റബറില്‍ നടക്കുന്നത് പ്രതീക്ഷയ്ക്ക് വിപരീതം; ഉത്പാദനം ഇടിയുന്നു, വിലയും താഴേക്ക്

കേരളത്തില്‍ നിന്നുള്ള ചരക്ക് വരവ് ജനുവരിയോടെ പകുതിയോളം കുറയും. വില കുറഞ്ഞതോടെ നേരത്തെ ടാപ്പിംഗ് നിര്‍ത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്

Update:2024-12-27 10:20 IST

Image: Canva

പുതുവര്‍ഷത്തില്‍ റബര്‍ ആവശ്യകത ഉയരുമെന്ന പ്രതീക്ഷകള്‍ പൂവണിഞ്ഞേക്കില്ല. ഉത്പാദനം വന്‍തോതില്‍ ഇടിഞ്ഞിട്ടും റബര്‍വില ഉയരുന്നില്ലെന്ന് മാത്രമല്ല താഴേക്ക് പോകുകയാണ്. ആഭ്യന്തര വിലയ്‌ക്കൊപ്പം അന്താരാഷ്ട്ര വിലയും ഇടിഞ്ഞതോടെ ഇറക്കുമതിക്കാര്‍ക്കും നേട്ടമായി. അന്താരാഷ്ട്ര വില താഴ്ന്നു നില്‍ക്കുന്നത് പ്രാദേശിക വില ഉയരുന്നതിന് വിലങ്ങുതടിയാകും.
റബര്‍ബോര്‍ഡിന്റെ വിലനിലവാരത്തില്‍ ആര്‍.എസ്.എസ്4 ഗ്രേഡിന് 188 രൂപയാണ് വില. എന്നാല്‍ ചെറുകിട കച്ചവടക്കാര്‍ 180-183 നിരക്കിലാണ് ചരക്ക് ശേഖരിക്കുന്നത്. പ്രാദേശികമായി ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും വലിയ റിസ്‌കെടുക്കാന്‍ കച്ചവടക്കാരും താല്പര്യം കാണിക്കുന്നില്ല. ടയര്‍ കമ്പനികള്‍ വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പ്രവണത തുടരുകയാണ്.
അന്താരാഷ്ട്ര വില ഒരാഴ്ച മുമ്പുവരെ 210 രൂപയ്ക്ക് അടുത്തായിരുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 13 രൂപയോളമാണ് വിലയില്‍ താഴ്ചയുണ്ടായത്. ചൈനയില്‍ നിന്നടക്കം ഡിമാന്‍ഡ് ഉയരാത്തതാണ് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

തോട്ടങ്ങളില്‍ ടാപ്പിംഗ് കുറഞ്ഞു

കേരളത്തിലെ സിംഹഭാഗം തോട്ടങ്ങളിലും ടാപ്പിംഗ് അവസാനഘട്ടത്തിലാണ്. ചെറുതും വലുതുമായ തോട്ടങ്ങളില്‍ മണ്‍സൂണ്‍ കാലത്ത് ടാപ്പിംഗ് ആരംഭിച്ചിരുന്നു. വില കൂടി നിന്നതാണ് തോട്ടങ്ങള്‍ നേരത്തെ സജീവമാകാന്‍ കാരണം. കേരളത്തില്‍ നിന്നുള്ള ചരക്ക് വരവ് ജനുവരിയോടെ പകുതിയോളം കുറയും. വില കുറഞ്ഞതോടെ നേരത്തെ ടാപ്പിംഗ് നിര്‍ത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
Tags:    

Similar News