സൈബര്‍ ആക്രമണം: കൂടംകുളം റിയാക്ടറുകള്‍ സുരക്ഷിതമെന്ന് എന്‍പിസിഐഎല്‍ ചെയര്‍മാന്‍

Update: 2019-11-06 06:56 GMT

തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയ റിയാക്ടറുകളുടെ സുരക്ഷ സംബന്ധിച്ച് യാതൊരു വിധ ആശങ്കകളും വേണ്ടെന്ന് അധികൃതര്‍. അതീവസുരക്ഷിതമായ കംപ്യൂട്ടര്‍ ശൃംഖലയില്‍ സൈബര്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ആണവോര്‍ജ വകുപ്പിനു കീഴിലുള്ള ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐഎല്‍) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എസ്.കെ ശര്‍മ്മയുടെ പ്രതികരണം.

ഹരിയാന സ്വദേശിയായ പുഖ്‌രാജ് സിങ് എന്ന സൈബര്‍ വിദഗ്ധനാണു നുഴഞ്ഞുകയറ്റമുണ്ടായതായി ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്.ശൃംഖലയില്‍ ആക്രമണം അസാധ്യമെന്നായിരുന്നു ആദ്യദിവസം കൂടംകുളം നിലയത്തിന്റെ ഔദ്യോഗിക വിശദീകരണം.എന്നാല്‍, സെപ്റ്റംബര്‍ നാലിനു തന്നെ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി) വിഷയം അറിയിച്ചിരുന്നതായി പിന്നീട് എന്‍പിസിഐഎല്‍ സമ്മതിച്ചു.

ഭരണപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു കംപ്യൂട്ടര്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരുന്നു. ഇതുവഴിയാണ് അപകടകരമായ മാല്‍വെയര്‍ കയറിയത്. നിലയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്നാണു വിശദീകരണം. ഉത്തര കൊറിയയിലെ ലസാറസ് ഹാക്കിങ് സംഘം വികസിപ്പിച്ച ഡിട്രാക് എന്ന വൈറസാണ് കൂടംകുളത്തു കണ്ടെത്തിയതെന്നാണു സൂചന. ഡിട്രാക് ആക്രമണത്തിലൂടെ ഒരു കംപ്യൂട്ടറിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയും.

2018 ല്‍ എടിഎമ്മുകളില്‍ നിന്നു കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ച എടിഎം ഡിട്രാക് എന്ന മാല്‍വെയറിന്റെ വകഭേദമാണ് ഇപ്പോഴത്തെ ഡിട്രാക്. ഒരു മാസത്തിനിടെ ഇന്ത്യയിലെ വിവിധ സാമ്പത്തിക സ്ഥാപനങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലും ഡിട്രാക്കിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. 2017 ല്‍ ലോകത്തെ നടുക്കിയ 'വാനാക്രൈ' റാന്‍സംവെയര്‍ ആക്രമണത്തിനു പിന്നിലെ പ്രോഗ്രാമിങ് കോഡുകളുടെ സ്രഷ്ടാക്കളെന്നു കരുതപ്പെടുന്നത് ലസാറസ് സംഘമാണ്.

2010 ല്‍ ഇറാനിലെ നെയ്തന്‍സ് ആണവനിലയത്തെ തകര്‍ത്തത് സ്റ്റക്‌സ്‌നെറ്റ് എന്ന വൈറസായിരുന്നു. യുറേനിയം സമ്പുഷ്ടീകരണത്തിനായി ഉപയോഗിച്ചിരുന്ന ആയിരത്തോളം സെന്‍ട്രിഫ്യൂജുകളാണു നശിപ്പിക്കപ്പെട്ടത്. ഇന്റര്‍നെറ്റുമായി ബന്ധമില്ലാതിരുന്ന ശൃംഖലയിലെ കംപ്യൂട്ടറില്‍ പെന്‍ഡ്രൈവ് വഴിയാണ് സ്റ്റക്‌സ്‌നെറ്റ് അന്നു കയറിക്കൂടിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News