസ്.ആര്‍.ടിസി പെട്രോള്‍ പമ്പുകളുടെ എണ്ണം 75 ആകും. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സി നടപ്പിലാക്കിയ യാത്രാ ഫ്യൂവല്‍സ് പദ്ധതിയുടെ ഭാഗമായാണിതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഭാവിയില്‍ സി.എന്‍.ജി, എല്‍.എന്‍.ജി, ഇലക്ട്രിക് ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷന്‍ എന്നിവയും ഉള്‍പ്പെടുത്തും. ഗുണമേന്മയും കലര്‍പ്പില്ലാത്തതുമായ പെട്രോളിയം ഉത്പന്നങ്ങളാണ് ഇവിടെ ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു. പെരുമ്പാവൂരിലെ യാത്രാ ഫ്യുവല്‍സ് ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ടിക്കറ്റിതര വരുമാനം കൂട്ടാനായി 12 കെ.എസ്.ആര്‍.ടി.സി സ്‌റ്റേഷനുകള്‍ ബ്രാന്‍ഡിംഗ് ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ജീവനക്കാര്‍ക്ക് ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുന്നതിനുള്ള സംവിധാനം മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആദ്യ രണ്ട് വര്‍ഷം, 215 കോടി രൂപ

2024 ഒക്ടോബറിലെ കണക്കുപ്രകാരം രണ്ടു വർഷത്തിനിടെ കെ.എസ്.ആര്‍.ടി.സിക്ക് 215 കോടി രൂപ ലാഭിക്കാനായി. 2021 ഡിസംബര്‍ മുതല്‍ കെ.എസ്.ആര്‍.ടി.സിക്ക് പ്രമുഖ എണ്ണക്കമ്പനികള്‍ വിപണി വിലയേക്കാള്‍ കൂടിയ നിരക്കിലാണ് ഡീസല്‍ നല്‍കുന്നത്. 12 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്താന്‍ കോര്‍പറേഷന് പ്രതിദിനം 270 മുതല്‍ 300 കിലോലിറ്റര്‍ വരെ ഡീസല്‍ ആവശ്യമായി വരുമെന്നാണ് കണക്ക്. ബള്‍ക്ക് പര്‍ച്ചേസര്‍ എന്ന ഗണത്തില്‍ പെടുത്തിയത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയിരുന്നു. എന്നാല്‍ യാത്രാ ഫ്യുവല്‍സ് തുടങ്ങിയതോടെ പൊതുജനങ്ങള്‍ക്ക് ഗുണമേന്മയുള്ള പെട്രോളിയം ഉത്പന്നങ്ങള്‍ ലഭ്യമാക്കാനും ഇന്ധനയിനത്തില്‍ ചെലവഴിക്കുന്ന അധിക പണം ലാഭിക്കാനും കഴിഞ്ഞതായി കെ.എസ്.ആര്‍.ടി.സി വൃത്തങ്ങള്‍ പറയുന്നു. ഔട്ട്‌ലെറ്റുകളില്‍ വില്‍പ്പന കൂടിയതോടെ ഡീലര്‍ കമ്മിഷന്‍ ഇനത്തിലും കോടികളുടെ വരുമാനമെത്തി.
തിരുവനന്തപുരം, കിളിമാനൂര്‍, ചടയമംഗലം, ചേര്‍ത്തല, ചാലക്കുടി, മൂന്നാര്‍, മൂവാറ്റുപുഴ, കോഴിക്കോട്, മാവേലിക്കര, നോര്‍ത്ത് പറവൂര്‍, തൃശൂര്‍, ഗുരുവായൂര്‍, വികാസ് ഭവന്‍, പൊന്‍കുന്നം, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലായി 15 ഔട്ട്‌ലെറ്റുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. സ്വന്തം ബസുകള്‍ക്ക് ഡീസല്‍ നിറക്കാനായി 93 ഡിപ്പോകളിലായി 72 പമ്പുകളും കെ.എസ്.ആര്‍.ടി.സിക്കുണ്ട്. ഡിപ്പോക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഇവയെ പൊതുജനങ്ങള്‍ക്ക് കൂടി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ നവീകരിക്കാനാണ് കോര്‍പറേഷന്‍ ഉദ്ദേശിക്കുന്നത്. അടുത്ത് തന്നെ പുതിയ 10 ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും കോര്‍പറേഷന്‍ വൃത്തങ്ങള്‍ പറയുന്നു. ഇതിന് പുറമെ ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകളും കൂടി ആരംഭിക്കുന്നതോടെ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കെ.എസ്.ആര്‍.ടി.സി കരുതുന്നത്.
Tags:    

Similar News